രാഹുല്‍ ഗാന്ധിയ്ക്ക് പിന്നിലെ ആ ഫോട്ടോയും സംഘപരിവാര്‍ പ്രചാരണവും; 'പൂണൂല്‍ധാരി' രാഹുലിന്റെ മുറിയിലെ ക്രിസ്തു, ഒരു ചിത്രം ഫാക്ട് ചെക്ക് വരെയെത്തിച്ച മോദി കാലം

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മുറിയും അതിലെ ഒരു ഫോട്ടോയുമാണ് സംഘപരിവാരത്തിന്റെ ഒരു പ്രചാരണ ആയുധം. ജൂണ്‍ 1ന് 7ാം ഘട്ടത്തോടെ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിയും. പിന്നീട് ജൂണ്‍ നാലിന്റെ രാജ്യം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന വോട്ടെണ്ണല്‍ പ്രഖ്യാപനമാണ് ഏവരും കാത്തിരിക്കുന്നത്. അതിന്റെ ഇടയിലാണ് 7ാം ഘട്ട വോട്ടെടുപ്പിലെ പ്രചാരണത്തിന് രാഹുല്‍ ഗാന്ധിയുടെ മുറിയും ഒരു ചിത്രവും സാമുദായിക ധ്രുവീകരണത്തിന് ആയുധമായി ബിജെപിയും സംഘപരിവാരവും ഉപയോഗിക്കുന്നത്.

ആറാം ഘട്ട വോട്ടെടുപ്പില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ന്യൂഡല്‍ഹിയില്‍ വോട്ട് ചെയ്തതിന് ശേഷം പുറത്തുവിട്ട സെല്‍ഫിയാണ് സംഘപരിവാര്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ഉപയോഗിച്ചത്. രാഹുല്‍ ഗാന്ധി സെല്‍ഫി പങ്കുവെച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. പിന്നാലെ രാഹുലിന്റെ മുറിയില്‍ ജീസസ് ക്രൈസ്റ്റിന്റെ ചിത്രമെന്ന നിലയില്‍ ആ സെല്‍ഫി സംഘ് ഹാന്‍ഡിലുകളില്‍ പ്രചാരം നേടി. യേശു ക്രിസ്തുവിന്റെ ചിത്രമാണ് ‘ജനൗധാരി രാഹുലിന്റെ’ മുറിയിലുള്ളതെന്ന നിലയില്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പരുന്നു. ജനൗധാരി എന്നാല്‍ പൂണൂല്‍ധാരി എന്നാണ് അര്‍ത്ഥം, രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ കാലങ്ങളായി സംഘപരിവാര്‍ ഉപയോഗിക്കുന്ന ഒരു പദമാണ് ‘ജനൗധാരി രാഹുല്‍ എന്നത്’. സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളും മോദി ഗോദി മീഡിയയുമെല്ലാം രാഹുലിനെ ചര്‍ച്ചകളിലടക്കം ഈ പേര്‍ വിളിച്ച് പരിഹസിക്കാറുണ്ട്.

രാഹുല്‍ ഗാന്ധിയുടെ സെല്‍ഫിയില്‍ മുറിയ്ക്ക് പിന്നിലെ ചിത്രം യേശു ക്രിസ്തുവിന്റേതാണെന്നും ആ മുറിയില്‍ മറ്റൊരു ഹിന്ദു ദൈവത്തിന്റെ ചിത്രം കാണാന്‍പോലുമില്ലെന്നും കാണിച്ച് ട്വിറ്ററില്‍ മോദി ഫാമിലിയെന്ന് രേഖപ്പെടുത്തിയ മിസ്റ്റര്‍ സിന്‍ഹ എന്ന അക്കൗണ്ടില്‍ നിന്ന് ഒരു പോസ്റ്റ് വന്നു. പിന്നീട് ഇത്തരത്തില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദു മതത്തില്‍ നിന്ന് ഒരു ദൈവത്തിന്റെ ചിത്രം പോലുമില്ലാതെ യേശു ക്രിസ്തുവിന്റെ ചിത്രം മാത്രം മുറിയില്‍ തൂക്കിയ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങളായി.

സോണിയ ഗാന്ധി ക്രിസ്ത്യന്‍ മത വിശ്വാസിയാണെന്നും അതിനാല്‍ രാഹുലും പ്രിയങ്കയും ക്രിസ്്തുമത വിശ്വാസികളാണെന്നുമെല്ലാം പറഞ്ഞു മുമ്പേ തന്നെ കുളം കലക്കിയതാണ്. രാഹുല്‍ തന്റെ മതവും ഗോത്രവും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2019 തിരഞ്ഞെടുപ്പിന് മുമ്പും ബിജെപി നേതാക്കള്‍ രംഗത്തിറങ്ങിയിരുന്നു. അന്ന് താനൊരു കാശ്മീരി പണ്ഡിത് ആണെന്നും തന്റെ അച്ഛനും മുത്തച്ഛനുമെല്ലാം പിന്തുടര്‍ന്നത് ആ പാരമ്പര്യമാണെന്നും രാഹുലിന് പറയേണ്ടിവന്നു. പിന്നീട് ആ പൂണൂല്‍ രാഹുലിന്റെ ദേഹത്തുണ്ടെന്ന് സമര്‍ത്ഥിക്കാന്‍ വരെ ഒരു ഘട്ടത്തില്‍ പല കോണ്‍ഗ്രസുകാരും ശ്രമിച്ചിരുന്നതുമാണ്.

എന്തായാലും സോണിയ ഗാന്ധിയ്‌ക്കെതിരെയുള്ള കാലങ്ങളായുള്ള ബിജെപിയുടെ വിദ്വേഷ ക്യാമ്പെയ്ന്‍ വിദേശ വനിതയെന്നും രാജ്യത്ത് വന്നുകയറിയവള്‍ എന്നതുമെല്ലാമായിരുന്നു. ആ ഇറ്റലിക്കാരിയുടെ മകന്‍ വിളികള്‍ രാഹുലും കേട്ടതാണ്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ വീണ്ടും അത് വീണ്ടും ചര്‍ച്ചയാക്കിയാണ് സംഘപരിവാര്‍ ക്രിസ്തുവിന്റെ ഫോട്ടോ ദേ രാഹുലിന്റെ മുറിയില്‍ കാര്‍ഡുമായി ഇറങ്ങിയത്. പിന്നീട് മാധ്യമങ്ങള്‍ക്ക് ഈ പ്രചാരണങ്ങളുടെ ഫാക്ട് ചെക്ക് ചെയ്യേണ്ട അവസ്ഥയായി.

ശരിക്കും രാഹുലിന്റെ പിന്നില്‍ കണ്ടത് ക്രിസ്തുവിന്റേയോ മതവിശ്വാസത്തിന്റെ ഭാഗമായതോ ആയ ഒരു ചിത്രമല്ല. ലോകപ്രശസ്ത റഷ്യന്‍ ചിത്രകാരന്‍ നിക്കോളാസ് റോയെറിച്ചിന്റെ ‘മഡോണ ഒറിഫ്‌ലാമ’ എന്ന ചിത്രമാണ്. ഒരു സത്രീ സമാധാനത്തിന്റെ വെള്ള ബാനര്‍ പിടിച്ചു നില്‍ക്കുന്ന ചിത്രമാണ്. ചുവന്ന വൃത്തത്താല്‍ ചുറ്റപ്പെട്ട മൂന്ന് ചുവന്ന കുത്തുകളുള്ള ഒരു ബാനര്‍ കൈവശമുള്ള സ്ത്രീയാണ് ‘മഡോണ ഒറിഫ്‌ലാമ’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. 1932ല്‍ വരച്ച ചിത്രമാണിത്. റോയെറിച്ചിന്റെ ജ്യോമെട്രിക്കല്‍ കലാ സൃഷ്ടിയായ ഈ ചിത്രത്തെ ‘സമാധാനത്തിന്റെ ബാനര്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ചിത്രത്തിലെ ജ്യാമിതീയ കലയെ പ്രതീകാത്മകമാണ് ചിത്രകാരന്‍ ഉപയോഗിച്ചത്. ന്യൂയോര്‍ക്കിലെ നിക്കോളാസ് റോയെറിച്ച് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനും വെച്ചിട്ടുണ്ട് ഈ ചിത്രമെന്നതും ശ്രദ്ധേയമാണ്.

Read more

എന്തായാലും ആ ചിത്രത്തിന്റെ പേരില്‍ നടത്തിയ പ്രചാരണം ഒരു ഫാക്ട് ചെക്കില്‍ അവസാനിക്കുകയും കാര്യങ്ങള്‍ വ്യക്തമാവുകയും ചെയ്തു. പക്ഷേ അത് ഇനി ക്രിസ്തുവിന്റെ ഫോട്ടോ ആയാലും എന്തെന്ന ചോദ്യം നിലവിലെ മോദി ഇന്ത്യയില്‍ എത്രത്തോളം സാധിക്കുമെന്നത് ഇപ്പോഴും ചോദ്യചിഹ്നം തന്നെയാണ്.