ഓരോ വർഷവും ഇന്ത്യയിലേക്ക് എത്തുന്ന കാറുകളുടെ എണ്ണം കൂടി വരികയാണ്. കാർ വാങ്ങുന്നവരുടെ എണ്ണത്തിലും ഈ അടുത്ത കാലത്തായി വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. എൻട്രി ലെവൽ കാറിൽ നിന്നും അടുത്ത വാഹനം വാങ്ങാൻ തയ്യാറെടുക്കുന്നവരും നിരവധിയാണ്. ബജറ്റ് സെഗ്‌മെൻ്റിൽ കിടിലൻ ഫീച്ചറുകളാൽ സമ്പന്നമായ കാറുകളുടെ ഒഴുക്കാണ് ഇപ്പോഴുള്ളത്. അതിനാൽ ഏത് വണ്ടി വാങ്ങും എന്നതാണ് പലരുടെയും സംശയം. 10 ലക്ഷം രൂപ വരെയുള്ള ബജറ്റിൽ നല്ല മോഡലുകൾ ഇന്ന് ലഭിക്കും. വാങ്ങിയ പണത്തിന് നഷ്ടമാണ് എന്ന് പറയിപ്പിക്കാത്ത ചില മോഡലുകൾ നോക്കിയാലോ…
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവിയാണ് നിസാൻ മാഗ്നൈറ്റ്. ഈ അടുത്ത് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എത്തിയതോടെ കൂടുതൽ പ്രീമിയം ആവാനും വാഹനത്തിന് സാധിച്ചിട്ടുണ്ട്. ഡിസൈനിൻ്റെ കാര്യത്തിൽ കാര്യമായ പരിഷ്ക്കാരങ്ങൾ ഒന്നുമില്ലെങ്കിലും ചില പോരായ്‌മകളെല്ലാം കമ്പനി നികത്തിയിട്ടുണ്ട്. മാത്രമല്ല 360-ഡിഗ്രി ക്യാമറയും റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണും ലഭിക്കുന്ന ഫീച്ചർ ലോഡഡ് എസ്‌യുവിയാണിത്. 7.04 ലക്ഷം രൂപ മുതലാണ് മാഗ്നൈറ്റിന് വരുന്ന ഓൺ-റോഡ് വില വരുന്നത്.
10 ലക്ഷം രൂപ ബജറ്റിൽ നല്ല നിർമാണ നിലവാരമുള്ള കാറാണ് ടാറ്റ ആൾട്രോസ്. ടാറ്റയുടെ ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്ക് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ആണ് മോഡൽ കരസ്ഥമാക്കിയത്. സേഫ്റ്റി മാത്രമല്ല, ഇൻ്റീരിയറിലെ ഫിറ്റും ഫിനിഷും കിടിലമാണ്. പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ ഓപ്ഷനുകളും ആൾട്രോസിലുണ്ട്. 7.68 ലക്ഷം മുതലാണ് മോഡലിന് മുടക്കേണ്ടി വരുന്ന വില.
നേരത്തെയുണ്ടായിരുന്ന കുറ്റങ്ങളും കുറവുകളുമെല്ലാം നികത്തിയെത്തിയ C3 ഇപ്പോൾ കൂടുതൽ സ്മാർട്ടായിട്ടുണ്ട്. 10 ലക്ഷം രൂപയിൽ താഴെ വാങ്ങാൻ കഴിയുന്ന നല്ലൊരു കാറാണ് C3. കിടിലൻ സസ്പെൻഷനും സ്പോർട്ടി എഞ്ചിനും നല്ല യാത്രാ സുഖവും ഈ കുഞ്ഞനിൽ സിട്രൺ ഒരുക്കിയിട്ടുണ്ട്. 7.42 ലക്ഷം രൂപ മുതലാണ് C3 മോഡലിനായി മുടക്കേണ്ടി വരുന്ന വില.
ഡാഷ്-ക്യാം, അലക്‌സ ഹോം 2 കാർ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, സ്‌മാർട്ട് കീലെസ് എൻട്രി എന്നിവയും അതിലേറെയും ഉള്ള സെഗ്‌മെൻ്റിലെ ഏറ്റവും ഫീച്ചർ ലോഡഡ് എസ്‌യുവികളിൽ ഹ്യുണ്ടായ് എക്സ്റ്റർ. 10 ലക്ഷത്തിന് നല്ല വേരിയന്റ് തെരഞ്ഞെടുക്കുകയാണെങ്കിൽ നിരാശപ്പെടേണ്ടി വരില്ല. സിറ്റി ഡ്രൈവുകൾക്ക് മികച്ച രീതിൽ കൊണ്ട് നടക്കാനും സാധിക്കും. ഹ്യുണ്ടായ്‌യുടെ ചെറിയ എസ്‌യുവിക്ക് നിലവിൽ 7.21 ലക്ഷം രൂപ മുതലാണ് ഓൺ-റോഡ് വില വരുന്നത്.
മുമ്പ് മാരുതി ഡിസയർ എന്ന് പറഞ്ഞാൽ പുച്ഛം മാത്രമായിരുന്നു കിട്ടുക. എന്നാൽ ഏറ്റവും പുതിയ ഡിസയർ വന്നതോടെ കാര്യങ്ങളെല്ലാം മാറി. 10 ലക്ഷം രൂപ ബജറ്റിൽ വിശ്വസിച്ച് വാങ്ങാൻ പറ്റിയ ഏറ്റവും നല്ല കാർ മാരുതി ഡിസയർ ആണെന്ന് തന്നെ ഇതുവരെയുള്ള റിപോർട്ടുകൾ കേട്ട് ഉറപ്പിക്കാം. പുതിയ ഡിസൈനും കിടിലൻ ഫീച്ചറുകളും മാത്രമല്ല, പുത്തൻ ത്രീ സിലിണ്ടർ എഞ്ചിനും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമാണ് കോംപാക്‌ട് സെഡാനിൽ ഒരുക്കിയിരിക്കുന്നത്.
പുതിയ ഡിസയറിലെ 1.2 ലിറ്റർ 3-സിലിണ്ടർ, Z-സീരീസ് NA പെട്രോൾ എഞ്ചിന് 81 ബിഎച്ച്പി പവറിൽ 112 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. മാനുവൽ, AMT ഗിയർബോക്സുകൾക്കുള്ള ഓപ്ഷനുകളും ഇഷ്ടത്തിനനുസരിച്ച് തെരഞ്ഞെടുക്കാം. 7.91 ലക്ഷം രൂപ മുതലാണ് കാറിന്റെ ഓൺ-റോഡ് വില ആരംഭിക്കുന്നത്. ടോപ്പ് എൻഡിന് 10 ലക്ഷത്തിന് മുകളിൽ പോവും. എങ്കിലും മാന്യമായ ഫീച്ചറുകളുള്ള മിഡിൽ വേരിയന്റുകൾ 10 ലക്ഷത്തിന് സ്വന്തമാക്കാനാകും.