സമയവും സന്ദര്‍ഭവും നോക്കി തരാതരത്തിന് കള്ളങ്ങള്‍ പടച്ചുവിടാനും വാട്സാപ്പ് യൂണിവേഴ്സിറ്റികള്‍ വഴി അത് പ്രചരിപ്പിച്ച് നേട്ടം കൊയ്യാനും ബിജെപിയെ പോലം കളിയറിഞ്ഞ് കളത്തിലിറങ്ങിയ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനമുണ്ടാകില്ല. മുസ്ലീങ്ങള്‍ക്ക് രാജ്യത്തെ സ്വത്ത് മുഴുവന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നല്‍കുമെന്ന് പറഞ്ഞു രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സാമുദായിക ധ്രൂവീകരണത്തിന് നേരിട്ടിറങ്ങിയ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാക്കളോട് കാണിക്കുന്ന കടുപ്പം ഭരണപക്ഷത്തോട് കാണിക്കാതെ മയപ്പെടുന്ന തിരഞ്ഞെടുപ്പ് കമ്മീഷന് പോലും രാജ്യത്ത് സ്വാഭാവിക കാഴ്ചയായി മാറി കഴിഞ്ഞു. എന്ത് പറഞ്ഞാലും അവസരത്തിനൊത്ത് നിറവും കളവും മാറി കളിക്കാനുള്ള ബിജെപി നേതാക്കളുടേയും ബിജെപി ഐടി സെല്ലിന്റേയും ചടുലതയും കൂര്‍മ്മ ബുദ്ധിയും പക്ഷേ അഭിനന്ദിക്കാതിരിക്കാന്‍ തരമില്ലാത്തവയാണ്. അത്ര ആസൂത്രണത്തോടെയാണ് ചില അജണ്ടകളും വാര്‍ത്തകളും ബിജെപി സാധാരണക്കാര്‍ക്ക് മുന്നില്‍ വലിയ സത്യമാക്കി ചമയ്ക്കുന്നത്.
പലപ്പോഴും തിരിച്ചടിക്കാന്‍ കഴിയാത്ത ബിജെപി ഐടി സെല്‍ നിര്‍മ്മിത വാര്‍ത്തകളിലും വ്യാജ പ്രചരണങ്ങളിലും അസ്ത്രപ്രജ്ഞരായി നില്ക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ കാഴ്ച രാജ്യത്തിന് പതിവുമാണ്. കോണ്‍ഗ്രസ് പ്രകടന പത്രികയിലുള്ള സാമ്പത്തിക സര്‍വ്വേയെ മറ്റൊരു തരത്തില്‍ ഗണിച്ചെടുത്ത് തിരഞ്ഞെടുപ്പിനുള്ള ആയുധമാക്കി മൂര്‍ച്ച കൂട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കോണ്‍ഗ്രസ് വന്നാല്‍ നിങ്ങളുടെ അമ്മ പെങ്ങന്മാരുടെ കെട്ടുതാലി വരെ കണക്കെടുത്ത് പൊട്ടിച്ചെടുക്കുമെന്നും അവര്‍ അവരുടെ വോട്ട് ബാങ്കായ മുസ്ലീങ്ങള്‍ക്ക് അത് വീതിച്ചു നല്‍കുമെന്നും പറഞ്ഞു ഭൂരിപക്ഷ സമുദായത്തെ വിറളി പിടിപ്പിക്കാന്‍ നോക്കിയത് നരേന്ദ്ര മോദിയാണ്. എസ് സി- എസ്ടി/ ഒബിസി സംവരണം പോലും മുസ്ലീങ്ങള്‍ക്ക് പിടിച്ചെടുത്ത് കോണ്‍ഗ്രസ് നല്‍കുമെന്ന് വരെ പറഞ്ഞു പച്ചയായ വര്‍ഗീയത പരത്തി വോട്ടുപിടിക്കാന്‍ പ്രധാനമന്ത്രിയും കൂട്ടരും ശ്രമിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നോക്കുകുത്തിയായി.
തങ്ങളുടെ പ്രകടനപത്രികയുടെ പേരും സാം പിത്രോദ എന്ന മുതിര്‍ന്ന കോണ്‍ഗ്രസുകാരന്റെ വാക്കുകളും കൂട്ടുപിടിച്ച് യുഎസിലെ ഇന്‍ഹെരിറ്റന്‍സ് ടാക്സും കൂട്ടിച്ചേര്‍ത്ത് കോണ്‍ഗ്രസിനെ ഭൂരിപക്ഷ സമുദായത്തിന് മുന്നില്‍ അപരാധിയാക്കാന്‍ ബിജെപി ശ്രമിച്ചപ്പോഴും പ്രത്യാക്രമണത്തിന് കഴിയാത്ത വിധം കോണ്‍ഗ്രസ് തളരുന്ന കാഴ്ച കണ്ടു. ഉത്തര്‍പ്രദേശില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ 80ല്‍ വെറും 17 സീറ്റില്‍ എസ്പിയുമായുള്ള സഖ്യത്തില്‍ മല്‍സരിക്കുന്നതിലേക്ക് ചുരുങ്ങിയ കോണ്‍ഗ്രസിന് അമേഠിയിലും റായ്ബറേലിയിലും പോലും അവസാന ദിവസ തീരുമാനങ്ങള്‍ പേടിച്ചെടുക്കേണ്ട ഗതിയായി. അമേഠിയില്‍ മല്‍സരിക്കാതെ റായ്ബറേലിയിലേക്ക് ഓടിയ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മോദിയും കൂട്ടരും പ്രചാരണം കടുപ്പിക്കുമ്പോള്‍ മാറ്റത്തിന് പിന്നില്‍ മറുപടിയില്ലാതെ നില്‍ക്കുകയാണ് കോണ്‍ഗ്രസ്.
തമിഴ്നാട്ടിലേയും കേരളത്തിലേയും ബിജെപി അധ്യക്ഷന്മാര് വരെ കട്ടയ്ക്ക് പരിഹസിച്ച അമേഠി പലായനം രാഹുല്‍ ഗാന്ധിയ്ക്ക് റായ്ബറേലിയിലും മാറാപ്പായി ചുമലിലുണ്ടാകും. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനുള്ള ഏക സിറ്റിംഗ് സീറ്റ് എന്ന മെച്ചത്തില് റായ്ബറേലിയില്‍ മല്‍സരിക്കുന്ന രാഹുല്‍ ഗാന്ധിയെ ഇപ്പോള്‍ പെങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്കാത്തവന് എന്ന പേര് കൂടി ചേര്‍ത്താണ് ബിജെപി ആക്രമിക്കുന്നത്. ഇത്രയും നാള് ആക്രമിച്ചത് കുടുംബവാഴ്ചയുടെ പേര് പറഞ്ഞായിരുന്നെങ്കില്‍ ഇപ്പോള്‍ ബിജെപി ഐടി സെല്‍ ആരേപിക്കുന്നത് അളിയന് റോബര്‍ട്ട് വദ്രയേയും പെങ്ങള് പ്രിയങ്കയേയും രാഹുല്‍ ഗാന്ധി സൈഡാക്കിയെന്ന് പറഞ്ഞാണ്. റായ്ബറേലിയില്‍ രാഹുല്‍ എത്തിയതോടെ കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കം എന്ന രീതിയില്‍ കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് എത്തിച്ച് പാര്‍ട്ടി അസ്ഥിരമാണെന്ന് കാണിക്കാനുള്ള തത്രപ്പാടിലാണ് മോദിയും ബിജെപി ഐടിസെല്ലും.
അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം കോണ്‍ഗ്രസിനുള്ളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ തീരുമാനത്തിലെ പുത്തന്‍ മാനങ്ങള്‍ കണ്ടുകൊണ്ടാണ്. ബിജെപിയുടെ ഐടി സെല്‍ വിഭാഗം തലവന്‍ അമിത് മാളവ്യ കോണ്‍ഗ്രസിനുള്ളില്‍ പ്രിയങ്ക ഗാന്ധി തഴയപ്പെടുന്നു, പാര്‍ട്ടി പിളരും എന്നിങ്ങനെയൊക്കെയുള്ള കഥകള്‍ പ്രചരിപ്പിക്കാനുള്ള ആദ്യഘട്ട വെടിപൊട്ടിച്ചു കഴിഞ്ഞു. നരേന്ദ്ര മോദി തുടക്കമിട്ട പെങ്ങളെ ഒതുക്കുന്ന രാഹുല്‍ ഗാന്ധി പരാമര്‍ശത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ക്യാമ്പ് പ്രിയങ്കയേയും റോബര്‍ട്ട് വദ്രയേയും പാര്‍ശ്വവല്‍ക്കരിക്കുന്നെന്ന് പറഞ്ഞുഅമിത് മാളവ്യയും ടീമും കളത്തിലിറങ്ങിയത്.
വദ്ര അമേഠി സീറ്റ് ആഗ്രഹിച്ചിട്ടും ഉത്തര്‍പ്രദേശില്‍ തനിക്കുള്ള പോപ്പുലാരിറ്റി വ്യക്തമാക്കിയിട്ടും അമേഠിയില്‍ വദ്രയെ രാഹുല്‍ ടീം പരിഗണിച്ചില്ലെന്ന് അമിത് മാളവ്യ എക്സിലൂടെ പറഞ്ഞത്. ഇതുവരെ ഗാന്ധി കുടുംബത്തിന്റെ കുടുംബവാഴ്ചയായിരുന്നു ബിജെപി പ്രചാരണത്തിന് തുറുപ്പു ചീട്ടായി ഉപയോഗിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘കുടുംബ’മില്ലായ്മയും ആശ്രിത രാഷ്ട്രീയമില്ലായ്മയും ഉയര്‍ത്തിക്കാട്ടുന്ന ആര്‍എസ്എസ്- സംഘപരിവാര്‍ സംഘങ്ങള്‍ക്ക് രാഹുല്‍ -പ്രിയങ്ക ബോണ്ടും സഹോദരങ്ങള്‍ക്കിടയിലെ സ്നേഹവും എപ്പോഴും കല്ലുകടി തന്നെയായിരുന്നു. സൈബറിടങ്ങളില്‍ പല രീതിയില്‍ രാഹുലും പ്രീയങ്കയും ഈ കാരണങ്ങളാല്‍ തന്നെ ആക്രമിക്കപ്പെട്ടിട്ടുമുണ്ട്. ഇപ്പോള്‍ കിട്ടിയ അവസരത്തില്‍ പ്രിയങ്കയെ രാഹുല്‍ അവഗണിക്കുകയാണെന്നും ഉടന്‍ തന്നെയവര്‍ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തുമെന്നും കോണ്‍ഗ്രസ് രണ്ട് തട്ടിലാകുമെന്നുമെല്ലാം പ്രചരണം ശക്തമാക്കി ആ ബന്ധത്തില്‍ വിള്ളലുണ്ടായതായി കാണിച്ചുകൂട്ടനുള്ള വെമ്പലിലാണ് ബിജെപി. പ്രിയങ്കയും വദ്രയുമെല്ലാം രാഷ്ട്രീയത്തില്‍ വരുമെന്നും തലമുറകളായുള്ള കുടുംബ വാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇല്ലാതാക്കുമെന്നെല്ലാം പണ്ടു പറഞ്ഞു നടന്നവര്‍ ഇപ്പോള്‍ അയ്യോ വദ്രയേയും പ്രിയങ്കയേയും ഒഴിവാക്കി അവഗണിക്കുന്നേ എന്നാണ് പറയുന്നത്.
പ്രിയങ്ക ഗാന്ധി ഉടന്‍ തന്നെ തന്റെ സഹോദരന്റെ നേതൃത്വത്തനെതിരെ കലാപ കൊടി ഉയര്‍ത്തുമെന്ന ഗൂഢാലോചനാ സിദ്ധാന്തവും ബിജെപി ഉയര്‍ത്തുന്നത് രാഹുല്‍ ബ്രിഗേഡിനെ ഒരു ഘട്ടത്തില്‍ എതിര്‍ത്ത ആളുകളെ ഒന്ന് ഊര്‍ജ്ജസ്വലമാക്കാനാണ്. രണ്ട് വിഭാഗമുണ്ടെന്നും ഇരുകൂട്ടരും തമ്മില്‍ പ്രശ്നമാണെന്നും കാണിച്ച് തിരഞ്ഞെടുപ്പ് കാലത്ത് മുതലെടുപ്പിനുള്ള വഴികളാണ് ബിജെപി ഐടി സെല്‍ ലക്ഷ്യം വെയ്ക്കുന്നത്. എന്നാല്‍ കൃത്യമായി ബിജെപി അജണ്ടകളെ പൊളിച്ചു കാണിക്കാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസ് കാണിക്കുന്നില്ലെന്നതാണ് വീണ്ടും വീണ്ടും ഉണ്ടയില്ലാ വെടിപൊട്ടിക്കാന്‍ മോദിയേയും ടീമിനേയും പ്രേരിപ്പിക്കുന്നത്.