ഗാന്ധിജിയുടേയും മതേതര ഇന്ത്യയുടേയും നെഞ്ചില്‍ തറച്ച വെടിയുണ്ടയ്ക്ക് 76 ആണ്ടാണ് കാലം. ഇറ്റാലിയന്‍ നിര്‍മ്മിത ബരേറ്റ എം9 1934 എന്ന പിസ്റ്റളില്‍ നിന്നും ഉതിര്‍ന്ന മൂന്ന് വെടിയുണ്ടകളാണ് മഹാത്മ ഗാന്ധിയെ ലോകത്തിന് നഷ്ടമാക്കിയത്. ആര്‍എസ്എസ് എന്ന സംഘടനയും അതിലൂടെ വളര്‍ന്നുവന്ന നാഥുറാം ഗോഡ്‌സേയും ഗാന്ധി ഘാതകരെന്ന് ഒരു മടിയുമില്ലാതെ വിളിക്കപ്പെട്ട ഇന്ത്യയില്‍ ഇന്ന് ചരിത്രം വഴിമാറ്റി വിടാന്‍ കഥകളൊരുപാട് ഫാസിസ്റ്റ് തൂലികയില്‍ ഉതിര്‍ന്നിട്ടുണ്ട്. മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയെന്ന രാഷ്ട്രത്തിന്റെ പിതാവിനെ കൊന്നുകളഞ്ഞിട്ട് ആ കൊലപാതകിയുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ ആര്‍എസ്എസ് എന്ന തീവ്ര വലതുപക്ഷ സംഘടന തന്റെ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ചതും ചരിത്രത്തിലുണ്ട്. ആ ചരിത്രം തിരുത്താനുള്ള ശ്രമത്തിന് തുടക്കമിട്ടത് ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകനെന്ന് സ്വയം അവരോധിച്ച നാഥുറാം ഗോഡ്‌സേയും ഗൂഢാലോചന കേസില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വി ഡി സവര്‍ക്കറുമെല്ലാം ചേര്‍ന്നാണ്.
ഗാന്ധി മരിച്ചതല്ല, കൊന്നതാണെന്ന് ഇക്കാലത്ത് ഉറക്കെ ഉറച്ചു പറയേണ്ടത് ഇന്നിന്റെ ആവശ്യമാണ്. ഒരു ഫാസിസ്റ്റ് ഭരണകൂടം ഇന്ത്യയെ ഒന്നാകെ കൈപ്പിടിയില്‍ ഞെരിക്കുന്ന ഈ കാലത്ത് പ്രത്യേകിച്ചും. കേരളത്തിലെ സ്വാതന്ത്ര ബോധമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഈ രക്തസാക്ഷി ദിനം ഓര്‍മ്മപ്പെടുത്തലിന്റേതാണെന്ന് ഉറച്ച ബോധ്യമുള്ളത് അവരുടെ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ കാണാനുണ്ട്.
ആര്‍എസ്എസ് കില്‍ഡ് ഗാന്ധിയെന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയകളില്‍ ഉണര്‍ന്നു നില്‍ക്കുന്നുണ്ട്. അതൊരു ഓര്‍മ്മപ്പെടുത്തലാണ്, ഗാന്ധിയെ ഹിന്ദുത്വ ഭീകരവാദം കൊന്നുകളഞ്ഞതാണെന്ന ഓര്‍മ്മപ്പെടുത്തല്‍.
ജീവിച്ചിരുന്ന ഗാന്ധിയെ പോലെ തന്നെ രക്തസാക്ഷിയായ ഗാന്ധി കരുത്തനാണെന്ന ബോധം ഉള്ളതുകൊണ്ടാണ് പാഠപുസ്തകത്തിലടക്കം സംഘപരിവാരം ചരിത്രം തിരുത്തി വെട്ടിക്കയറ്റലുകള്‍ക്ക് ശ്രമിക്കുന്നത്. ആ കൊലപാതകത്തില്‍ നിന്ന് അകന്നുമാറാന്‍ ഗോഡ്‌സെയുടെ ഹിന്ദുമഹാസഭയുടെ മറവില്‍ നടത്തി വന്ന ശ്രമങ്ങളുടെ ഏടുകള്‍ ചരിത്രം പറയാനും ഓര്‍മ്മിപ്പിക്കാനും മടിക്കാത്തവരുടെ വായിലൂടെ ലോകമറിയുന്നുണ്ട്.
RSS lies about Gandhi’s Murder, How the RSS distanced itself from Gandhi’s Killer എന്ന വാചകങ്ങള്‍ സോഷ്യല്‍ മീഡിയയിലും വര്‍ത്തമാന ഇന്ത്യയിലും ചര്‍ച്ചയാവുന്നത് ആ പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ഒരു സര്‍ക്കാര്‍ രാജ്യം ഭരിക്കുന്നതു കൊണ്ടാണ്. ഇന്ന് കൊന്നവരുടെ വാഴ്ത്തിപ്പാടലുകള്‍ രാജ്യം കേള്‍ക്കേണ്ടി വരുന്നത് കൊണ്ടാണ്. ഗാന്ധിയുടെ കൊലയ്ക്ക് പിന്നില്‍ ഉയര്‍ന്നു കേട്ടൊരു പേര് പതിറ്റാണ്ടുകള്‍ മുന്നേ തന്നെ ഇന്ത്യന്‍ പാര്‍ലമെന്റിനുള്ളില്‍ പ്രതിഷ്ഠ നേടിയത് ആ ഫാസിസ്റ്റ് ആശയം രാജ്യത്തെ ഭരണചക്രത്തില്‍ പിടിമുറുക്കിയത് കൊണ്ടാണ്.
ഗാന്ധി വധത്തിന് ഒരു മാസമാകും മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് അയച്ച കത്തില്‍ പറയുന്നത് സവര്‍ക്കറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഹിന്ദു മഹാസഭയിലെ മതഭ്രാന്തന്‍മാരാണ് ഗാന്ധിയെ വധിച്ചതെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ലെന്നാണ്.
ആ സവര്‍ക്കറെ ആരാധിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിവചനങ്ങളെ തന്റെ ജീവിതത്തിലെ ദര്‍ശനങ്ങളായി ആരാധിക്കുന്നുവെന്ന് അടയാളപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഈ ഗാന്ധി രക്തസാക്ഷിദിനത്തിന്റെ പ്രത്യേകത. മോദി ആര്‍ക്കൈവ്‌സ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ ഒന്നിലൂടെ പുറത്തുവിട്ട മോദിയുടെ ഡയറിയിലെ ഗാന്ധി വചനങ്ങള്‍ ചരിത്ര വളച്ചൊടിക്കലുകളുടെ സംഘപരിവാര കഥകളുടെ ബാക്കിപത്രമാണ്.
ഒരു പേഴ്‌സണല്‍ ഡയറിയുടെ പഴമ നിറഞ്ഞ താളുകള്‍ പരസ്യപ്പെടുത്തി അവര്‍ പറയുകയാണ് ഞങ്ങള്‍ നരേന്ദ്ര മോദിയുടെ ഡയറി പേജുകളാണ് നിങ്ങള്‍ക്ക് മുന്നിലേക്ക് കൊണ്ടുവരുന്നത്. അദ്ദേഹം മഹാത്മാഗാന്ധി ആഴത്തില്‍ വായിക്കുക മാത്രമല്ല, തന്റെ സ്വകാര്യ ഡയറിയില്‍ ഗാന്ധിയുടെ ഉദ്ധരണികള്‍ തനിക്ക് പ്രചോദനാത്മക മൂല്യമുള്ളതായി രേഖപ്പെടുത്തുകയും ചെയ്തു. ഈ വാചകങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റെ ഇടപെടലുകളെ സ്വാധീനിച്ചുവത്രേ.
We bring to you pages from @narendramodi‘s personal diary, which demonstrate that not only did he extensively read #MahatmaGandhi, but he also wrote down Gandhi’s quotes in his personal diary as something of inspirational value to him. These entries continued to guide his… pic.twitter.com/MCvgCBMCx1
— Modi Archive (@modiarchive) January 30, 2024
അഹിംസയെ കുറിച്ചും സ്‌നേഹത്തെ കുറിച്ചുമുള്ള ഗാന്ധിയുടെ വാക്കുകള്‍ നരേന്ദ്ര മോദി അടയാളപ്പെടുത്തിയിട്ടുണ്ട്. മോദി ഡയറിയില്‍ കുറിച്ച ആ വാചകങ്ങളില്‍ ചിലത് ഇതാണ് ..
I have no weapon but love to wield authority over anyone.
ആരുടെയും മേല്‍ അധികാരം പ്രയോഗിക്കാന്‍ എനിക്ക് സ്‌നേഹമല്ലാതെ ഒരു ആയുധമില്ല.
If blood be shed, let it be our own. Let us cultivate the calm courage to die without killing.
രക്തം ചൊരിയണമെങ്കില്‍ അത് നമ്മുടേതാകട്ടെ. ആരേയും കൊല്ലാതെ മരിക്കാനുള്ള ശാന്തമായ ധൈര്യം നമുക്ക് വളര്‍ത്തിയെടുക്കാം.
I am devoted to none but Truth and I owe no discipline to anybody but Truth
സത്യമല്ലാതെ മറ്റൊന്നിനോടും എനിക്ക് ഭക്തിയില്ല സത്യത്തോടല്ലാതെ മറ്റൊന്നിനോടും ഞാന്‍ വ്യവസ്ഥാപിതപ്പെട്ടിട്ടില്ല.
Read more
ഈ വാചകങ്ങളെല്ലാം നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വ്യക്തിപരമായ ഡയറി താളുകളില്‍ കുറിച്ചിരുന്നുവെന്നാണ് ബിജെപിയും മോദി ആരാധകരും ഈ രക്തസാക്ഷിദിനത്തില്‍ സമര്‍ത്ഥിക്കുന്നത്. ‘എന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്, സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിനെ സാക്ഷാത്കരിക്കാനുള്ള മാര്‍ഗ്ഗം’ എന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞ ഗാന്ധിജിയുടെ വാക്കുകളെ അടയാളപ്പെടുത്തിയാണ് നരേന്ദ്ര മോദിയെന്ന ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായ നേരത്തെ ഗുജറാത്ത് കലാപകാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വംശഹത്യയുടെ പേരില്‍ ആരോപണത്തിന്റെ കുന്തമുന നീളുന്ന വ്യക്തി ജീവിച്ചതെന്ന് പറയുമ്പോള്‍ തന്നെ അതിലെ വൈരുധ്യം ആര്‍ക്കാണ് പറഞ്ഞു തരേണ്ടി വരുന്നത്.