മോദിസ്തോത്രം, അല്പം പോലും ലജ്ജ തോന്നുന്നില്ലേ സുധാകര്‍ജി?

ജി സുധാകരന്‍ എന്ന സുധാകര്‍ജിയോട്,

നരേന്ദ്ര മോദിയെയും ബിജെപി സര്‍ക്കാരിനെയും പുകഴ്ത്തിക്കൊണ്ട് 24 ന്യൂസുമായി താങ്കള്‍ നടത്തിയ അഭിമുഖം കണ്ടു. ‘നരേന്ദ്ര മോദി ഒരു കരുത്തനായ നേതാവാണെന്നും ബിജെപി മന്ത്രി സഭയിലെ അംഗങ്ങള്‍ വ്യക്തിപരമായ അഴിമതി നടത്തിയിട്ടില്ലെന്നും’ ഒക്കെയുള്ള താങ്കളുടെ നിരീക്ഷണങ്ങള്‍ കണ്ട് ഞെട്ടലൊന്നും തോന്നിയില്ല. നരേന്ദ്ര മോദിയോടുള്ള താങ്കളടക്കമുള്ള സിപിഎം നേതാക്കളുടെ അഹോ! ഭാവം താങ്കളില്‍ തുടങ്ങുന്നതും അവസാനിക്കുന്നതും അല്ലെന്ന ഉത്തമബോധ്യം തന്നെ കാരണം.

കരുത്തിനെ സംബന്ധിച്ച താങ്കളുടെ ബോധ്യം എന്താണെന്ന് ആളുകള്‍ക്ക് അറിയാത്തതിനാല്‍ അത് ചോദ്യങ്ങള്‍ക്ക് പുറത്താണ്. എന്നാല്‍ ബിജെപി ഗവണ്‍മെന്റിന്റെ അഴിമതിയെ സംബന്ധിച്ച് താങ്കള്‍ നടത്തിയ പ്രസ്താവന മനുഷ്യരുടെ സാമാന്യബോധത്തെ പരിഹസിക്കുന്നതും ബിജെപി നടത്തിയ ഇന്ത്യാ ചരിത്രത്തിലെ തന്നെ വന്‍കിട അഴിമതികളെ സാമാന്യവല്‍ക്കരിക്കുന്നതുമായതുകൊണ്ടുതന്നെ അവ ചോദ്യം ചെയ്യപ്പെടാതിരുന്നുകൂടാ.

പ്രധാനമന്ത്രി നേരിട്ട് പങ്കാളിയായ അഴിമതി

താങ്കള്‍ റഫാല്‍ അഴിമതി എന്ന് കേട്ടിട്ടുേണ്ടാ?
രാജ്യത്തെ സൈന്യത്തിന് 126 പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള മുന്‍സര്‍ക്കാരിന്റെ തീരുമാനങ്ങളെ അട്ടിമറിച്ചുകൊണ്ട് 95% കടലാസ് പണികളും പൂര്‍ത്തിയായിക്കഴിഞ്ഞ കരാര്‍ റദ്ദുചെയ്തുകൊണ്ട് 36 വിമാനങ്ങള്‍ മാത്രം വാങ്ങാന്‍ നിശ്ചയിച്ച ഈ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കാളിയാണ് എന്നത് നിരവധി രേഖകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ട വസ്തുതയാണ്. മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് 563 കോടി രൂപ എന്ന നിരക്കിലായിരുന്നു ഫ്രാന്‍സിലെ ദസ്സോ എന്ന കമ്പനിയില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമായിരുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ വിമാനമൊന്നിന് 1660 കോടി രൂപയായിരുന്നു നല്‍കിയത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിനെ പുറംപണി കരാറില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് അനില്‍ അംബാനിയുടെ തട്ടിക്കൂട്ട് കമ്പനിക്ക് കരാര്‍ നല്‍കിയതും മോദി സര്‍ക്കാര്‍ ആയിരുന്നു. പ്രമുഖ പത്രപ്രവര്‍ത്തകരായ പരഞ്‌ജോയ് ഗുഹ താക്കുര്‍തയും രവി നായരും റഫാല്‍ അഴിമതിയെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട് ‘Flying Lies’ എന്ന പേരില്‍.

കാലത്തും വൈകീട്ടും രാമായണ പാരായണം നടത്തുന്ന സുധാകര്‍ജി സാധിക്കുമെങ്കില്‍ ഈ പുസ്തകം ഒന്ന് വായിക്കണം.

മോദി സര്‍ക്കാര്‍ നടത്തിയ, ഒരുവേള ഇന്ത്യാ ചരിത്രത്തില്‍ സമാനതകളില്ലാത്ത, അഴിമതിയാണ് ഇലക്ടറല്‍ ബോണ്ട് അഴിമതി. സുപ്രീംകോടതി അടക്കം ഇല്ക്ടറല്‍ ബോണ്ടിനെ നിയമവിരുദ്ധമായ ഒന്നായി പ്രഖ്യാപിച്ചതിന് ശേഷവും ലക്ഷക്കണക്കിന് കോടികളുടെ ഈ അഴിമതിയെ കണ്ടില്ലെന്ന് നടിക്കാന്‍ സിപിഎം നേതാവിന് സാധിക്കുന്നുവെങ്കില്‍ അത് അവര്‍ എത്തിപ്പെട്ടിരിക്കുന്ന മൂല്യച്യുതിയുടെ ആഴം മാത്രമാണ് വെളിപ്പെടുത്തുന്നത്.


അഴിമതിയെ ഇത്രമാത്രം സ്ഥാപനവല്‍കൃതവും നിയമപരവും ആക്കി മാറ്റിയ മറ്റൊരു സംഭവവും രാജ്യത്ത് ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. തെരഞ്ഞെടുപ്പ് സംഭാവനകളുമായി ബന്ധപ്പെട്ട് പുതിയ നിയമ നിര്‍മ്മാണം നടപ്പിലാക്കുകയും അതുവഴി ആയിരക്കണക്കിന് കോടി രൂപ ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കുകയും അത്തരം സ്ഥാപനങ്ങള്‍ക്ക് വഴിവിട്ട സൗജന്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്തത് സംബന്ധിച്ച നിരവധി വസ്തുതകള്‍ പുറത്തുവന്നിട്ടും ബിജെപി നേതാക്കളുടെ വ്യക്തിശുദ്ധിയെക്കുറിച്ച് അത്ഭുതപ്പെടുന്ന സുധാകരന്‍ പാര്‍ട്ടിക്ക് വേണ്ടി നടത്തുന്ന അഴിമതികള്‍ മഹത്തായ ഒന്നാണെന്ന് കരുതുന്നുവെങ്കില്‍ അതിന് പിന്നിലെ യുക്തി കൂടി വിശദീകരിക്കേണ്ടതുണ്ട്.

രാജ്യത്തെ 36ഓളം കല്‍ക്കരി ഖനികള്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ട് സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ച് നല്‍കിയതുതൊട്ട്, ഗൗതം അദാനിയുടെ കമ്പനികളുടെ ദല്ലാളായി കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതുവരെയുള്ള നിരവധി അഴിമതി കഥകള്‍ പുറത്തുവന്നിട്ടും മന്ത്രി സഭാംഗങ്ങളുടെ വ്യക്തിമഹിമയെക്കുറിച്ച് സംസാരിക്കാന്‍ സുധാകരന് അല്പം പോലും ലജ്ജ തോന്നുന്നില്ലേ.

ശവപ്പെട്ടി കുഭകോണം തൊട്ട് വ്യാപം അഴിമതി വരെ ആദ്യ എന്‍ഡിഎ സര്‍ക്കാര്‍ തൊട്ട് സംസ്ഥാന ബിജെപി ഗവണ്‍മെന്റുകള്‍ വരെ ഉള്‍പ്പെട്ട നിരവധി അഴിമതി കഥകള്‍ അതത് കാലങ്ങളില്‍ നട്ടെല്ലുള്ള മാധ്യമ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും പുറംലോകത്തെത്തിച്ചിട്ടുണ്ട്. സുവേന്ദു അധികാരി മുതല്‍ പ്രഫുല്‍ പട്ടേലും ഛഗന്‍ ബുജ്ബാലും അടങ്ങുന്ന അഴിമതിക്കാരായ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ ക്ലീന്‍ ചിറ്റ് നല്‍കി പാര്‍ട്ടിയിലേക്കും മുന്നണിയിലേക്കും സ്വീകരിച്ചാനയിച്ചതും ബിജെപി എന്ന പാര്‍ട്ടിയാണ്.

ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വഴി പതിനായിരക്കണക്കിന് കോടി രൂപയുടെ ഓഹരി വിപണി അഴിമതി ആസൂത്രണം ചെയ്തതും അമിത് ഷാ അടക്കമുള്ള ഷെയര്‍ മാര്‍ക്കറ്റില്‍ വിളയാടുന്ന ബിജെപി നേതാക്കളായിരുന്നുവെന്ന വസ്തുതയും പുറത്തുവന്നിരിക്കുന്നു.

കോണ്‍ഗ്രസ്സ് നടത്തിയ അഴിമതികളില്‍ നിന്ന് ഭിന്നമാണ് ബിജെപിയുടെ അഴിമതി എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അത് വ്യക്തിശുദ്ധിയുടെ കണക്കില്‍പ്പെടുത്തി വാഴ്ത്തപ്പെടേണ്ട ഒന്നല്ലെന്ന് സുധാകരന്‍ മനസ്സിലാക്കേണ്ടതുണ്ട്. അഴിമതി വ്യക്തികള്‍ നടത്തിയാലും പാര്‍ട്ടി നടത്തിയാലും അടിസ്ഥാനപരമായി രാജ്യത്തിന്റെ ഖജനാവിന് തന്നെയാണ് അതിന്റെ ക്ഷതങ്ങള്‍ ഏല്‍ക്കുക. ആത്യന്തികമായി അത് പാവപ്പെട്ടവന്റെ തലയിലേക്കും കടന്നുവരും എന്നത് ഉറപ്പാണ്.

ജനാധിപത്യ ക്രമങ്ങളെ മാനിക്കാത്ത, മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാല്ലാത്ത, പ്രതിപക്ഷ ബഹുമാനം തൊട്ടുതീണ്ടാത്ത, ഭരണഘടനയെയോ, പാര്‍ലമെന്റിനെയോ അംഗീകരിക്കാന്‍ തയ്യാറല്ലാത്ത ഒരു വ്യക്തിയെ കരുത്തനായി അവതരിപ്പിക്കുന്ന സുധാകരന്റെ രാഷ്ട്രീയ ബോധ്യം അപകടകരമായ ഒരു ഫാസിസ്റ്റ് വാഴ്ചയ്ക്കുള്ള പിന്തുണ മാത്രമാണ്. ഇടതുപക്ഷം എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അനുദിനം എത്തിപ്പെട്ടുകൊണ്ടിരിക്കുന്ന അപകടകരമായ ഒരു മാനസികാവസ്ഥ കൂടിയാണ് അത്.

പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളാകാം ഒരുവേള മോദി വാഴ്ത്തുപാട്ടുകള്‍ക്ക് സുധാകരനെ പ്രേരിപ്പിച്ചത്. അത് പക്ഷെ വസ്തുതാ വിരുദ്ധവും, കേരളത്തില്‍ വേരൂന്നാന്‍ തക്കംപാര്‍ത്ത് നില്‍ക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് കരുത്തുപകരുന്നതും ആയതുകൊണ്ടുതന്നെ സുധാകരന്റെ മോദിസ്‌തോത്രത്തെ ചോദ്യം ചെയ്യാതിരിക്കാന്‍ സാധ്യമല്ല തന്നെ.