ആധുനിക ശാസ്ത്രത്തിന് ബദലായോ അല്ലെങ്കില്‍ അതുതന്നെയായോ സമാന്തരപ്പെടുത്തിക്കൊണ്ട് വേദഗണിതങ്ങളെയും വേദിക് സയന്‍സിനെയും മുന്നോട്ടുവെക്കുന്ന സമീപനമാണ് സംഘപരിവാര്‍ ബുദ്ധിജീവികള്‍ സ്വീകരിച്ചിരിക്കുന്നത്. അവ എത്തിച്ചേരുന്ന നിഗമനങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ആധുനികശാസ്ത്രം സൂചിപ്പിക്കുന്ന;
“പദാര്‍ഥം എന്നത് ബ്രഹ്‌മത്തിനെയാണ്”.
“ഊര്‍ജം എന്നത് പ്രജ്ഞയാണ്”.
“ഇലക്ട്രിക്കല്‍ ചാര്‍ജസിനെയാണ് വേദങ്ങളില്‍ ഗുണ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്”.
ആധുനിക ശാസ്ത്രം ആവശ്യപ്പെടുന്ന അനുഭവവേദ്യപരമായ തെളിവുകളുടെയോ പരീക്ഷണ-നിരീക്ഷണങ്ങളുടെയോ യാതൊരു പിന്‍ബലവുമില്ലാത്ത, ഊഹാപോഹങ്ങളെയും വെളിപാടുകളെയും അടിസ്ഥാനമാക്കിയുള്ള ഇത്തരം കേവല പ്രസ്താവനകളെ വിദ്യാഭ്യാസ പദ്ധതികളിലേക്കും തിരുകിക്കയറ്റി വിടുക എന്ന ദൗത്യമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുുകളെങ്കിലും അങ്ങേയറ്റം കൗശലത്തോടെ സംഘപരിവാര്‍ രാഷ്ട്രീയ ശക്തികള്‍ ചെയ്തുവരുന്നത്. ബൗദ്ധികതലത്തില്‍ ഇത്തരത്തിലുള്ള പശ്ചാത്തല സംവാദങ്ങളും പ്രബന്ധരചനകളും തകൃതിയായി നടത്തുമ്പോള്‍തന്നെ പ്രായോഗിക തലത്തില്‍ സാധ്യമായ എല്ലാ ഇടപെടലുകളും അവര്‍ നടത്തിവരുന്നുണ്ട്. ഇവയൊന്നും ഫലപ്രദമായി പ്രതിരോധിക്കപ്പെടാതെ പോകുന്നു എന്നതാണ് ഇന്ന് സമൂഹത്തിന്റെ മുന്നിലുള്ള സുപ്രധാനമായ വെല്ലുവിളി.
ആധുനികശാസ്ത്രത്തിനെതിരെ ഇന്ത്യയിലെ ഒരുവിഭാഗം ബുദ്ധിജീവികളും ഹിന്ദുത്വ ശക്തികളും വാദമുഖങ്ങളും പ്രായോഗിക ഇടപെടലുകളുമായി മുന്നോട്ടുവരുമ്പോള്‍ അതിനെ ചെറുക്കുന്നതിന് ഇന്ത്യയിലെ ശാസ്ത്രസമൂഹം എത്രമാത്രം തയാറാകുന്നുണ്ട് എന്നുകൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. വരള്‍ച്ചക്കെടുതി ബാധിച്ച ഇന്ത്യയിലെ ഒട്ടനവധി സംസ്ഥാനങ്ങളില്‍ മഴക്കുവേണ്ടി യാഗങ്ങളും യജ്ഞങ്ങളും മൃഗങ്ങളുടെ വിവാഹങ്ങളുമൊക്കെ സംഘടിപ്പിച്ചത് സര്‍ക്കാര്‍ സഹായങ്ങളോടെയായിരുന്നു.
ഇതോടൊപ്പം തന്നെ ശാസ്ത്ര പഠനങ്ങളില്‍ നിന്ന് അടിസ്ഥാന ശാസ്ത്ര സിദ്ധാന്തങ്ങള്‍ നീക്കം ചെയ്യുകയും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ശാസ്ത്ര ഗവേഷണങ്ങള്‍ക്കുള്ള ഫണ്ടുകള്‍ വെട്ടിക്കുറിച്ചും തങ്ങളുടെ വിശ്വാസാധിഷ്ഠിതമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പകരം വെക്കാനാണ് സംഘപരിവാര്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം നിര്‍ബന്ധിത പാഠ്യ പദ്ധതിയുടെ ഭാഗമല്ലെന്ന് കാണാം. ജീവന്റെ ഉദ്ഭവം വിശദീകരിക്കുന്ന, പ്രകൃതി നിര്‍ദ്ധാരണ പ്രക്രിയയുടെ അങ്ങേത്തലക്കല്‍ മനുഷ്യനും കുരങ്ങള്‍ക്കും തമ്മില്‍ ഒരു പൊതു പൂര്‍വ്വികനെ കണ്ടെത്താമെന്ന പരിണാമ സിദ്ധാന്തം ഇന്ന് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ടെന്നും സവിശേഷ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇന്ന് പരിണാമ സിദ്ധാന്തം പഠിക്കുന്നുള്ളുവെന്നും ഉള്ള സംഗതിയെ നാം ഇപ്പോഴും ഗൗരവത്തിലെടുത്തിട്ടില്ല. കോവിഡ് മഹാമാരിക്കാലത്തെ ക്ലാസ് അടച്ചുപൂട്ടലിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ജോലിഭാരം ലഘൂകരിക്കുവാനെന്ന വ്യാജേന സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള ചുമതലയുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗിന്റെ തീരുമാനമായിരുന്നു ഇത്. ചരിത്രം, പരിസ്ഥിതി, സമൂഹം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലെ ഡസന്‍ കണക്കിന് പരിഷ്‌കരണങ്ങള്‍ക്കൊപ്പമായിരുന്നു ഇതും. രാജ്യം ഭരിക്കുന്ന ഹിന്ദു ദേശീയവാദികള്‍ക്ക് അനുയോജ്യമല്ലാത്ത എന്തും സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും പാഠ്യപദ്ധതിയിയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്ന കാലംതൊട്ട് ശാസ്ത്രീയ പഠനങ്ങളെയും ഗവേഷണങ്ങളെയും ഇന്ത്യന്‍ മിഥോളജിയുമായി ബന്ധപ്പെടുത്താനുള്ള ശ്രമങ്ങള്‍ കൂടുതല്‍ സജീവമായി എന്നുപറയാം. ഗവേഷണ- വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ പുതിയ ഏതാനും മേഖലകളിലേക്ക് കൂടി തിരിച്ചുവിടാന്‍ തുടങ്ങി. നിലവില്‍ ഗവേഷണ-വികസന (Research & Development-R&D) മേഖലകളിലേക്കുള്ള ഇന്ത്യയുടെ ബജറ്റ് വകയിരുത്തല്‍ യുഎസ്, റഷ്യ, ചൈന, ജാപ്പാന്‍ തുടങ്ങിയ രാജ്യങ്ങളേക്കാളും ഏറെ താഴെയാണ്. രാജ്യത്തിന്റെ ആഭ്യന്തര മൊത്തോല്‍പ്പാദനത്തിന്റെ 0.7% മാത്രമാണ് R&D മേഖലയ്ക്കായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി നീക്കിവെക്കപ്പെടുന്നത്. ഈ തുക എത്രമാത്രം കുറവാണ് എന്ന് മനസ്സിലാകണമെങ്കില്‍ ഇതര രാജ്യങ്ങളുമായി ഒരു താരതമ്യം നടത്തുന്നത് നന്നായിരിക്കും. യുഎസ് (2.8), ചൈന (2.1), ഇസ്രായേല്‍ (4.3), കൊറിയ (4.2) എന്നീ രാജ്യങ്ങള്‍ അവരവരുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 2.8 മുതല്‍ 4.3 വരെ ശതമാനമാണ് ചെലവഴിക്കുന്നത്.
ഗവേഷണ-വികസന മേഖലയിലെ മാന്ദ്യത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തന്നെ ആസൂത്രണ വിഭാഗമായ നീതി ആയോഗ് ആശങ്കപ്പെടുകയും അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ്യത്തെ 350ഓളം മുന്‍നിര ഗവേഷണ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ കാണാതെ പോകുകയും ചര്‍ച്ചയില്‍ വരാതെ നോക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്. ഗവേഷണ-വികസന മേഖലകളിലെ ധന വിനിയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരുവേള പരിഹരിക്കാന്‍ സാധിച്ചാല്‍ തന്നെയും ആധുനിക ശാസ്ത്ര ഗവേഷണങ്ങളോടുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ സ്വീകരിച്ചിരിക്കുന്ന പ്രത്യയശാസ്ത്ര നിലപാടുകള്‍ അങ്ങേയറ്റം ഗുരുതരവും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നവയുമാണ് എന്ന കാര്യം തിരിച്ചറിയേണ്ടത് പ്രധാനമാണ്.
(അവസാനിച്ചു)