കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യയിൽ ഓഫ്‌റോഡ് ഓഫ്‌റോഡ് എസ്‌യുവി വിഭാഗം ഭരിക്കുന്നത് മഹീന്ദ്ര ഥാർ ആണ്. കഴിഞ്ഞ വർഷം റോക്സ് കൂടി എത്തിയതോടെ ഥാർ മുന്നിട്ട് നിൽക്കുകയാണ്. 2023-ൽ ഥാറിനെ നേരിടാനായി മാരുതി സുസുക്കി ജിംനി 5 ഡോർ കൊണ്ടുവന്നെങ്കിലും ഥാറിന് ഇളക്കമൊന്നും സംഭവിച്ചില്ല. എന്നാൽ ജിംനിക്ക് മുൻപേ ഥാറിന് വെല്ലുവിളി ഉയർത്തിയ മോഡൽ ആണ് ഫോഴ്സ് ഗൂർഖ. കിടിലൻ ഓഫ് റോഡർ എസ്‌യുവിയാണെങ്കിലും വിലയും ഫീച്ചറുകളുടെ കുറവും കാരണം അത്ര ശ്രദ്ധ കിട്ടിയില്ല. എന്നാൽ ഇപ്പോഴിതാ ഗൂർഖയെ ഇന്ത്യൻ പ്രതിരോധ സേനയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
മികച്ച പെർഫോമൻസിനും ഓഫ്-റോഡിംഗിനും പേരുകേട്ട ഫോഴ്‌സ് ഗൂർഖ ഇതിനകം തന്നെ കേരള പൊലീസിന്റെ വാഹന വ്യൂഹത്തിലടക്കം ഇടംപിടിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള പൊലീസ് സ്‌റ്റേഷനുകളിൽ അടക്കം പട്രോളിംഗ് സംഘത്തിന്റെ ഉപയോഗത്തിന് വേണ്ടിയാണ് സർക്കാർ ഗൂർഖ വാങ്ങിയത്. തണ്ടർബോൾട്ടുകാർ അടക്കം ദുഷ്‌കരമായ പാതകളിലൂടെ യാത്ര ചെയ്യാൻ ഗൂർഖ ഉപയോഗിച്ച് വരുന്നുണ്ട്.
ഗൂർഖയുടെ കഴിവുകൾ പൂർണമായി മനസ്സിലാക്കിയ കേന്ദ്ര സർക്കാർ ഇന്ത്യൻ സുരക്ഷാ സേനയിൽ എസ്‌യുവി ഉൾപ്പെടുത്താൻ പോവുകയാണ്. ഇതിനായി മൊത്തം 2,978 ഗൂർഖ വാഹനങ്ങൾ ഫോഴ്സ് മോട്ടോർസിൽ നിന്ന് ഓർഡർ ചെയ്തിരിക്കുകയാണ് ഇന്ത്യൻ പ്രതിരോധ സേന.
കരസേനയിലും വ്യോമസേനയിലുമായായിരിക്കും വാഹനം വിന്യസിക്കുക. പ്രത്യേകം ഡിസൈൻ ചെയ്ത ഗൂർഖ വാഹനങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യാൻ ഫോഴ്‌സിനോട് സേന ആവശ്യപെട്ടിട്ടുമുണ്ട്. അത് ആദ്യമായല്ല ഫോഴ്സ് മോട്ടോർസ് ഇന്ത്യൻ സുരക്ഷാ സേനയ്ക്കായി വാഹനങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫോഴ്സ് മോട്ടോർസ് ഇന്ത്യൻ സുരക്ഷാ സേനയ്ക്ക് ഗൂർഖ LSV വാഹനങ്ങൾ വിതരണം ചെയ്തുവരുന്നു.
ദുർഘടമായ ഓഫ്-റോഡ് യാത്രയ്ക്കായി ലഭ്യമായ ഗൂർഖ സൈന്യത്തിന് വളരെ ഉപയോഗപ്രദമായിരിക്കും. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും 70 സെന്റീമീറ്റർ വരെ ആഴമുള്ള വെള്ളക്കെട്ടുകളിൽ വരെ ഇറക്കാൻ കഴിയുമെന്നതും ഗൂർഖയെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഓഫ്-റോഡ് സാഹസികതകൾക്കായി ഗൂർഖയിൽ ശക്തമായ 4×4 പവർട്രെയിനാണ് വാഗ്ദാനം ചെയ്യുന്നത്. മരുഭൂമികൾ, ദുർഘടമായ മലമ്പാതകൾ തുടങ്ങിയ സ്ഥലങ്ങളിൽ എവിടെയും കൊണ്ടുപോകാൻ കഴിയുന്ന തരത്തിലാണ് ഗൂർഖ വാഹനങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
എന്നാൽ ഇന്ത്യൻ സുരക്ഷാ സേനയ്ക്ക് ഇതിനേക്കാൾ പല മടങ്ങ് നിലവാരമുള്ള ഗൂർഖ വാഹനങ്ങളായിരിക്കും ഫോഴ്സ് മോട്ടോർസ് നിർമിച്ച് നൽകുക. 3-ഡോർ, 5- ഡോർ എന്നിങ്ങനെ രണ്ട് ബോഡി സ്‌റ്റൈലുകളിലാണ് നിലവിൽ ഫോഴ്‌സ് ഗൂർഖ വിൽക്കുന്നത്. ഈ രണ്ട് ബോഡി സ്‌റ്റൈലുകളിലും 2.6 ലിറ്റർ ടർബോചാർജ്ഡ് ഇന്റർ-കൂൾഡ് ഡീസൽ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ മെർസിഡീസ് സോഴ്‌സ്ഡ് ടർബോ ഡീസൽ എഞ്ചിൻ പരമാവധി 138 ബിഎച്ച്പി പവറും 320 എൻഎം ടോർക്കും നൽകുന്ന തരത്തിലാണ് ട്യൂൺ ചെയ്തിരിക്കുന്നത്. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഈ ഓഫ്‌റോഡർ വാഹനത്തിന് മുന്നിലും പിന്നിലും ലോക്കിംഗ് ഡിഫറൻഷ്യൽ ലഭിക്കുന്നു.