കാലുകളിലെ മരവിപ്പും വേദനയും ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങളുമാകാം

പലരുടെയും ആരോഗ്യപ്രശ്നമാണ് നിശബ്ദ കൊലയാളി എന്ന് അറിയപ്പെടുന്ന രക്തസമ്മർദം. രക്തസമ്മര്‍ദ്ദം കൂടുന്നതും കുറയുന്നതുമായി ബന്ധപ്പെട്ട പല ആരോഗ്യപ്രശ്നങ്ങളും ഇപ്പോൾ സമൂഹത്തില്‍ വർധിച്ചു വരികയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍ ഇപ്പോള്‍ പലരിലും കാണപ്പെടുന്ന ഒരു രോഗമായി മാറിയിരിക്കുകയാണ്. ഉയർന്ന രക്തസമ്മർദം ശരീരത്തിന്റെ കീഴ്ഭാഗത്തും കാലുകളിലും ചില ലക്ഷണങ്ങൾ പ്രകടമാക്കാറുണ്ട്. രക്തസമ്മർദ്ദത്തിന് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും പുറമെ കാണപ്പെടില്ല എന്നതുകൊണ്ടാണ് ഇവയെ നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നത് തന്നെ. അപ്രതീക്ഷിതമായി ഒരു ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകുമ്പോഴാണ് പലരും രക്തസമ്മർദത്തെ തിരിച്ചറിയുക തന്നെ.

രക്തസമ്മർദം ഉയരുമ്പോൾ കാലുകളിലേക്കുള്ള രക്തയോട്ടത്തെ തടസപ്പെടുകയാണ് ചെയ്യുക. പെരിഫെറൽ ആർട്ടറി ഡിസീസ് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. ഇത്തരത്തിൽ രക്തയോട്ടം തടസപ്പെടുമ്പോൾ കാലുകളിലേക്കും കൈകളിലേക്കുമുള്ള രക്‌തപ്രവാഹം നിശ്ചലമാകും. ഇതിന്റെ ഫലമായി നടക്കുമ്പോൾ കാലുവേദന, കൈകാലുകൾ തണുത്തു പോകുക എന്നീ ലക്ഷണങ്ങൾ ഉണ്ടായേക്കാം.
കാലുകളിലെ രോമം കൊഴിഞ്ഞ് പോവുക, കാലുകളിൽ മരവിപ്പ്, കാൽപ്പത്തിക്ക് ചുവപ്പോ നീലയോ നിറം തുടങ്ങിയ ലക്ഷണങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാവാൻ സാധ്യതയുണ്ട്. കാലുകളിൽ ഉണ്ടാകുന്ന ഇത്തരം ലക്ഷണങ്ങൾക്ക് പുറമേ തലവേദന, കാഴ്ച മങ്ങുക, ക്ഷീണം, ശ്വാസം മുട്ടൽ, നെഞ്ചുവേദന, തലകറക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ഉയർന്ന രക്തസമ്മർദം കാരണം ഉണ്ടാവാം.

ഉയര്‍ന്ന രക്തസമ്മര്‍ദം വരുത്തുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതായതിനാൽ പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയത്തിന്റെ പേശികള്‍ക്ക് ആയാസവും ഹൃദയത്തിന് വീക്കവും ഉണ്ടാക്കി ഹൃദയാഘാതത്തിന് ഇടയാക്കും. ഇതുകൂടാതെ പക്ഷാഘാതത്തിനുള്ള പ്രധാന കാരണവും അമിത രക്തസമ്മർദം തന്നെയാണ്. വൃക്കയിലെ രക്തയോട്ടം കുറയ്ക്കുകയും തലച്ചോറിലെ രക്തസ്രാവം മൂലമുള്ള ഓര്‍മക്കുറവിന് ഇടയാക്കുകയും ചെയ്യുന്ന ഒന്നാണ് രക്തസമ്മർദം. അമിത രക്തസമ്മര്‍ദം തലച്ചോറിലെ രക്തം കട്ടപിടിക്കാനോ പൊട്ടിയൊലിക്കാനോ ഇടയാക്കാറുണ്ട്.

പ്രതിരോധിക്കാനും നിയന്ത്രിക്കാനും കഴിയുന്ന ഒരു രോഗമാണ് അമിത രക്തസമ്മര്‍ദം. ജീവിതശൈലിയില്‍ കൊണ്ടുവരുന്ന ആരോഗ്യകരമായ മാറ്റങ്ങളിലൂടെയും അനുയോജ്യമായ ക്രമീകരണങ്ങളിലൂടെയും രക്താതിമർദത്തിന്റെ ആരംഭഘട്ടത്തെ നമുക്ക് നിയന്ത്രിക്കാനാവും. പരിശോധനകളിലൂടെ എറ്റവും എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കുന്ന രോഗമാണ് ഇവയെങ്കിലും ഭൂരിഭാഗം പേർക്കും രോഗം ഉണ്ടെങ്കിലും അറിയാൻ സാധിക്കാറില്ല. മസ്തിഷ്കാഘാതത്തിന്റെയോ ഹൃദയാഘത്തിന്റെയോ രൂപത്തില്‍ രക്തസമ്മര്‍ദം കടന്നു വരുമ്പോഴാണ് പലരും രോഗത്തെ തിരിച്ചറിയാറുള്ളത്.

ശരീരത്തിലെ ഉയർന്ന രക്തസമ്മർദം ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാകുന്നതിനാൽ ഇവ കൃത്യ സമയത്ത് കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തില്‍ 40 വയസ്സിന് മുകളിലുള്ള ആളുകളിൽ ഏകദേശം 30–40 ശതമാനം പേർക്ക് ഹൈപ്പർ ടെൻഷൻ ഉണ്ടെന്നാണ് പഠനങ്ങള്‍ പോലും സൂചിപ്പിക്കുന്നത്. കൃത്യമായ പരിശോധനകള്‍ വേണ്ട ഒരു രോഗമാണിത്. അതിനാൽ ബിപി അഥവാ ബ്ലഡ് പ്രഷർ ഇടയ്ക്കിടയ്ക്ക് കൂടുന്നവര്‍ വീട്ടില്‍ തന്നെ ബിപി പരിശോധന നടത്തുന്നത് വളരെ പ്രയോജനം ചെയ്യും. പ്രമേഹം, അമിതവണ്ണം തുടങ്ങിയവ ഉള്ളവരാണെങ്കിലും ബിപി പരിശോധിക്കണം.

Read more

മരുന്നുകൾ ഉപയോഗിക്കുന്നതിന് പുറമേ ആരോഗ്യകരമായ ജീവിതശൈലി കൊണ്ടും ഉയർന്ന രക്തസമ്മർദത്തെ നിയന്ത്രിക്കാൻ സാധിക്കും. ദിവസവുമുള്ള വ്യായാമം, ആരോഗ്യപ്രദമായ ഭക്ഷണം, ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കൽ, മദ്യപാനം, പുകവലി തുടങ്ങിയ ദുഃശ്ശീലങ്ങൾ ഒഴിവാക്കൽ തുടങ്ങിയ നിരവധി കാര്യങ്ങൾ രക്തസമ്മർദത്തെ കുറയ്ക്കാൻ സഹായകമാണ്. ഫൈബർ ധാരാളം അടങ്ങിയതും കൊഴുപ്പ് കുറഞ്ഞതുമായ ഹോൾഗ്രെയ്ൻ റൈസ്, ബ്രഡ്, പാസ്ത പോലുള്ള ഭക്ഷണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയും രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും.