മുതലാളിത്തത്തിന് കീഴിലുള്ള സാങ്കേതിക വികസനം സോഷ്യലിസത്തിലേക്കുള്ള കുതിച്ചുചാട്ടത്തിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ പ്രദാനം ചെയ്യുന്നുവെന്ന് മാര്‍ക്സ് വ്യക്തമായി വിശ്വസിച്ചിരുന്നപ്പോള്‍ത്തന്നെ, അദ്ദേഹത്തിന്റെ വൈരുദ്ധ്യാത്മക രീതി പുതിയ സാങ്കേതികവിദ്യകളുടെ നിഷേധാത്മകവും വിനാശകരവുമായ വശങ്ങള്‍ കൂടുതല്‍ തെളിമയോടെ തുറന്നുകാട്ടുന്നതായിരുന്നു. ആന്ദ്രപോസീനിലെ പ്രൊമീഥിയന്‍ നവോത്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ സാങ്കേതികവിദ്യകളെ ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനം എന്നത്തേക്കാളും പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് മാത്രമല്ല അത് മുതലാളിത്താനന്തര സമൂഹത്തില്‍ മാര്‍ക്‌സിസത്തിന്റെ പ്രസക്തി കൂടുതല്‍ വെളിപ്പെടുത്തുന്നതായും സെയ്‌തോ ചൂണ്ടിക്കാട്ടുന്നു.
പുത്തന്‍ സാങ്കേതികവിദ്യകളുടെ പ്രയോഗം മുതലാളിത്തത്തെ മറികടക്കാനുള്ള അവസരമായി കണക്കാക്കുന്ന വര്‍ത്തമാനകാല മാര്‍ക്‌സിസ്റ്റുകള്‍ തങ്ങളുടെ വാദങ്ങളുടെ അടിത്തറയായി ചൂണ്ടിക്കാട്ടുന്നത് മാര്‍ക്‌സിന്റെ തന്നെ രചനകളിലാണ്; പ്രധാനമായും ഗ്രന്‍ഡ്രിസ്സെ (Grundrisse)എന്ന അദ്ദേഹത്തിന്റെ കൃതിയില്‍.
പാരിസ്ഥിതിക പ്രതിസന്ധികളോടുള്ള മാര്‍ക്‌സിയന്‍ ആലോചനകള്‍ക്കുള്ള സൈദ്ധാന്തിക വേരുകള്‍ കണ്ടെത്തേണ്ടത് 1850കളുടെ അവസാനത്തില്‍ രചിക്കപ്പെട്ട ഗ്രന്‍ഡ്രിസ്സെയില്‍ അല്ലെന്നും പില്‍ക്കാലത്ത് ഗ്രന്‍ഡ്രിസ്സെയിലെ തന്നെ സുപ്രധാന വാദങ്ങള്‍ വിശദീകരിക്കുന്നതിനായി തയ്യാറാക്കിയ കുറിപ്പുകളിലാണെന്നും സെയ്‌തോ നിരീക്ഷിക്കുന്നു. ഈ നിരീക്ഷണത്തിനാധാരമായ വസ്തുതകള്‍ സെയ്‌തോ കണ്ടെത്തുന്നതിങ്ങനെയാണ്:
”1860-കളില്‍ മാര്‍ക്‌സ് വിപുലീകരിച്ച ‘മൂലധനത്തിന്റെ ഉല്‍പാദനശക്തി’ (productive force of capital), ‘യഥാര്‍ത്ഥ ഉപസംയോജനം'(real subsumption)* തുടങ്ങിയ ആശയങ്ങള്‍ ഗ്രന്‍ഡ്രിസ്സില്‍ അവശേഷിച്ചിരുന്ന ‘ചരിത്രത്തിന്റെ ഉല്‍പ്പാദനവാദ ആശയം’ അദ്ദേഹം സ്വയം കയ്യൊഴിഞ്ഞുവെന്നതിന്റെ സൂചനകൂടിയാണ്. പ്രൊമീതിയന്‍ അല്ലാത്ത മാര്‍ക്സിനെ പുനര്‍നിര്‍മ്മിക്കുന്നതില്‍ ഈ സൈദ്ധാന്തിക വികാസത്തിന് വലിയ പ്രാധാന്യമുണ്ട്. ഗ്രന്‍ഡ്രിസ്സെയില്‍ കാണാന്‍ കഴിയാത്ത മൂലധനത്തിലെ ‘സഹകരണം’ (co-operation) എന്ന മാര്‍ക്‌സിന്റെ ചര്‍ച്ചയില്‍ ഈ മാറ്റം പ്രതിഫലിക്കുന്നു. തല്‍ഫലമായി, ഉല്‍പാദന ശക്തികളുടെ വികാസത്തിന്റെ പുരോഗമന സ്വഭാവത്തെക്കുറിച്ച് സംശയം ഉന്നയിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. എന്നിരുന്നാലും, ഈ മൂന്ന് ആശയങ്ങളും -real subsumption, productive force of capital, cooperation- ചരിത്രപരമായ ഭൗതികവാദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മുന്‍ വീക്ഷണത്തില്‍ ചില പിരിമുറുക്കം സൃഷ്ടിക്കുന്നു. സമകാലിക ഉട്ടോപ്യന്‍ സോഷ്യലിസ്റ്റുകള്‍ക്ക് 1860-കളിലെ മാര്‍ക്സിന്റെ സൈദ്ധാന്തിക മാറ്റം സ്വീകാര്യമല്ലാത്തതിനാല്‍, അവര്‍ അനിവാര്യമായും 1850-കളിലെ അദ്ദേഹത്തിന്റെ പ്രൊമിഥിയനിസത്തിലേക്ക് പിന്‍വാങ്ങുന്നു.”
തൊഴില്‍ പ്രക്രിയയുടെ ഭൗതിക പരിവര്‍ത്തനം പുനഃസംഘാടനം എന്നിവ ‘യഥാര്‍ത്ഥ ഉപസംയോജന’ (real subsumption) സിദ്ധാന്തത്തിലേക്ക് വിജയകരമായി സമന്വയിപ്പിച്ചപ്പോള്‍, മുതലാളിത്ത ഉല്‍പാദന രീതിയെക്കുറിച്ചുള്ള വിശകലനം തന്റെ രീതിശാസ്ത്രപരമായ ദ്വൈതവാദവുമായി പൊരുത്തപ്പെടുന്ന രീതിയില്‍ വികസിപ്പിക്കാന്‍ മാര്‍ക്സിന് കഴിഞ്ഞതായി സെയ്‌തോ അഭിപ്രായപ്പെടുന്നു.
1860കളില്‍, തന്റെ മുന്‍കാല ‘സാങ്കേതിക ഉല്‍പ്പാദനവാദ’ (technocratic productivism)ത്തില്‍ നിന്ന് ബോധപൂര്‍വ്വം അകന്നപ്പോള്‍, ചരിത്രത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം നിറഞ്ഞ വീക്ഷണത്തെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യാനും അതിന്റെ നിഷേധാത്മക പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതല്‍ ഗൗരവമായി ചിന്തിക്കാനും മാര്‍ക്സ് നിര്‍ബന്ധിതനായി.
മുതലാളിത്ത ഉല്‍പ്പാദന പ്രക്രിയയുടെ ഭൗതിക വശം, പ്രത്യേകിച്ച് ഭൗതിക ലോകം -മനുഷ്യനും മനുഷ്യേതരവും- മൂലധനത്തിന്റെ മുന്‍കൈയാല്‍ സ്വന്തം സഞ്ചയ(accumulation)ത്തിന് അനുകൂലമായി പുനഃസംഘടിപ്പിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം അന്വേഷിച്ചപ്പോഴാണ് ഈ സ്വയം വിമര്‍ശനാത്മക പരിവര്‍ത്തനം സാധ്യമായത്. കാരണം, ഉല്‍പ്പാദന ശക്തികളുടെ വളര്‍ച്ച തൊഴിലാളികളെ കൂടുതല്‍ ഫലപ്രദമായി മൂലധനത്തിന്റെ ആജ്ഞയ്ക്ക് കീഴ്‌പ്പെടുത്തുന്നതായി അദ്ദേഹം കണ്ടെത്തി. അങ്ങനെയെങ്കില്‍, ചരിത്രപരമായ ഭൗതികവാദത്തിന്റെ പരമ്പരാഗത വീക്ഷണത്തില്‍ ഊഹിക്കപ്പെടുന്നതുപോലെ ‘ഉല്‍പാദന ബന്ധങ്ങളും’ ‘ഉല്‍പാദന ശക്തികളും’ എന്നിങ്ങിനെയുള്ള ലളിതമായ വേര്‍തിരിവ് സാധ്യമല്ലെന്നും മാര്‍ക്‌സ് തിരിച്ചറിഞ്ഞു.
മൂലധനത്തില്‍ ഉല്‍പ്പാദനശക്തികളുടെ വികാസം, സഹകരണം, തൊഴില്‍ വിഭജനം, യന്ത്രസാമഗ്രികള്‍ എന്നിവയുടെ രൂപത്തില്‍ പ്രകൃതിയുമായുള്ള മനുഷ്യ ഉപാപചയത്തിന്റെ സമഗ്രമായ പുനഃസംഘടനയെ ആശ്രയിച്ചിരിക്കുന്നു. ഈ അര്‍ത്ഥത്തില്‍, ഉല്‍പാദനത്തിലെ ഭൗതിക ഘടകങ്ങളുടെ ഒരു പ്രത്യേക സാമൂഹിക ക്രമീകരണം ‘ഉത്പാദനരീതി’യില്‍ പ്രകടമാകുന്നു. അതുകൊണ്ടാണ് മൂലധനത്തിന്റെ ആമുഖത്തില്‍, ‘ഉല്‍പാദന ശക്തികളെ’ ഒരു സ്വതന്ത്ര പരിവര്‍ത്തിതവസ്തുവായി (independent variable) കണക്കാക്കുന്നതിനുപകരം ‘മുതലാളിത്ത ഉല്‍പാദന രീതിയും അതിനോട് അനുരൂപമായി നില്‍ക്കുന്ന ഉല്‍പാദന ബന്ധങ്ങളും’ പരിശോധിക്കാനുള്ള ചുമതല മാര്‍ക്സ് സ്വയം ഏറ്റെടുത്തത്.
മാര്‍ക്‌സിന്റെ ഈയൊരു ബോധ്യത്തെ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നതിന് ആന്ദ്രേ ഗോര്‍സിനെപ്പോലുള്ളവര്‍ക്ക് സാധിച്ചുവെന്ന് ഗോര്‍സിനെ ഉദ്ധരിച്ചുകൊണ്ട് സെയ്‌തോ വിശദീകരിക്കുന്നു. ”സാങ്കേതികവിദ്യകള്‍, ഉല്‍പ്പാദന ബന്ധങ്ങളും ഉല്‍പ്പന്നങ്ങളുടെ സ്വഭാവവും, ആവശ്യങ്ങളുടെ ദൈര്‍ഘ്യമേറിയതും തുല്യവുമായ സംതൃപ്തി മാത്രമല്ല, സാമൂഹിക ഉല്‍പ്പാദനത്തിന്റെ സ്ഥിരതയേയും ഒഴിവാക്കുന്നു. അതുകൊണ്ടുതന്നെ, മുതലാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഉല്‍പ്പാദന ശക്തികളുടെ വികസനം ഒരിക്കലും കമ്മ്യൂണിസത്തിന്റെ കവാടത്തിലേക്ക് നയിക്കില്ല” (ഗോര്‍സ്, 2018, 110-11). മുതലാളിത്തത്തിന്റെ പുരോഗമന സ്വഭാവത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ വിലയിരുത്തലില്‍ ‘യഥാര്‍ത്ഥ ഉപസംയോജനം’ എന്ന ആശയം സമൂലമായ മാറ്റത്തെ പ്രതിനിധീകരിക്കുന്നുണ്ട്. ഇക്കാരണം കൊണ്ടുതന്നെ മൂലധനത്തില്‍, മുതലാളിത്തത്തിന്റെ പുരോഗമന സ്വഭാവത്തെ അംഗീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് സെയ്‌തോ വിലയിരുത്തുന്നു.
മുതലാളിത്തത്തിന്‍ കീഴിലുള്ള ഉല്‍പ്പാദന ശക്തികളുടെ വികാസം പ്രകൃതിയുടെ സാര്‍വത്രിക ഉപാപചയത്തെ (universal metabolism) തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് മാര്‍ക്‌സ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു. മുതലാളിത്ത ഉല്‍പ്പാദനരീതി മൂല്യവല്‍ക്കരണത്തിന്റെ യുക്തിയാല്‍ നയിക്കപ്പെടുന്നിടത്തോളം, തൊഴില്‍ പ്രക്രിയയുടെ ഭൗതിക വശങ്ങളുടെ പുനഃസംഘാടനം പൊതു ഉല്‍പാദനത്തിന്റെ ഭൗതിക സാഹചര്യങ്ങളെ തരംതാഴ്ത്തുന്നു. ”ഇത് തൊഴിലാളിയെ കൊള്ളയടിക്കുന്നതുമായി മാത്രമല്ല, മണ്ണിനെ കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു” (മൂലധനം 1: 638)വെന്നും അതുകൊണ്ടുതന്നെ, ഭാവി സമൂഹം ‘യുക്തിസഹമായ രീതിയില്‍ പ്രകൃതിയുമായുള്ള മനുഷ്യന്റെ ഉപാപചയത്തെ നിയന്ത്രിക്കണം’ (മൂലധനം 3: 959) എന്ന് മൂലധനത്തിന്റെ വാല്യം 3 ത്തിലും മാര്‍ക്‌സ് അഭിപ്രായപ്പെടുന്നു. മുതലാളിത്തത്തിന് കീഴില്‍ ഉല്‍പാദന ശക്തികളുടെ വികാസം പ്രകൃതിയുമായുള്ള ഉപാപചയത്തിന്റെ കാര്യത്തില്‍ സുസ്ഥിരമായ നിയന്ത്രണത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നില്ലെന്നത് വ്യക്തമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മുതലാളിത്ത ഉല്‍പ്പാദനരീതി അതിരുകടക്കുന്നതിലൂടെ ഉല്‍പ്പാദനശക്തികളുടെ വികസനത്തിന്റെ ‘ബന്ധനം’ മറികടന്നാലും, മുതലാളിത്ത സാങ്കേതികവിദ്യകള്‍ സുസ്ഥിരവും വിനാശകരവുമായി തുടരുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് പോലും ഇവയെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയില്ല.
———-
* Subsumption, Formal & Real
മുതലാളിത്തം ഏതുരീതിയില്‍ സ്ഥാപിക്കപ്പെടുന്നു എന്നതിനെ മാര്‍ക്സ് എങ്ങനെ വിഭാവനം ചെയ്യുന്നു എന്നതിന്റെ കേന്ദ്ര ആശയമാണിത്. മൂലധനത്തിന്റെ ‘ആദിമ സഞ്ചയം’ (primitive accumulation) എന്ന അധ്യായത്തില്‍ മാര്‍ക്സ് ചൂണ്ടിക്കാണിക്കുന്നത് യഥാര്‍ത്ഥ മുതലാളിത്ത സഞ്ചയം മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഉയര്‍ന്നുവരുന്ന ഉല്‍പാദന ശക്തികളുടെ അടിസ്ഥാനത്തില്‍ മാത്രമേ നടക്കൂ എന്നാണ്. മൂലധനം, ആദ്യമായി, നിലവിലുള്ള തൊഴില്‍ പ്രക്രിയയെ തന്നിലേക്ക് ആകര്‍ഷിക്കുന്നു – സാങ്കേതികവിദ്യകള്‍, വിപണികള്‍, ഉല്‍പ്പാദന മാര്‍ഗ്ഗങ്ങള്‍, തൊഴിലാളികള്‍ എന്നിവ. ഇതിനെ മാര്‍ക്സ് ‘ഔപചാരിക’ ഉപസംയോജനം (formal subsumption) എന്ന് വിളിക്കുന്നു. അതിന്റെ കീഴില്‍ മുഴുവന്‍ തൊഴില്‍ പ്രക്രിയയും മുമ്പത്തെപ്പോലെ തന്നെ തുടരുന്നു, എന്നാല്‍ ഉല്‍പാദന മാര്‍ഗ്ഗങ്ങളെയും അതുവഴി തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗങ്ങളെയും കുത്തകയാക്കികൊണ്ട്, മുതലാളി തൊഴിലാളിയെ കൂലിപ്പണിക്ക് കീഴടങ്ങാന്‍ നിര്‍ബന്ധിക്കുകയും നിലവിലുള്ള വിപണികള്‍ ഉപയോഗിച്ച് മൂലധനം സമാഹരിക്കുകയും ചെയ്യുന്നു.
എങ്കില്‍ക്കൂടിയും, മുതലാളിത്തത്തിന്, നിലവിലുള്ള ഉല്‍പാദന ശക്തികളുടെ പരിമിതമിതികളുടെ അടിസ്ഥാനത്തില്‍ വികസിക്കാന്‍ കഴിയില്ല. ഒരു യഥാര്‍ത്ഥ മുതലാളിത്ത തൊഴില്‍ പ്രക്രിയയ്ക്ക് ആവശ്യമായ മുന്‍വ്യവസ്ഥകള്‍ മൂലധനത്തിന് മാത്രമേ സൃഷ്ടിക്കാന്‍ കഴിയൂ. അങ്ങനെ, മൂലധനത്തിന്റെ സ്വഭാവവും ആവശ്യകതകളും നന്നായി ഉള്‍ക്കൊള്ളുന്നതുവരെ മൂലധനം സാമൂഹിക ബന്ധങ്ങളെയും അധ്വാന രീതികളെയും ക്രമേണ പരിവര്‍ത്തനം ചെയ്യുന്നു, കൂടാതെ തൊഴില്‍ പ്രക്രിയ യഥാര്‍ത്ഥത്തില്‍ മൂലധനത്തിന് കീഴിലാകുന്നു. മൂലധനത്തിന് മാത്രമേ മുതലാളിത്ത ഉല്‍പ്പാദനത്തിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ കഴിയൂ എന്ന വിരോധാഭാസത്തിനുള്ള മാര്‍ക്‌സിന്റെ പരിഹാരമാണിത്. ഈയൊരു പ്രക്രിയയെ യഥാര്‍ത്ഥ ഉപസംയോജനം (real subsumption) എന്ന് വിശേഷിപ്പിക്കുന്നു.
(തുടരും)