ഇവി വാങ്ങുന്നെങ്കില്‍ ഒക്ടോബറിന് മുന്‍പ് വാങ്ങുക; ഫെയിം പദ്ധതി അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന സബ്സിഡി അവസാനിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. ഇവി കമ്പനി പ്രതിനിധികളുമായി കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം ധാരണയായി. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യയിലൂടെയാണ് സബ്‌സിഡി ലഭിച്ചിരുന്നത്.

ഫെയിം പദ്ധതി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച നിലവിലെ പദ്ധതി അടുത്ത വര്‍ഷം മാര്‍ച്ച് 31ന് അവസാനിക്കും. ഇതോടെ പദ്ധതി അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന് ശേഷം ഇലക്ട്രിക് വെഹിക്കിള്‍ വാങ്ങുന്നവര്‍ക്ക് സബ്‌സിഡി ലഭിക്കില്ല. നേരത്തെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി സബ്‌സിഡി അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ പദ്ധതി അവസാനിപ്പിക്കുന്നതോടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചെലവേറുമെന്നും വില്‍പ്പന ഗണ്യമായി കുറയുമെന്നും ആശങ്ക ഉയരുന്നുണ്ട്. നേരത്തെ ഇവികള്‍ക്ക് വില വര്‍ദ്ധിച്ചിരുന്നു. ഇതിനൊപ്പം സബ്‌സിഡി കൂടി അവസാനിക്കുമ്പോള്‍ വില ഇനിയും വര്‍ദ്ധിക്കും. ഇത് ഇവിയോടുള്ള ഉപഭോക്താക്കളുടെ താത്പര്യം നഷ്ടമാക്കുമെന്നും വിലയിരുത്തലുകളുണ്ട്.