സെഡാൻ പ്രേമികളുടെ ഇഷ്ടവാഹനമായ വെർണയുടെ പുതിയ പതിപ്പ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ വിപണിയിലെത്തിച്ചു. വാഹനത്തിന്റെ അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെയും പ്രത്യേകതകളോടെയുമാണ് 2023 പതിപ്പ് എത്തിയിരിക്കുന്നത്. പുറത്തിറക്കുന്നതിന് മുന്നോടിയായി ഹ്യുണ്ടായ് കഴിഞ്ഞ മാസം മുതൽ വെർണയുടെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിരുന്നു. പുതിയ തലമുറ വെർണയ്ക്ക് ഇതിനകം 8,000ലധികം ബുക്കിംഗുകൾ ലഭിച്ചതായാണ് കമ്പനി പറയുന്നത്. ഉപഭോക്താക്കൾക്ക് പ്രാരംഭ തുകയായി 25,000 രൂപ കൊടുത്ത് ഓൺലൈനിലോ ഡീലർഷിപ്പുകളിലോ പുതിയ തലമുറ ഹ്യുണ്ടായ് വെർണ ബുക്ക് ചെയ്യാൻ സാധിക്കും. പുതിയ ടർബോ പെട്രോൾ എഞ്ചിൻ, അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റം തുടങ്ങിയ കിടിലൻ സജ്ജീകരണങ്ങളോടെയാണ് വെർണയുടെ ഇത്തവണത്തെ വരവ്.
അതീവ സ്റ്റൈലിഷായ വെർണയെ ആണ് കമ്പനി ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. സ്പ്ലിറ്റ് ഹെഡ് ലാംപുകളും മുൻവശത്തെ നീണ്ട എല്‍ഇഡി ലാമ്പും ആരെയും ആകർഷിക്കുന്നവയാണ്. ആരോ ഷേപ്പ് ഫിനിഷുള്ള ബമ്പർ, പുതിയ ബോണറ്റ് ഘടനയിലെ ശ്രദ്ധേയമായ ക്രീസുകൾ എന്നിവയും പുത്തൻ വെർണയെ വ്യത്യസ്തമാക്കുന്നു. വശങ്ങളിലുള്ള എഡ്ജി ക്യാരക്ടർ ലൈനുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകളും, ഫാസ്റ്റ്ബാക്ക് ശൈലിയിലുള്ള റൂഫും വെർണയെ വേറെ തലത്തിലെത്തിക്കുന്നു. സെഗ്‌മെന്റിലെ ഏറ്റവും വലിയ വാഹനങ്ങളിൽ ഒന്നാണ് വർണ. 4535 എംഎം നീളവും 1765 എംഎം വീതിയും 2670 എംഎം വീൽബേസുമാണ് കാറിനുള്ളത്.
ആഡംബര കാറുകളോട് കിടപിടിക്കുന്ന തരത്തിലുള്ള ഇന്റീരിയർ ആണ് ഹ്യുണ്ടായ് പുതിയ വെർണയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടൂ ടോൺ ഫിനിഷുള്ള ലേയേർഡ് ഡാഷ്‌ബോർഡ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവ ഒറ്റ ലേഔട്ടിലേക്ക് സംയോജിപ്പിച്ചിരിക്കുന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. മൾട്ടി-ഫങ്ഷൻ സ്റ്റിയറിംഗ് വീൽ, കോൺട്രാസ്റ്റ് റെഡ് ആക്‌സന്റുകളോട് കൂടിയ ഇന്റീരിയർ തീം, വെന്റിലേറ്റഡ്, മെസേജ് ഫംഗ്‌ഷൻ ഉള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് ഇന്റീരിയറിലെ മറ്റ് വിശേഷങ്ങൾ. വാഹനത്തിന്റെ സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി എന്നിവ ബേസ് വേരിയന്റ് മുതൽ നൽകിയിട്ടുണ്ട്. ഉയർന്ന ഡിസിടി വേരിയന്റിൽ നാല് ഡിസ്ക് ബ്രേക്കുകളും നൽകിയിരിക്കുന്നു. ചില വേരിയന്റുകളിൽ എഡിഎഎസ് ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിലെ 1.5 ലീറ്റര്‍ 115 ബിഎച്ച്പി എൻജിന് പുറമേ 160 ബിഎച്ച്പി പെട്രോള്‍ എൻജിൻ ഓപ്ഷനും ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 1.5 ലീറ്റര്‍ 160 ബിഎച്ച്പി എൻജിനില്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും ഉണ്ടാവുക. 115 ബിഎച്ച്പി എൻജിനില്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഗിയര്‍ബോക്‌സായിരിക്കും ഉണ്ടാവുക. പുതിയ വെർണയിൽ ഡീസല്‍ എൻജിൻ ഉണ്ടാവില്ല.EX, S, SX, SX(O) എന്നീ നാല് വേരിയന്റുകളിൽ പുതിയ വെർണ ലഭ്യമാകും. പുതിയ ഹ്യുണ്ടായ് വെർണ 7 സിംഗിൾ-ടോൺ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഫിയറി റെഡ്, ടൈഫൂൺ സിൽവർ, അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ടെല്ലൂറിയൻ ബ്രൗൺ, ടൈറ്റൻ ഗ്രേ, സ്റ്റാറി നൈറ്റ്. ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ബ്ലാക്ക് റൂഫുള്ള അറ്റ്ലസ് വൈറ്റും ബ്ലാക്ക് റൂഫുള്ള ഫിയറി റെഡും ആണ് ഉൾപ്പെടുന്നത്.
Read more
10.89 ലക്ഷം രൂപ മുതൽ 17.37 ലക്ഷം രൂപ വരെയാണ് പുത്തൻ വെർണയുടെ എക്സ്ഷോറൂം വില വരുന്നത്. രാജ്യാന്തരവിപണിയില്‍ പുറത്തിറങ്ങുന്ന വെർണയുടെ പുതിയ പതിപ്പ് ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെ തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതോടെയാണ് വെർണയുടെ നിര്‍മാണം ഇന്ത്യയിലെത്തിയത്. പ്രതിവർഷം 70,000 യൂണിറ്റുകള്‍ വരെ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിക്കാനാണ് ഹ്യുണ്ടായ്‌യുടെ തീരുമാനം. 2006 മുതൽ ഇന്ത്യൻ വിപണിയിൽ 465000 യൂണിറ്റിലധികം വെർണകളാണ് വിറ്റഴിച്ചത്.