ഇന്ത്യയിൽ ടാറ്റ മോട്ടോഴ്സിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ഇന്ത്യൻ കമ്പനി ആയതുകൊണ്ട് തന്നെ ടാറ്റയ്ക്ക് ഇന്ത്യയിൽ എപ്പോഴും പ്രാധാന്യം കൂടുതലാണ്. എന്നാൽ 7.99 ലക്ഷം രൂപ വിലയിൽ സിട്രൺ തങ്ങളുടെ കൂപ്പെ എസ്യുവി ബസാൾട്ടിൻ്റെ വില പ്രഖ്യാപിച്ചപ്പോൾ ടാറ്റ ഒന്ന് ഞെട്ടിയിട്ടുണ്ടാകും. കാരണം രാജ്യത്തെ മാസ് മാർക്കറ്റ് സെഗ്മെൻ്റിലെ ആദ്യത്തെ കൂപ്പെ എസ്യുവി എന്ന പദവിയാണ് ബസാൾട്ട് നേടിയിരിക്കുന്നത്. സി3 എയർക്രോസിൻ്റെ അതേ എഞ്ചിൻ ഓപ്ഷനുമായാണ് സിട്രൺ ബസാൾട്ടും എത്തുന്നത്. 82 PS ഉം 115 Nm ഉം നൽകുന്ന 1.2-ലിറ്റർ 3-സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്.
ഇതോടൊപ്പം 110 PS ഉം 190 Nm ഉം പരമാവധി ഉയർത്തുന്ന 1.2-ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനും ലഭിക്കുന്നു. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളാണ് വാഹനത്തിനുള്ളത്. അതേസമയം നെക്സോണിൽ നിന്നുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ, ഹൈപ്പീരിയോൺ എന്നുവിളിക്കുന്ന പുതിയ 1.2 ലിറ്റർ GDi ടർബോചാർജ്ഡ് പെട്രോൾ, 1.5 ഡീസൽ എന്നിവയാണ് ടാറ്റ കർവ്വിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.
ട്രാൻസ്മിഷൻ ചോയ്സുകളിൽ മൂന്ന് എഞ്ചിനുകളും 6-സ്പീഡ് മാനുവൽ സ്റ്റാൻഡേർഡായി വരുന്നു. ഇതോടൊപ്പം 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഓപ്ഷനുമുണ്ട്. പാഡിൽ ഷിഫ്റ്റുകളും ടാറ്റ കർവിലുണ്ടാവും. ഫോർ സ്പോക്ക് സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, മൾട്ടി-ഫംഗ്ഷൻ ഡിസ്പ്ലേ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, വയർലെസ് ചാർജർ, എസ്ഒഎസ് കോൾ, റിയർ എസി വെൻ്റുകൾ, കൂൾഡ് ഗ്ലോവ്ബോക്സ്, എയർ പ്യൂരിഫയർ, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകൾ, വൈപ്പറുകൾ എന്നീ സവിശേഷതകളും കർവ്വിനുണ്ട്.
C3 എയർക്രോസിനെ അടിസ്ഥാനമാക്കിയാണ് ബസാൾട്ട് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും അതുല്യമായ സ്ലോപ്പിംഗ് റൂഫ്ലൈൻ, പുതിയ അലോയ് വീലുകൾ, റീഡിസൈൻ ചെയ്ത എൽഇഡി ടെയിൽ ലാമ്പുകൾ, ചങ്കി ഡ്യുവൽ-ടോൺ റിയർ ബമ്പർ എന്നിവയാണ് കൂപ്പെ എസ്യുവിയെ സവിശേഷമാക്കുന്നത്. പോളാർ വൈറ്റ്, സ്റ്റീൽ ഗ്രേ, പ്ലാറ്റിനം ഗ്രേ,കോസ്മോ ബ്ലൂ, ഗാർനെറ്റ് റെഡ് എന്നീ അഞ്ച് മോണോടോൺ കളർ ഓപ്ഷനുകളിൽ ബസാൾട്ട് ലഭ്യമാണ്. വൈറ്റ്, റെഡ് ഓപ്ഷനുകൾക്ക് കോൺട്രാസ്റ്റ് ബ്ലാക്ക് റൂഫ് വരുന്ന ഡ്യുവൽടോൺ നിറങ്ങളും തെരഞ്ഞെടുക്കാം.
പുതിയ സിട്രോൺ ബസാൾട്ടിൽ കിടിലൻ ഫീച്ചറുകളാണ് ഒരുക്കിയിട്ടുള്ളത്. എൽഇഡി പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, റാപ്പറൗണ്ട് ടെയിൽ ലൈറ്റുകൾ, റിയർ എസി വെൻ്റുകൾ, അഡ്ജസ്റ്റബിൾ തൈസ് സപ്പോർട്ട്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും കൂപ്പെ എസ്യുവിൽ ഉണ്ട്.
സ്പ്ലിറ്റ് ഹെഡ്ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഹെഡ്ലൈറ്റുകൾ, മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ചരിഞ്ഞ റൂഫ്ലൈൻ, റൂഫ്-ഫിറ്റഡ് സ്പോയിലർ, 18 ഇഞ്ച് അലോയ് വീലുകൾ, എന്നിവയെല്ലാമാണ് കർവിനെ മനോഹരമാക്കുന്നത്. ഡേടോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ്, ഫ്ലേം, ഓപ്പറ ബ്ലൂ, പ്യുവർ ഗ്രേ, ഗോൾഡ് എസെൻസ് എന്നിങ്ങനെ 6 കളർ ഓപ്ഷനുകളാവും കൂപ്പെ എസ്യുവിയിൽ ഒരുക്കുക.
ആറ് വേരിയന്റുകളിലാവും ടാറ്റ കർവ് തെരഞ്ഞെടുക്കാനാവുക. സ്മാർട്ട്, പ്യുവർ പ്ലസ്, ക്രീയേറ്റീവ്, ക്രീയേറ്റീവ് പ്ലസ് S, അക്കംപ്ലീഷ്ഡ് S, അക്കംപ്ലീഷ്ഡ് പ്ലസ് A എന്നിങ്ങനെ ആറ് വേരിയന്റുകളാണ് ഉള്ളത്. എക്സ്റ്റീരിയറിൽ കാണുന്ന പ്രീമിയം ലുക്ക് ഇന്റീരിയറിലും നൽകിയാണ് എസ്യുവി പണികഴിപ്പിച്ചിരിക്കുന്നത്. അത്യാധുനിക ഫീച്ചറുകൾ ഉൾപ്പെടുത്തിയുള്ള ഇന്റീരിയർ ആരേയും ആകർഷിക്കുന്ന വിധത്തിലാണുള്ളത്.