എന്താണ് ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ ബില്‍?

ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന ഡിജിറ്റല്‍ പേഴ്‌സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ അഥവാ ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ ബില്ല് എന്താണ്?. രാജ്യം ഏറെ കാത്തിരുന്ന ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ ബില്ല് ഈ മണ്‍സൂണ്‍ കാല സമ്മേളനത്തില്‍ തന്നെ പാസാക്കിയെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. എല്ലാം ഡിജിറ്റലായ കാലത്ത് പൗരന്റെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കാനും വിവര ചോര്‍ച്ചയുണ്ടായാല്‍ കനത്ത പിഴയീടാക്കാനും അവസരമൊരുക്കുന്നതാണ് ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ ബില്ല്. എന്തിന് തന്റെ അനുവാദമില്ലാതെ തന്റെ വിവരങ്ങള്‍ ഉപയോഗിച്ചുവെന്ന് സ്വകാര്യ കമ്പനികളോട് ചോദിക്കാന്‍ പൗരന് അവകാശം നല്‍കുന്നതാണ് ബില്ല്.

ഒരു ‘ഡിജിറ്റല്‍ പൗരന്റെ’ അവകാശങ്ങള്‍ക്കും കടമകള്‍ക്കും പ്രാധാന്യം നല്‍കി ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമത്തിന്റെ ഒരു ചട്ടക്കൂടാണ് ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ ബില്ല്. ഒറ്റ വാചകത്തില്‍ ഇതാണ് ഡിജിറ്റല്‍ വ്യക്തിവിവര ബില്ല.

നമ്മുടെ ഫോണ്‍ നമ്പര്‍ ഒരു ആവശ്യവുമില്ലാതെ വാങ്ങി പരസ്യ പ്രചാരണത്തിനും മറ്റും ഉപയോഗിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ ഈ ബില്ല് നിയമമാകുന്നതോടെ സാധ്യമാകും. സമൂഹമാധ്യമങ്ങള്‍ മുതല്‍ ബാങ്കുകള്‍വരെ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ എന്തിന് ഉപയോഗിക്കുന്നുവെന്ന് ആ വ്യക്തിയെ അറിയിക്കേണ്ടി വരും. വ്യക്തിവിവരം ശേഖരിക്കുമ്പോള്‍ ഓരോന്നിന്റെയും ഉദ്ദേശ്യം ഉപയോക്താവിനെ അറിയിച്ച് അനുമതി വാങ്ങണമെന്ന് ചുരുക്കം. വ്യക്തികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഈ അനുമതി റദ്ദാക്കാനും സാധിക്കുന്ന തരത്തിലാണു പുതിയ നിയമത്തിന്റെ കരട്. വിവരച്ചോര്‍ച്ചയുണ്ടായാല്‍ കോടികള്‍ സ്വകാര്യ സ്ഥാപനങ്ങളടക്കം പിഴ നല്‍കണ്ടേി വരും.

പക്ഷേ സര്‍ക്കാരുകള്‍ക്ക് വിവിധ സേവനങ്ങള്‍, സബ്‌സിഡി, ലൈസന്‍സ് തുടങ്ങിയവയ്ക്കായി പൗരന്മാര്‍ നല്‍കുന്ന വ്യക്തിവിവരങ്ങള്‍ മറ്റ് പദ്ധതികള്‍ക്കോ സേവനങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കാന്‍ അധികാരം ബില്‍ നല്‍കുന്നുണ്ട്.

പെന്‍ഷന്‍ ആവശ്യത്തിനായി സര്‍ക്കാര്‍ വെബ്‌സൈറ്റിലോ ആപ്പിലോ റജിസ്റ്റര്‍ ചെയ്യുന്ന വ്യക്തിയുടെ വിവരങ്ങള്‍ അവര്‍ മറ്റേതെങ്കിലും ആനുകൂല്യത്തിന് അര്‍ഹരാണോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാരിന് ഉപയോഗിക്കാമെന്ന തരത്തിലാണ് ബില്ല്. സര്‍ക്കാരിന്റെ പക്കലുള്ള വ്യക്തിവിവരങ്ങളും ഇത്തരത്തില്‍ ഉപയോഗിക്കാന്‍ സര്‍ക്കാരിന് കഴിയും. എന്നാല്‍ പക്കലുള്ള വിവരങ്ങള്‍ ഉപയോക്താവിന്റെ അനുവാദമില്ലാതെ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല.

നിലവിലെ ഡ്രാഫ്റ്റില്‍ ‘വ്യക്തിഗത ഡാറ്റ’യുടെ നിര്‍വചനം വളരെ ലളിതമാക്കിയിട്ടുണ്ട്. ഒരു വ്യക്തിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഏതെങ്കിലും വിവരം എന്നാണ് വ്യക്തിവിവരത്തെ നിര്‍വ്വചിച്ചിരിക്കുന്നത്.

വിവരാവകാശ അപേക്ഷയ്ക്ക് ഇനി വ്യക്തിവിവരങ്ങള്‍ മറുപടിയായി ലഭിക്കില്ല. വിവരസുരക്ഷാ ബില്‍ വരുന്നതിന്റെ ഭാഗമായി വിവരസുരക്ഷാ നിയമത്തിലെ എട്ടാം വകുപ്പില്‍ ഭേദഗതി ചെയ്യും. നിയമം നടപ്പാക്കുന്നതിനായി ഡേറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി നിലവില്‍ വരും. അപ്പീലുകള്‍ ടെലികോം തര്‍ക്കപരിഹാര അപ്‌ലറ്റ് ട്രൈബ്യൂണലുകള്‍ പരിഗണിക്കും.

സുപ്രീം കോടതി സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച് ആറ് വര്‍ഷത്തിന് ശേഷമാണ് സ്വകാര്യതാ നിയമനിര്‍മ്മാണത്തിന് രൂപം നല്‍കാനുള്ള ഇന്ത്യയുടെ രണ്ടാമത്തെ ശ്രമം 2023 ലെ കരട് ഡിപിഡിപി ബില്ലിലൂടെ പ്രാവര്‍ത്തികമാകുന്നത്. ലോകത്തിലെ വമ്പന്‍ ടെക് കമ്പനികളുടെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ നിര്‍ണായകമായ നീക്കമാകും ബില്‍ നിയമമായി പ്രാബല്യത്തില്‍ വന്നാലുണ്ടാവുക.

ഒരു ഡാറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും, ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ല് കേന്ദ്രത്തിന് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ അനുവദിച്ചു നല്‍കുന്നുണ്ടെന്നത് മറക്കാനാവില്ല. കേന്ദ്രം ആവശ്യപ്പെടുന്നത് പോലെ’ വിവരങ്ങള്‍ നല്‍കാന്‍ ഏതൊരു സ്ഥാപനത്തിനും നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതാണ് ബില്ല്.