ഇസ്രായേലിന്റെ പകരത്തിന് പകരം നയത്തില്‍ ഇറാനില്‍ തീയാളുമ്പോള്‍ തങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടെല്ലെന്ന് ലോകത്തെ ബോധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇറാനിലെ മതഭരണകൂടം. ലെബനിനിലെ ഹിസബുള്ള തലവന്മാരെ വീഴ്ത്തിയ ശേഷം കര അതിര്‍ത്തി കടന്നുള്ള ആക്രമണവും മടിയില്ലാതെ നടത്തി ഇസ്രായേല്‍, ഇറാന് തങ്ങളെ ആക്രമിച്ചതിന് തിരിച്ചടിച്ചിരിക്കുകയാണ്. ഹിസബുള്ളയെ സഹായിച്ച ഇറാന് പലതരത്തില്‍ മുന്നറിയിപ്പ് നല്കിയ ഇസ്രായേല്‍ ഒക്ടോബര്‍ ഒന്നിന് ഇറാന് ഇസ്രായേലിന് നേരെ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് നല്കിയ തിരിച്ചടിയാണ് ഇറാനിലെ പ്രത്യാക്രമണം. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം ഇറാഖിലെ യുഎസ് സൈനിക വ്യോമമേഖലയില്‍ നിന്നുള്ളതാണ്. ഈ ആക്രമണം അത്ര വലിയ ആക്രമണമൊന്നുമല്ലെന്നും അതിര്‍ത്തി കടന്നുള്ളതല്ലെന്നും പരിമിതമായ രീതിയിലുള്ള വ്യോമാക്രമണമാണ് ഇസ്രായേല്‍ നടത്തിയതെന്നുമാണ് ഇറാന്റെ സായുധ വിഭാഗം മേധാവി പറഞ്ഞത്.
ഇറാന് അതിര്‍ത്തിയ്ക്ക് 100 കിലോമീറ്റര്‍ പരിധിയില്‍ പോലും എത്താത്ര ആക്രമണമായിരുന്നു ഇസ്രായേലിന്റേതെന്നും തങ്ങള്‍ റഡാര്‍ സംവിധാനത്തിലൂടെ മിസൈലുകളെ പ്രതിരോധിച്ചെന്നും ഇറാന് പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഇറാന്റെ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അറഖ്ചി ഇസ്രായേലിന്റെ ഇറാന് സൈനിക കേന്ദ്രങ്ങള്‍ക്ക് നേര്‍ക്കുള്ള ആക്രമണം ക്രിമിനല്‍ സ്വഭാവമുള്ളതാണെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെന്നും പറഞ്ഞാണ് തിരിച്ചടിച്ചത്.
ഈ വീണ്ടുവിചാരമില്ലാത്ത ഭീരുത്വം നിറഞ്ഞ ആക്രമണത്തെ പരാജയപ്പെടുത്താന്‍ ഇറാന്റെ നാല് സൈനിക വീരന്മാര് ജീവന് ബലിയര്‍പ്പിച്ചു. ഗാസയിലെ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ നിന്നും ലെബനനിലെ രക്തച്ചൊരിച്ചിലില്‍ നിന്നും വേറിട്ട് നിര്‍ത്താന്‍ കഴിയാത്ത ഈ ആക്രമണത്തോട് ഉചിതമായി പ്രതികരിക്കാനുള്ള ഞങ്ങളുടെ അവകാശം ഞങ്ങളില്‍ പൂര്‍ണ്ണമായും നിക്ഷിപ്തമാണ്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും എതിരായ ഈ പൊതു ഭീഷണിക്കെതിരെ ലോകം ഒന്നിക്കണം.
സെയ്ദ് അബ്ബാസിന്റെ ഈ ട്വീറ്റിലെ വാചകങ്ങള്‍ ഇസ്രായേലിനെതിരായി ഒരു സംഘടിത ആക്രമണത്തിന് ആഹ്വാനം ചെയ്തുള്ളതാണ്. ഒക്ടോബര്‍ ഒന്നിന്റെ ഇറാന്റെ ആക്രമണ തുടക്കത്തെ കുറിച്ച് ഒന്നും പ്രതികരിക്കാതെ ഇസ്രായേലിന്റെ തിരിച്ചടിയെ മാത്രം ഉയര്‍ത്തിക്കാട്ടിയാണ് ഇറാന്റെ പ്രതികരണമത്രയും. പാകിസ്താനും കുവൈറ്റും ജോര്‍ദ്ദാനും സൗദി അറേബ്യയും ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ചു രംഗത്തെത്തി. ഇസ്രയേല്‍ നടത്തിയത് ഇറാന്റെ പരമാധികാരത്തിന്മേലുള്ള ആക്രമണമെന്ന് ഖത്തര്‍ പ്രതികരിച്ചു. ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്ന് പറഞ്ഞാണ് ഖത്തര്‍ ഇറാന്റെ പക്ഷത്ത് ചേര്‍ന്നത്. മേഖലയിലെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണിയാകുന്ന എന്തിനേയും ചെറുക്കുമെന്നാണ് ഈജിപ്തിന്റെ പ്രതികരണം.
അറബ് രാജ്യങ്ങളും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും ഇറാനെ പ്രതിരോധിച്ച് രംഗത്തെത്തുമ്പോള്‍ സഖ്യകക്ഷികളുടെ നിലപാടും ശ്രദ്ധേയമാണ്. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഇറാഖിലെ വ്യോമമേഖലയില്‍ നിന്നുള്ള ഇസ്രായേലിന്റെ ആക്രമണത്തില്‍ നിന്ന് തന്നെ യുഎസ് നിലപാട് വ്യക്തമാണ്. ഒക്ടോബര്‍ ഒന്നിന് ഇസ്രായേലിനെ ആക്രമിച്ചിട്ടല്ലേ പ്രത്യാക്രമണം ഉണ്ടായതെന്നാണ് അമേരിക്കയുടെ ചോദ്യം. ഇസ്രയേലിനെതിരായ ടെഹ്റാന് നേരത്തെ നടത്തിയ ആക്രമണത്തിന് ആനുപാതികമായ മറുപടിയാണ് ഇപ്പോഴത്തെ ആക്രമണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തില്‍ നിന്നുള്ള പ്രതികരണം. ഹമാസ്-ഹിസ്ബുള്ള ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇസ്രയേലിന് അമേരിക്ക നല്കുന്ന പിന്തുണ ഇരുമ്പുലക്കയുടേതാണെന്ന് വ്യക്തമാക്കുന്നതാണ് പെന്റഗണിന്റെയടക്കം പ്രതികരണങ്ങള്‍. ഇറാന് മുന്നറിയിപ്പ് നല്‍കാനും അമേരിക്ക മടിച്ചിട്ടില്ല. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ‘കൃത്യമായ ആക്രമണങ്ങള്‍ക്ക്’ പ്രതികാര നടപടി വേണ്ടെന്നാണ് അമേരിക്കയുടെ ഇറാനുള്ള മുന്നറിയിപ്പ്. ഇസ്രായേലിനെ കയറി ആക്രമിച്ച് നേടിയതല്ലേ തിരിച്ചടിയെന്നാണ് ആ മുന്നറിയിപ്പിലൊളിച്ച ചോദ്യം.
ഇറാന് ഭരണകൂടം മാസങ്ങളായി നടത്തുന്ന ആക്രമണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കി ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് മേല്‍ കൃത്യവും പരിമിതവുമായ ആക്രമണം നടത്തിയെന്നായിരുന്നു ശനിയാഴ്ചത്തെ ആക്രമണത്തെ കുറിച്ച് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചത്. ഈ വാക്കുകള്‍ തന്നെ ഉപയോഗിച്ചാണ് ഇറാനുള്ള യുഎസ് മുന്നറിയിപ്പെന്നതും ശ്രദ്ധേയമാണ്. ഇറാന് മേലുള്ള ആക്രമണങ്ങളില്‍ അപലപിച്ച് യുഎഇയും ഖത്തറും സൗദി അറേബ്യയും ഈജിപ്തും കുവൈറ്റും ജോര്ദ്ദാനുമെല്ലാം രംഗത്ത് വരുമ്പോള്‍ ഇറാനെ എല്ലാ ഘട്ടത്തിലും പിന്തുണച്ചു സഹായം നല്കുന്ന റഷ്യയുടെ പ്രതികരണവും ശ്രദ്ധേയമാണ്. ഒരു ‘ മഹാവിപത്തിനുള്ള സാഹചര്യം’ ഒഴിവാക്കാനും സ്ഥിതി നിയന്ത്രിക്കാനും ഇരുപക്ഷത്തോടും അഭ്യര്‍ത്ഥിക്കുയാണ് റഷ്യ ചെയ്തത്. അതായത് കണ്ണടച്ച് ഇറാനെ പിന്തുണയ്ക്കുകയോ ഇസ്രായേലിനെ വെല്ലുവിളിക്കുകയോ മുന്നറിയിപ്പു നല്‍കുകയോ ചെയ്യാതെ ഇന്ത്യ സാധാരണ സ്വീകരിച്ചുവരുന്ന ചേരിചേരാ നയം പോലൊരു സമീപനമാണ് റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. രണ്ട് വര്‍ഷത്തിലേറെയായി മോസ്കോ ഉക്രെയ്നുമായി യുദ്ധത്തിലാണെന്നിരിക്കെ സ്വന്തം താല്പര്യങ്ങളും സുരക്ഷയും ഉറപ്പാക്കാന്‍ ഇസ്രായേലിന് എതിരായൊരു പരാമര്‍ശത്തിന് പണ്ടുകാലത്തേ പോലെ റഷ്യ മുതിരുന്നില്ലെന്നതാണ് വാസ്തവം.
ഇനി അമേരിക്കയുടെ അതേ നിലപാടാണ് യൂറോപ്പിലെ പ്രബലശക്തികള്ക്കെല്ലാം എന്ന് വ്യക്തമാക്കുന്നുണ്ട് അവിടെ നിന്നുള്ള പ്രതികരണങ്ങള്‍. യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ യുഎസ് നിലപാടിനെ പ്രതിഫലിപ്പിക്കുന്ന പ്രതികരണമാണ് നടത്തിയത്.
ഇറാന് ആക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതുപോലെ ഇനിയും വിഷയം പ്രാദേശികമായി ഉയരാതിരിക്കാനും സുസ്ഥിരത നഷ്ടപ്പെടാതിരിക്കാനും എല്ലാ കക്ഷികളോടും സംയമനം പാലിക്കണമെന്നും പറയുന്നു. ഇറാന് തിരിച്ചടിക്കരുത്.
മേഖലയിലുടനീളമുള്ള സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിന് ഞങ്ങള്‍ സഖ്യകക്ഷികളുമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് പറയുന്ന യുകെ മുന്നോട്ട് വെയ്ക്കുന്ന ഒരു കാര്യം നേരത്തേ പോലെ ഇനിയും ആക്രമിച്ച് ഇറാന് തിരിച്ചടി മേടിക്കരുതെന്നാണ്. ഇറാന് തിരിച്ചടിക്കരുതെന്ന് യുകെ പറഞ്ഞപോലെ തന്നെയാണ് ജര്‍മ്മന്‍ ചാന്‍സലറുടെ ഇറാനുള്ള സന്ദേശവും. മിഡില്‍ ഈസ്റ്റ് സമാധാനപൂര്‍ണമാക്കി മാറ്റാനുള്ള അവസരമുണ്ടാകണമെങ്കില്‍ സ്ഥിതി വഷളാകാന്‍ അനുവദിക്കരുത്. ഫ്രാന്‍സും ഇറാന് ഇനി വീണ്ടും ആക്രമണത്തിന് മുതിരരുതെന്നാണ് വ്യക്തമാക്കിയത്. അമേരിക്ക നല്കിയ പോലെ ശക്തമായൊരു മുന്നറിയിപ്പല്ലെങ്കിലും തങ്ങള്‍ ഇസ്രായേല്‍ നടപടി തെറ്റായി കാണുന്നില്ലെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ നേതാക്കള്‍ വ്യക്തമാക്കിയത്. അറബ് ലോകം ഇറാന് നേരെയുള്ള ആക്രമണങ്ങളെ അപലപിക്കുയും ഇസ്രായേലിനെ പ്രതികൂട്ടില്‍ നിര്‍ത്തുകയും ചെയ്യുമ്പോള്‍ പാശ്ചാത്യ ലോകം ഇസ്രായേലിന്റെ തിരിച്ചടിയെ അംഗീകരിച്ച് ഒപ്പം നില്‍ക്കുകയാണ്. നിലപാട് കടുപ്പിക്കാതെ ഇരുകൂട്ടരും സ്ഥിതിഗതികള്‍ സമാധാന പൂര്ണമാക്കാന് ശ്രമിക്കാത്ത പക്ഷം ഇസ്രായേല്‍- ഇറാന് പോരാട്ടം വ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കും. ലോകം രണ്ട് ചേരിയാകുന്നത് പോലൊരു യുദ്ധാവസ്ഥ, ഒരു മൂന്നാം ലോകമഹായുദ്ധം, ആണവശക്തി കരുത്താര്‍ജ്ജിച്ച രാജ്യങ്ങള്‍ക്കിടയില്‍ യുദ്ധഭൂമിയായി പശ്ചിമേഷ്യ മാറിയാല്‍ മനുഷ്യരാശിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും.