കോമെറ്റിന്റെ വിലയിൽ വീണ്ടും ഞെട്ടിച്ച് എംജി !

ഇലക്ട്രിക് കാർ വിപ്ലവത്തിന് തുടക്കം കുറിക്കാൻ വേണ്ടിയെത്തിയ ചെറു ഇലക്ട്രിക് കാർ ആയിരുന്നു എംജി മോട്ടോർസിന്റെ കോമെറ്റ്. 2023 ഏപ്രിലിലാണ് ഇന്ത്യയിലെ മുൻനിര കാർ നിർമാതാക്കളായ എംജി മോട്ടോർസ് തങ്ങളുടെ ഇവി പുറത്തിറക്കിയത്. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് ശ്രദ്ധേയമായ ഈ കുഞ്ഞൻ ഇവി വിൽപ്പനയുടെ കാര്യത്തിലും മുൻപന്തിയിലാണ്.

പുതിയ സാമ്പത്തിക വര്‍ഷം പിറന്നതോടെ എംജി തങ്ങളുടെ മോഡല്‍ നിരയുടെ വിലയും പരിഷ്‌കരിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി ബജറ്റ് ഇവിക്കും വില വര്‍ധനവ് ലഭിച്ചിരിക്കുകയാണ്. എക്സിക്യൂട്ടീവ്, എക്സൈറ്റ്, എക്സ്‌ക്ലൂസീവ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് എംജി കോമെറ്റ് ഇവി ഓഫര്‍ ചെയ്യുന്നത്. എക്‌സ്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് വേരിയന്റുകള്‍ക്ക് ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനും ലഭ്യമാണ്.

എന്‍ട്രി ലെവല്‍ വേരിയന്റായ എക്‌സിക്യൂട്ടീവില്‍ മാത്രം എംജി മാറ്റം വരുത്തിയിട്ടില്ല. മറ്റുള്ള എല്ലാ വേരിയന്റുകള്‍ക്കും 10,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് വില വര്‍ധനവ് ആണ് ലഭിച്ചിരിക്കുന്നത്. 6.99 ലക്ഷം രൂപ മുതലാണ് കോമറ്റിന്റെ വില ആരംഭിക്കുന്നത്. എക്‌സൈറ്റ് വേരിയന്റിന് 7.98 ലക്ഷം രൂപയും എക്‌സൈറ്റ് FC വേരിയന്റിന് 8.33 ലക്ഷം രൂപയുമാണ് പുതിയ വില.

എക്‌സ്‌ക്ലൂസീവ് വേരിയന്റിന് ഇനി മുതല്‍ 8.88 ലക്ഷം രൂപ വില നൽകേണ്ടി വരും. ടോപ് സ്‌പെക് എക്‌സ്‌ക്ലൂസീവ് FC വേരിയന്റിന് 9.24 ലക്ഷം രൂപയാണ് ഇനി മുതല്‍ മുടക്കേണ്ടി വരിക. ഈ വിലകളെല്ലാം എക്‌സ്‌ഷോറൂം വിളകളാണ്. ചുരുക്കിപ്പറഞ്ഞാല്‍ മേല്പറഞ്ഞ വേരിയന്റുകള്‍ ഈ വർഷം ജനുവരിയില്‍ ഉണ്ടായിരുന്ന വിലയിലേക്ക് മടങ്ങിയെത്തി.

ഒരു സിറ്റി കാറായാണ് കോമെറ്റ് ഇവിയെ പണികഴിപ്പിച്ചിരിക്കുന്നതെന്ന് ഡിസൈൻ കണ്ടാൽ മനസിലാകും. 2,974 mm നീളവും 1,505 mm വീതിയും 1,640 mmm ഉയരവും 2,010 mm വീൽബേസുമാണ് കൊമെറ്റിന് ഉള്ളത്. ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാർ പോലുള്ള രസകരമായ ടച്ചുകളുള്ള ബോക്‌സി ഡിസൈനാണ് കോമെറ്റിൽ കമ്പനി പരീക്ഷിച്ചിരിക്കുന്നത്. കാറിന്റെ ചാർജിംഗ് പോർട്ട് മുൻവശത്ത് ആണ് സെറ്റ് ചെയ്‌തിരിക്കുന്നത്.

എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റ് ബാറുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, വീല്‍ കവറുകളുള്ള 12 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ എന്നിവയാണ് കോമെറ്റ് ഇവിയുടെ എക്സ്റ്റീരിയറില്‍ എംജി മോട്ടോര്‍ ഒരുക്കിയിരിക്കുന്ന പ്രധാന സവിശേഷതകള്‍.

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കീലെസ് എന്‍ട്രി, 55-ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ഡിജിറ്റല്‍ കീ, പവര്‍ വിന്‍ഡോകള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, ABS, EBD, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും ഇലക്ട്രിക് കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. 17.3 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് കൊമെറ്റിൽ പ്രവർത്തിക്കുന്നത്.

ഒറ്റ ചാർജിൽ 230 കിലോമീറ്റര്‍ റേഞ്ച് വരെ നൽകാൻ കോമെറ്റിന് സാധിക്കും എന്നതും മറ്റൊരു പ്രതേകതയാണ്. വെള്ളവും പൊടിയും പ്രതിരോധിക്കുന്ന IP67 റേറ്റഡ് ബാറ്ററി പായ്ക്കാണ് ഇതില്‍ വരുന്നത്. ചാർജിംഗിന്റെ കാര്യത്തിൽ, 3.3 kW ചാര്‍ജര്‍ വഴി 5 മണിക്കൂറിനുള്ളില്‍ 10-80 ശതമാനവും 7 മണിക്കൂറിനുള്ളില്‍ 0-100 ശതമാനം റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതിനാല്‍ ചാര്‍ജിംഗും തലവേദനയാകില്ല.

ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 42 ബിഎച്ച്പി കരുത്തിൽ പരമാവധി 110 എൻഎം ടോർക്ക് വരെ ഉത്‌പാദിപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് മോട്ടോറാണ് എംജി കോമെറ്റ് ഇവിയിലുള്ളത്. മണിക്കൂറില്‍ 100 കിലോമീറ്ററാണ് ഇവിയുടെ പരമാവധി വേഗത.