മാരുതി നമ്മൾ ഉദ്ദേശിച്ച ആളല്ല! പുത്തൻ ഡിസയറിന് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ !

സേഫ്റ്റി നോക്കി കാർ വാങ്ങുന്നവർക്ക് എന്നും മാരുതി ഒരു പുച്ഛം തന്നെ ആയിരുന്നു. എന്നാൽ ഇപ്പോഴിതാ സേഫ്റ്റി ഇല്ല മൈലേജ് മാത്രമേ ഉള്ളു എന്ന് പറഞ്ഞവരൊക്കെ ഞെട്ടിയിരിക്കുകയാണ്. ഔദ്യോഗിക ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിരിക്കുകയാണ് പുത്തൻ ഡിസയർ. സർപ്രൈസ് ആയി മാരുതി പുറത്തു വിട്ട ഈ വാർത്ത കേട്ടതോടെ ഞെട്ടലിലാണ് വാഹന പ്രേമികൾ.

മുതിർന്നവരുടെ സുരക്ഷയിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തിന് 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കിയാണ് ഡിസയർ എതിരാളികളെ വിറപ്പിച്ചിരിക്കുന്നത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്ന് 5-സ്റ്റാർ റേറ്റിംഗ് നേടുന്ന ആദ്യത്തെ മാരുതി സുസുക്കി വാഹനമാണ് ഈ കോംപാക്‌ട് സെഡാൻ എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്.

മോശം സേഫ്റ്റി റേറ്റിംഗിൻ്റെ പേരിൽ നേരത്തെ കേട്ട വിമർശനങ്ങളെല്ലാം ഇനി മാരുതി കാറ്റിൽ പറത്തും. ഡിസയറിനെ ക്രാഷ് ടെസ്റ്റിനായി ഗ്ലോബൽ NCAP പ്രോഗ്രാമിലേക്ക് മാരുതി സ്വമേധയാ അയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മുൻ മോഡലുകളെ അപേക്ഷിച്ച് ധാരാളം സുരക്ഷാസന്നാഹങ്ങളുമായാണ് പുത്തൻ കോംപാക്‌ട് സെഡാന്റെ വരവെന്ന് ഇതിലൂടെ ഉറപ്പിക്കാം.

മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിൽ ഡിസയർ 34 പോയിൻ്റിൽ 31.24 പോയിന്റ് ആണ് നേടിയത്. ഡ്രൈവറുടെയും യാത്രക്കാരൻ്റെയും തലയ്ക്കും കഴുത്തിനും നൽകുന്ന സംരക്ഷണം നല്ലതാണെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും ഡ്രൈവറുടെ നെഞ്ചിന് ചെറിയ സംരക്ഷണം മാത്രമാണ് വാഹനം നൽകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവറുടെയും യാത്രക്കാരൻ്റെയും കാൽമുട്ടുകൾക്കും മികച്ച സംരക്ഷണമാണ് കാണിച്ചത്.

പുതിയ കോംപാക്‌ട് സെഡാന്റെ ബോഡിഷെല്ലും ഫുട്‌വെൽ ഏരിയയും സ്ഥിരതയുള്ളതായി റേറ്റ് ചെയ്‌തിട്ടുണ്ടെന്നും ഗ്ലോബൽ NCAP വിലയിരുത്തി. ഡീസയറിന്റെ സൈഡ് ഇംപാക്ട് ടെസ്റ്റിൽ യാത്രക്കാരുടെ തല,നെഞ്ച്,വയർ,ഇടുപ്പ് എന്നീ ഭാഗങ്ങൾക്ക് നല്ല സംരക്ഷണമാണ് വാഹനം അപകടസമയത്ത് നൽകുന്നത്. എന്നാൽ നെഞ്ചിൻ്റെ ഭാഗത്തിന് മാർജിനൽ സംരക്ഷണം മാത്രമാണ് മോഡലിന് നേടാനായത്.

ഡിസയറിലെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളിന്റെ പെർഫോമൻസും ക്രാഷ് ടെസ്റ്റിന്റെ ആവശ്യകതകൾക്ക് അനുസൃതമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ സേഫ്റ്റിയുടെ കാര്യത്തിൽ ഡിസയർ 42-ൽ 39.20 പോയിൻ്റ് ആണ് നേടിയിരിക്കുന്നത്.

LXi, VXi, ZXi, ZXi+ എന്നിങ്ങനെ നാല് ഓപ്ഷനുകളിൽ നിന്ന് മാരുതിയുടെ സെഡാൻ തെരഞ്ഞെടുക്കാനാകും. വിലയെ കുറിച്ച് നിലവിൽ സൂചനകളൊന്നുമില്ല. അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി ജോടിയാക്കിയ അതേ 1.2-ലിറ്റർ, ത്രീ-സിലിണ്ടർ, Z12E പെട്രോൾ എഞ്ചിൻ തന്നെയാണ് 2024 മാരുതി ഡിസയറിന് കരുത്ത് പകരുന്നത്. ഇത് 80 ബിഎച്ച്പി കരുത്തിൽ പരമാവധി 112 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

മോഡേൺ ഡിസൈൻ, നൂതന ഫീച്ചറുകൾ എന്നിവ ഉൾക്കൊള്ളിച്ചെത്തുന്ന കാർ ഇതിനകം വാഹനപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചിരിക്കുകയാണ്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എല്ലാ സീറ്റുകൾക്കും റിമൈൻഡറോടുകൂടിയ 3-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, പിൻവശത്തെ ഔട്ട്‌ബോർഡ് സീറ്റുകൾക്കായി ISOFIX മൗണ്ടുകൾ, ഫ്രണ്ട് സീറ്റ്ബെൽറ്റ് പ്രെറ്റെൻഷനർ, ലോഡ് ലിമിറ്റർ, പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ ഫീച്ചറുകൾ എന്നിവയെല്ലാം സ്റ്റാൻഡേർഡായി തന്നെ ഒരുക്കിയാണ് മാരുതി ഡിസയറിനെ ക്രാഷ് ടെസ്റ്റിന് അയച്ചത്.

Read more

അവതരണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡിസയറിന്റെ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചതായി മാരുതി സുസുക്കി അറിയിച്ചിട്ടുണ്ട്. മാരുതി സുസുക്കി അരീന ഡീലർഷിപ്പുകളിലൂടെയും മാരുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയുമാണ് ബുക്കിങ് സ്വീകരിക്കുക. 11,000 രൂപ അഡ്വാൻസ് തുകയാണ് ബുക്കിങ്ങിനായി ഈടാക്കുക.