ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഉറവിടമായി കണക്കാക്കാവുന്നവയാണ് ഡ്രൈ ഫ്രൂട്ട്സ്. ഏറെ ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ഇവ ശരീരത്തിന് ഊർജം നൽകുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നവയാണ്. പല തരത്തിലുള്ള ഡ്രൈ ഫ്രൂട്ട്സ് വിപണിയിൽ ഇന്ന് ലഭ്യമാണ്. ആരോഗ്യകരമായ ലഘുഭക്ഷണങ്ങളിൽ ഉൾപ്പെടുത്താവുന്ന ഇവ ഒറ്റയ്ക്കോ സ്മൂത്തികൾ, ഓട്സ് എന്നിവയ്ക്കൊപ്പമോ കഴിക്കാവുന്നതാണ്. എന്നാൽ ചില ഡ്രൈഫ്രൂട്ട്സ് കുതിർത്ത് കഴിച്ചാൽ മികച്ച ഗുണം ലഭിക്കുന്നവയാണ്. അവ ഏതൊക്കെയെന്ന് നോക്കാം.
പട്ടികയിൽ ആദ്യത്തേത് ‘ബദാം’ ആണ്. വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, എസെൻഷ്യൽ ഓയിൽ എന്നിവയാൽ സമ്പന്നമായ ബദാം മികച്ച ഡ്രൈ ഫ്രൂട്ട്സുകളിൽ ഒന്നാണ്. ഫാറ്റി ആസിഡും പ്രോട്ടീനും ഫൈബറും അടങ്ങിയതാണ് ബദാം. കൊളസ്ട്രോൾ കുറയ്ക്കാനും ശ്വാസകോശത്തിൻറെയും ഹൃദയത്തിൻറെയും ആരോഗ്യത്തിനും പതിവായി ബദാം കഴിക്കുന്നതും വളരെ നല്ലതാണ്. ചർമ്മത്തെ ആരോഗ്യകരവും തിളക്കവുമുള്ളതുമാക്കുന്ന ബദാമിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. ബദാമിൽ നിന്ന് കൂടുതൽ ഗുണങ്ങൾ ലഭിക്കാൻ അവ കുതിർത്ത് തൊലി കളഞ്ഞ് കഴിക്കണമെന്നാണ് പറയുന്നത്.
ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ ഡ്രൈ ഫ്രൂട്ട് ആണ് വാൾനട്ട്. വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ ഫാറ്റി ആസിഡുകളുടെ അളവ് ശരീരഭാരം കുറയ്ക്കാൻ ഒരു വ്യക്തിയെ സഹായിക്കും. ചുമ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്കും വാൾനട്ട് കഴിക്കുന്നത് നല്ലതാണ്. നല്ല ആരോഗ്യത്തിനായി വാൾനട്ട് ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. പാലിലോ ശുദ്ധമായ വെള്ളത്തിലോ കുതിർത്ത് ഇവ കഴിക്കാവുന്നതാണ്.
നിരവധി ഗുണങ്ങൾ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ട് ആണ് ഉണക്കമുന്തിരി. കുതിർത്ത ഉണക്കമുന്തിരി മലബന്ധത്തിന് പരിഹാരം ആണ്. വെള്ളത്തിൽ കുതിർത്ത് കഴിക്കുന്ന ഉണക്കമുന്തിരി ശരീരത്തിന് നല്ലതാണ് ഏന് മാത്രമല്ല അത് മലവിസർജ്ജനം സുഗമമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചില ഭക്ഷണങ്ങൾ മൂലമുണ്ടാകുന്ന അസിഡിറ്റി മാറാനും കുതിർത്ത ഉണക്കമുന്തിരി സഹായിക്കുന്നു.
രുചികരമായ ഒരു ഡ്രൈ ഫ്രൂട്ട് ആണ് അത്തിപ്പഴം. നാരുകൾ നിറഞ്ഞിരിക്കുന്ന അത്തിപ്പഴം ആരോഗ്യത്തിന് വളരെ നല്ലതാണ്. കൊഴുപ്പും കൊളസ്‌ട്രോളും സമീകൃതമായ അളവിൽ ഉള്ള അത്തിപഴത്തിൽ കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയിട്ടില്ല എന്നതിനാൽ ശരീരത്തിന് നല്ലതാണ്. പ്രത്യുൽപാദന ആരോഗ്യത്തിനും ഇവ വളരെ നല്ലതാണ്. ഇവയും കുതിർത്ത് കഴിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. പിസിഒഎസ് ഉള്ളവർ ഇവ കുതിർത്തത് കഴിക്കുന്നത് ഗുണം ചെയ്യും. മലവിസർജ്ജനവും എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.
പോഷകങ്ങളുടെ ഒരു പവർഹൗസാണ് ഈന്തപ്പഴം. ധാതുക്കളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുള്ള ഈന്തപ്പഴത്തിൽ ധാരാളമായി കാണപ്പെടുന്ന പൊട്ടാസ്യം ഒരു വ്യക്തിയുടെ നാഡീവ്യവസ്ഥയെ മെച്ചപ്പെടുത്തും. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഓർഗാനിക് സൾഫറിന്റെ അളവ് സീസണൽ അലർജികൾ തടയാനും സഹായിക്കും. ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ ഈന്തപ്പഴം സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. കുതിർത്ത ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ നിരവധിയാണ്. ഈന്തപ്പഴം ഇരുമ്പിന്റെ മികച്ച ഉറവിടം കൂടിയാണ്.
ഈന്തപ്പഴം, ബദാം എന്നിവ പ്രഭാതഭക്ഷണത്തിന് ഒരു മികച്ച ബദലാണ്. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് ഡ്രൈ ഫ്രൂട്ട്സ്. പൊട്ടാസ്യം, ഇരുമ്പ്, ഫോളേറ്റ്, കാൽസ്യം, മഗ്നീഷ്യം എന്നിവയെല്ലാം ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടം കൂടിയാണ് ഇവ. സാധാരണ പഴങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡ്രൈ ഫ്രൂട്ട്‌സ് സൂക്ഷിക്കാനും വളരെ എളുപ്പമാണ്, മാത്രമല്ല കൂടുതൽ കാലം കേടാകാതെയിരിക്കും.
Read more
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.