പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

വയനാട് ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗതയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കെസി വേണുഗോപാല്‍ എംപി പറഞ്ഞു. എന്തിനാണ് സര്‍ക്കാര്‍ ഇത്ര പിശുക്ക് കാണിക്കുന്നതെന്നും വേണുഗോപാല്‍ ചോദിച്ചു.

ദുരന്തബാധിതരുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ എട്ടുമാസമായിട്ടും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വയനാട് വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ സര്‍ക്കാര്‍ അവിടെയിപ്പോഴും ഉത്തരവാദിത്തബോധമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

എട്ടുമാസം കഴിഞ്ഞിട്ടും വയനാട്ടില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ രോദനങ്ങള്‍ ഇപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ്. വയനാട് ദുരന്തത്തില്‍ രാഷ്ട്രീയം വേണ്ട, ദുരന്തത്തില്‍ പെട്ട ആളുകളെ ഉപയോഗിച്ച് രാഷ്ട്രീയ വിലപേശലിന് നില്‍ക്കരുത് എന്നായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും നിലപാടെന്നും കെസി വ്യക്തമാക്കി.