അന്തരങ്ങളെ അകറ്റാം, കാന്‍സറിന് എതിരെ ഒന്നിക്കാം.

ഡോ. അരുണ്‍ വാര്യര്‍

‘Close the care gap’  എന്ന 2022-ലെ ലോക ക്യാന്‍സര്‍ ദിന ആപ്തവാക്യത്തിന്റെ മലയാള തര്‍ജ്ജമയായി ഈ ശീര്‍ഷകത്തെ കരുതാം. ക്യാന്‍സര്‍ എന്ന മാരകരോഗത്തിന്റെ വ്യാപ്തി കുറച്ച് കൂടുതല്‍ ആളുകളെ ചികിത്സിച്ചു ഭേദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങളില്‍ വളരെ ശക്തമായ ഒരു മുദ്രാവാക്യമായി ഇതിനെ കാണുകതന്നെ വേണം. പൊതുജനത്തിന് ‘ക്യാന്‍സര്‍’ എന്ന പദം ഇന്ന് പുതുമയല്ല. ജീവിതശൈലിയിലെ മാറ്റങ്ങളും വര്‍ദ്ധിക്കുന്ന ആയുഷ്‌കാലവും നിമിത്തം എല്ലാ കുടുംബങ്ങളിലും ഇന്ന് ഈ രോഗം വിരുന്നെത്തിക്കഴിഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ‘ I am and I will’ എന്നായിരുന്നു മുദ്രാവാക്യം. ഓരോരുത്തര്‍ക്കും, അതായത് വ്യക്തി, സമൂഹം, സംഘടനകള്‍ എന്നീ ‘I’ കളിലൂടെ ക്യാന്‍സറിനെതിരെ ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കാം എന്ന പ്രതിജ്ഞയായി ഈ പദം മാറി. ഇതില്‍നിന്നും ഒരു പടി കൂടി മുന്നിലാണ് ‘Close the care gap’.

ക്യാന്‍സര്‍ പരിശോധനകള്‍ (Screening and Diagnosis), ചികിത്സകള്‍ (സര്‍ജറി, കീമോ തെറാപ്പി, റേഡിയേഷന്‍) എന്നിവയിലെല്ലാം ഈ ‘അന്തരം’ അഥവാ ‘Care gap’ പ്രതിഫലിക്കുന്നുണ്ട്. ക്യാന്‍സര്‍ പ്രാരംഭദശയില്‍ കണ്ടെത്താന്‍ സഹായിക്കുന്ന Mammogram, Pap Smear, Colonoscopy എന്നിവ കൃത്യമായ കാലയളവുകളില്‍ നടത്താന്‍ ഭൂരിഭാഗം ആളുകള്‍ക്കും സാധിക്കുന്നില്ല. സാമ്പത്തികമായ കാരണങ്ങള്‍ക്കപ്പുറം ഈ പരിശോധനകള്‍ ആരെല്ലാം ചെയ്യണം, ഏതു പ്രായത്തില്‍, എത്ര പ്രാവശ്യം, എവിടെ എന്നിവ മനസ്സിലാക്കാത്തതാണ് പ്രധാന പ്രശ്‌നം. ഇനിയെങ്ങാനും ക്യാന്‍സര്‍ കണ്ടെത്തിയാലോ എന്ന അടിസ്ഥാനരഹിതമായ ഭയംകൂടിയാകുമ്പോള്‍ സമൂഹത്തിനു നഷ്ടമാകുന്നത് വിലപ്പെട്ട ജീവനുകളാണ്. ഈ സംശയങ്ങള്‍ ദൂരീകരിച്ച് അര്‍ഹരായ എല്ലാവരെയും Screening പരിശോധനകള്‍ക്ക് വിധേയരാക്കുന്നതിലൂടെ കുറയ്ക്കുന്നതിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു.

രക്തസ്രാവം, വിട്ടുമാറാത്ത ചുമ, പനി, അകാരണമായി തൂക്കം കുറയുന്നത്, കഠിനമായ വേദനകള്‍, മുഴകള്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാലും രോഗികള്‍ ഡോക്ടറുടെ അടുത്ത് എത്താന്‍ വൈകുന്നുണ്ട്. Covid-19 മൂലം ആശുപത്രിയില്‍ പോകാനുള്ള ഭയംകൂടി ചേര്‍ന്നപ്പോള്‍ ഒന്നാം സ്റ്റേജില്‍ കണ്ടെത്താമായിരുന്ന പല ക്യാന്‍സറുകളും ‘നിര്‍വിഘ്‌നം വളര്‍ന്ന്’ നാലാം സ്റ്റേജില്‍ എത്തുന്നത് വളരെ ദു:ഖകരമായ ഒന്നാണ്. ടെലിമെഡിസിന്‍, ഫോണിലൂടെയുള്ള പരിശോധന എന്നിവയും കൂടുതലായി ഉപയോഗപ്പെടുത്തുന്നുന്നതിലൂടെ ‘അപകടലക്ഷണങ്ങളു’ള്ള രോഗികള്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുവാന്‍ സാധിക്കും. ആവശ്യമായ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് ക്യാന്‍സര്‍ നിര്‍ണ്ണയത്തിന് ആവശ്യമായ സ്‌കാനുകള്‍ ബയോപ്‌സി തുടങ്ങിയ പരിശോധനകള്‍ ഏറ്റവും അടുത്ത ആശുപ്രത്രിയില്‍ നടത്തുവാന്‍ സാധിച്ചാല്‍ പ്രധാനപ്പെട്ട മറ്റൊരു അന്തരം കൂടി തരണം ചെയ്യാം.

ചികിത്സാരീതികള്‍ എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമല്ല എന്നത് മറ്റൊരു തെറ്റിദ്ധാരണയാണ്. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി കേരളത്തില്‍ എല്ലാ ജില്ലകളിലും ക്യാന്‍സര്‍ ആശുപത്രികള്‍ ആരംഭിച്ചിട്ടുണ്ട്. മഹാനഗരങ്ങളില്‍ ഒന്നിലധികം സമഗ്ര ക്യാന്‍സര്‍ ചികിത്സാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നവീന ശസ്ത്രക്രിയാ രീതികള്‍ Immunotherapy, മജ്ജ മാറ്റിവെക്കല്‍ ഉള്‍പ്പെടുന്ന കീമോതെറാപ്പി ചികിത്സകള്‍, പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ IMRT, SBRT എന്നീ റേഡിയേഷന്‍ രീതികള്‍ എന്നിവ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ സര്‍വ്വസാധാരണയായി ലഭ്യമാണ്. വിദേശങ്ങളില്‍ നടത്തുന്ന അതേ രീതിയിലുള്ള പ്രോട്ടോകോള്‍ ചികിത്സകള്‍ കേരളത്തിലും നടക്കുന്നു. സ്വകാര്യതയ്ക്കായാണ് തങ്ങള്‍ വിദേശങ്ങളില്‍ പോകുന്നതെന്നും കേരളത്തിലെ ക്യാന്‍സര്‍ ചികിത്സ ലോകോത്തരനിലവാരത്തിലുള്ളതാണെന്നും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രഗത്ഭര്‍തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അപൂര്‍വ്വമായി മാത്രം ഉപയോഗിക്കുന്നതും പലപ്പോഴും പൂര്‍ണ്ണാരോഗ്യസൗഖ്യം ഉറപ്പിക്കാന്‍ സാധിക്കാത്തതുമായ ചില വിലകൂടിയ മരുന്നുകളുണ്ട്. എങ്കിലും ‘Curative’ ആയ ഏതു ചികിത്സയും ഇന്ന് ഭൂരിപക്ഷ രോഗികള്‍ക്കും നിഷേധിക്കപ്പെടുന്നില്ല എന്ന് നിസ്സംശയം പറയാം. ഒരുപക്ഷെ Clinical Trials-ലൂടെ പുതിയ മരുന്നുകള്‍കൂടി രോഗികള്‍ക്ക് നല്‍കാന്‍ സാധിച്ചാല്‍ ഈ മേഖലയിലെ അന്തരം കൂടി ഇല്ലാതാക്കാന്‍ സാധിക്കും.

ശരീരത്തിനു നല്‍കുന്ന ചികിത്സപോലെതന്നെ പ്രധാനപ്പെട്ടതാണ് രോഗിയുടെ മനസ്സിനും കുടുംബത്തിനും നല്‍കുന്ന പിന്തുണ. പലതരം കുടുംബങ്ങളെ കാണാറുണ്ട്. മിക്കവരും ‘ക്യാന്‍സര്‍’ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ പകച്ച് ഭയന്ന് സംസാരിക്കാന്‍പോലും സന്നദ്ധരല്ലാതെയാണ് ആദ്യം വരിക. ക്രമേണ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ചികിത്സയിലൂടെ മുന്നേറുമ്പോള്‍ അവര്‍ക്ക് സമാധാനമാകും. Social worker, Psychologist എന്നിവരുടെ കൗണ്‍സലിംഗും ചിലപ്പോള്‍ ഭീതി അകറ്റാനുള്ള മരുന്നുകളും യാഥാര്‍ത്ഥ്യവുമായുള്ള അവരുടെ ‘അന്തരം’ കുറയ്ക്കാന്‍ അനിവാര്യമാണ്. ചെറുതല്ലാത്ത ഒരു വിഭാഗം ചികിത്സാരീതികളെ ഭയന്ന്  Alternative Therapy യ്‌ക്കെല്ലാം പോകുന്നുണ്ട്. ശാസ്ത്രീയമായി ഒരടിസ്ഥാനമോ പ്രാവീണ്യമോ ഇല്ലാത്ത നാട്ടുവൈദ്യന്‍മാരുടെ പ്രേരണയാല്‍ അസുഖം മൂര്‍ച്ഛിച്ച് കീഴ്‌പ്പെടുന്നത് കൂടിവരുന്ന ഒരു കാലഘട്ടമാണിത്. നവമാദ്ധ്യമങ്ങളിലൂടെ അത്ഭുതചികിത്സ ക്യാന്‍സര്‍ മാറ്റുന്ന ചെടികള്‍, ഭക്ഷണരീതികള്‍, തുള്ളിമരുന്നുകള്‍ എന്നുതുടങ്ങി ഒരു വലിയ വ്യവസായമായിത്തന്നെ ഇത് വളര്‍ന്നുകഴിഞ്ഞു. ഇവയ്‌ക്കെതിരെ യാഥാര്‍ത്ഥ്യബോധത്തോടെ ശാസ്ത്രീയരീതിയില്‍ അധിഷ്ഠിതമായ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കേണ്ടത് അന്തരം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

Read more

2022 ഫെബ്രുവരി 4 ലോക ക്യാന്‍സര്‍ ദിനത്തില്‍ ‘അന്തരങ്ങള്‍ അകറ്റാം’ എന്ന ക്യാംപെയ്‌നിന്റെ ആദ്യവര്‍ഷത്തിന്റെ തുടക്കമാണ്. ക്യാന്‍സര്‍ രോഗികള്‍ക്ക് നേരിടേണ്ടിവരുന്ന ചില അന്തരങ്ങള്‍ മാത്രമാണ് ഇവിടെ വിലയിരുത്തിയിരിക്കുന്നത്. മൂന്നുവര്‍ഷത്തെ ‘Close the care gap’ പ്രവര്‍ത്തനങ്ങളിലൂടെ സമൂലമായ ഒരു മാറ്റം ക്യാന്‍സര്‍ ചികിത്സയില്‍ ഉണ്ടാകും എന്നു കരുതാം, അതിനുവേണ്ടി പ്രവര്‍ത്തിക്കാം.