ആന്ധ്രയില്‍ മുഖ്യമന്ത്രി കസേര പോയതും പിന്നാലെ തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പും എല്ലാം ചേര്‍ന്ന് ആകെ പ്രശ്‌നത്തിലായ ജഗന്‍ മോഹന്‍ റെഡ്ഡി വീണ്ടും വിവാദങ്ങളുടെ ചുഴിയിലാണ്. ചന്ദ്രബാബു നായിഡു ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയപ്പോഴും ബിജെപിയോട് സ്‌നേഹം നിലനിര്‍ത്തി പോരുന്ന ആന്ധ്രയിലെ പ്രതിപക്ഷ നേതാവ് നായിഡുവിനെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുതെന്ന് പറഞ്ഞു ബിജെപിയ്ക്ക് കത്തയക്കാന്‍ പോലും മടിയ്ക്കാത്ത ആളാണ്. പക്ഷേ കാര്യങ്ങള്‍ ഒന്നും തന്റെ വഴിക്കാവാത്ത അവസ്ഥയിലാണ് ഒരു പറ്റം കത്തുകള്‍ വീണ്ടും ജഗന്‍ റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതത്തില്‍ വീണ്ടും ചര്‍ച്ചയാവുന്നത്. സഹോദരി വൈഎസ് ശര്‍മ്മിളയുമായുള്ള സ്വത്ത് തര്‍ക്കമാണ് വീണ്ടും ആന്ധ്രാ രാഷ്ട്രീയത്തില്‍ ചെളിവാരിയെറിയുന്നത്.
ആന്ധ്രാപ്രദേശില്‍ ഏവരും ബഹുമാനിക്കുന്ന കോണ്‍ഗ്രസ് നേതാവ് വൈഎസ്ആര്‍ എന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ കുടുംബത്തിലെ സ്വത്ത് തര്‍ക്കം കോടികളുടേതാണ്. അത് പുറത്തേക്ക് വന്നു അമ്മയുടെ ഓഹരിക്കായി മക്കള്‍ തമ്മില്‍ ചെളിവാരി എറിയുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലായി ആന്ധ്രയിലെ ചര്‍ച്ച. 100 കോടിയിലധികം വരുന്ന സ്വത്തുക്കളിലെ അവകാശ തര്‍ക്കം ഇപ്പോള്‍ നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണലിന് മുന്നിലുമെത്തിയിട്ടുണ്ട്. ബെംഗളൂരു പ്രാന്തപ്രദേശമായ യെലഹങ്കയിലെ 20 ഏക്കര്‍ ഭൂമിയും സ്വത്ത് തര്‍ക്കാത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡിയും സഹോദരി വൈ.എസ്. ശര്‍മിളയും തമ്മിലുള്ള സ്വത്തുതര്‍ക്കം നിയമപോരാട്ടത്തിലേക്കു നീങ്ങിയത് അമ്മ വൈ.എസ്. വിജയമ്മയ്ക്കും ശര്‍മിളയ്ക്കുമെതിരെ നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ അഥവാ എന്‍സിഎല്‍ടിയില്‍ ജഗന്‍ ഹര്‍ജി നല്‍കിയതോടെയാണ്.
അമ്മ വൈഎസ് വിജയമ്മ സരസ്വതി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികള്‍ തന്റെ ഇഷ്ടത്തിന് മുന്‍ ധാരണ മാനിക്കാതെ ശര്‍മ്മിളയ്ക്ക് കൈമാറിയതാണ് ജഗനെ ചൊടിപ്പിച്ചത്. ജഗന്‍ മോഹന്‍ റെഡ്ഡിയും ഭാര്യ ഭാരതി റെഡ്ഡിയും എന്‍സിഎല്‍ടിയില്‍ ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള സരസ്വതി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ വളര്‍ച്ചയില്‍ തങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നാണ് ജഗനും ഭാര്യ ഭാരതി റെഡ്ഡിയും വാദിക്കുന്നത്. സെപ്റ്റംബര്‍ പത്തിനാണ് ഇരുവരും എന്‍സിഎല്‍ടിയില്‍ ഹര്‍ജി നല്‍കിയത്. വൈ.എസ്. വിജയമ്മ തന്റെ ഓഹരി മകള്‍ ശര്‍മിളയ്ക്കു നല്‍കാന്‍ തീരുമാനിച്ചുവെന്നും എന്നാല്‍ ഇത് തനിക്ക് അവകാശപ്പെട്ടതാണെന്നും താനാണ് ഇത് അമ്മയ്ക്ക് സമ്മാനമായി നല്‍കിയതെന്നുമാണ് ജഗന്‍ വാദിക്കുന്നത്. ഇത് തനിക്ക് തിരിച്ചു നല്‍കുമെന്ന ധാരണയില്‍ കൈമാറ്റം നടന്നതാണെന്നും എന്നാല്‍ തനിക്ക് അവകാശപ്പെട്ടത് സഹോദരി അമ്മയുടെ കയ്യില്‍ നിന്ന് തന്നെ ചതിച്ച് തട്ടിയെടുക്കുകയാണെന്നുമാണ് ജഗന്റെ ആരോപണം. ഈ ഓഹരികള്‍ തനിക്ക് തിരിച്ച് പഴയതുപോലെ കിട്ടണമെന്നാണ് ജഗന്റെ വാദം. ഹര്‍ജിയില്‍ ബന്ധപ്പെട്ട വ്യക്തികള്‍ക്ക് ട്രൈബ്യൂണല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. കേസ് നവംബര്‍ 8ന് പരിഗണിക്കും.
ഓഹരിയുമായി ബന്ധപ്പെട്ട് നേരത്തെ ഇരുവരും തമ്മിലെത്തിച്ചേര്‍ന്ന ധാരണാപത്രത്തെ ബഹുമാനിക്കാതെയുള്ള നീക്കങ്ങളാണ് ശര്‍മിള ഇപ്പോള്‍ നടത്തുന്നതെന്ന് ജഗന്‍ ആരോപിക്കുമ്പോള്‍ അന്തരിച്ച വൈ.എസ്. രാജശേഖര്‍ റെഡ്ഡിയുടെ ആഗ്രഹ പ്രകാരം നാലു കൊച്ചുമക്കള്‍ക്കായി സ്വത്തുക്കള്‍ തുല്യമായി പങ്കുവയ്ക്കണമെന്നതു നടപ്പാക്കുന്നില്ലെന്നാണ് ശര്‍മിളയുടെ ആരോപണം.
പരസ്പരം ഇരുവരും അയച്ച കത്തുകളും മറുപടിയുമെല്ലാം സഹോദര ബന്ധം മോശമായതിന്റെ നേര്‍ചിത്രമാണ്. ഇരുവരും തമ്മിലുള്ള സഹോദരബന്ധത്തിന്റെ ഊഷ്മളത നഷ്ടമായെന്നു ജഗനും ഒരു കത്തില്‍ വ്യക്തമാക്കുന്നുണ്ട്. വൈഎസ്ആറിന്റെ മരണശേഷം ജഗന്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞപ്പോഴും പുതിയ പാര്‍ട്ടി വൈഎസ്ആര്‍സിപി ഉണ്ടാക്കിയപ്പോഴും ജഗനെ ജയിലിലാക്കപ്പെട്ടയപ്പോഴും താങ്ങായി നിന്നത് ശര്‍മ്മിളയാണ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ജഗന്‍ തടവറയില്‍ കിടന്നപ്പോള്‍ അമ്മ വൈഎസ് വിജയമ്മയും സഹോദരി വൈഎസ് ശര്‍മിളയും വൈഎസ്ആര്‍സിപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുകയും തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുകയും ചെയ്തിരുന്നു. ശര്‍മ്മിളയുടെ 3000 കിലോമീറ്റര്‍ ദൂരം പദയാത്രയാണ് ജഗന് അനുകൂലമായി ജനമനസ് ഉറപ്പിച്ചു നിര്‍ത്തിയത്.് പിന്നാലെ മുഖ്യമന്ത്രി കസേരയില്‍ വൈഎസ്ആറിന്റെ പുത്രനെ എത്തിക്കുന്നതിനും കാരണക്കാരിയായതും സഹോദരി ശര്‍മ്മിളയായിരുന്നു. പക്ഷേ അധികാരത്തിലേറിയപ്പോള്‍ ജഗന്‍, ശര്‍മ്മിളയെ അടക്കം പലരേയും അധികാര ഇടനാഴിയില്‍ ഒഴിവാക്കി നിര്‍ത്താന്‍ ശ്രമിച്ചു. രാഷ്ട്രീയത്തില്‍ കഴിവ് തെളിയിച്ച ശര്‍മ്മിള അങ്ങനെയാണ് സഹോദരനുമായി തെറ്റിപ്പിരിഞ്ഞത്. പിന്നീട് വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി രൂപീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിലേക്ക് പാര്‍ട്ടി ലയിച്ചു. ആന്ധ്ര പ്രദേശ് കോണ്‍ഗ്രസിന്റെ അധ്യക്ഷയായി ചുമതലയേറ്റെടുത്തു. പിന്നാലെ കടപ്പ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് അടപടലം തോറ്റ ആന്ധ്ര തിരഞ്ഞെടുപ്പില്‍ ശര്‍മ്മിളയ്ക്കും കനലൊരു തരിയാകാനായില്ല.