മഴക്കാലത്ത് ഡ്രൈവിംഗില്‍ അധിക ശ്രദ്ധ ആവശ്യമാണ്. കനത്തമഴ മൂലം കാഴ്ചയിലുണ്ടാകുന്ന അവ്യക്തതയും റോഡിലുള്ള വഴക്കലുകളെല്ലാം പൊതുവെ ഡ്രൈവിംഗിന് വെല്ലുവിളിയുയര്‍ത്തുന്ന കാര്യങ്ങളാണ്. അതിനാല്‍ മഴക്കാലത്ത് അപകടങ്ങളും ഏറെയാണ്. എന്നാല്‍ മഴക്കാലത്ത് വണ്ടിയോടിക്കുമ്പോള്‍ ചെറിയ കാര്യങ്ങളില്‍ പോലും അധിക ശ്രദ്ധകൊടുക്കാനായാല്‍ ഡ്രൈവിംഗ് സുഖകരവും സുരക്ഷിതവുമാക്കാം.
റോഡിലെ ചതിക്കുഴികള്‍
വലിയ ഗട്ടറുകള്‍, അടപ്പില്ലാത്ത ഹോളുകള്‍, ഓട എന്നിവയൊക്കെ റോഡില്‍ പതിഞ്ഞിരിക്കുന്ന അപകടങ്ങളാണ്. റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകുമ്പോള്‍ ഇത്തരത്തിലുള്ള ചതിക്കുഴി ശ്രദ്ധയില്‍ പെടാതെ പോവുകയും ഇതുവഴി അപകടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. വെള്ളക്കെട്ടിലൂടെ വണ്ടിയോടിക്കുമ്പോല്‍ വേഗത കുറച്ച് പോയാല്‍ അപകടങ്ങള്‍ ഒഴിവാക്കാം.
ബ്രേക്കിംഗ്
നനവുള്ള റോഡ് അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമാകുമെന്ന് അറിഞ്ഞിരിക്കണം. റോഡും ടയറുമായുള്ള സമ്പര്‍ക്കം തടയുന്ന തരത്തില്‍ വെള്ളത്തിന്റെ ഒരു നേര്‍ത്തപാട രൂപപെടുകയാണിവിടെ ചെയ്യുന്നത്. ഇതുമൂലം ബ്രേക്കിട്ടാലും സ്റ്റിയറിംഗ് തിരിച്ചാലും ഒരു പ്രതികരണവുമില്ലാതെ വണ്ടി അതിന്റെ വഴിക്ക് പോകുന്ന സാഹചര്യമുണ്ടാകും. ഉയര്‍ന്ന വേഗതയും തേയ്മാനം സംഭവിച്ച ടയറുമാണെങ്കില്‍ ചവിട്ടിയാല്‍ കിട്ടാത്തൊരു അവസ്ഥ പലര്‍ക്കും അനുഭവപ്പെട്ടിരിക്കും. അതിനാല്‍ റോഡില്‍ നനവുണ്ടെങ്കില്‍ വേഗത കുറച്ച് വാഹനമോടിക്കുക.
മറ്റ് വാഹനങ്ങളുമായി അകലം പാലിക്കൂക
മഴപെയ്തുക്കൊണ്ടിരിക്കുമ്പോള്‍ റോഡില്‍ മറ്റ് വാഹനങ്ങളില്‍ നിന്ന് നിശ്ചിത അകലം പാലിക്കുക . കാരണങ്ങള്‍ രണ്ടാണ്, മുന്നില്‍ പോകുന്ന വാഹനങ്ങളില്‍ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീന്‍ഷീല്‍ഡില്‍ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകും. മറ്റൊന്ന് ഈര്‍പ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാല്‍ മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്കിടേണ്ട സാഹചര്യം വരുമ്പോള്‍ വിചാരിച്ചിടത്ത് വാഹനം നില്‍ക്കണമെന്നില്ല.
പതിയെ ബ്രേക്കിടുക
മഴക്കാലത്ത് പൊടുന്നനെ ബ്രേക്കിടുന്നത് ഒഴുവാക്കി ശക്തി കുറച്ച് പതിയെ ബ്രേക്കിടുകയാണെങ്കില്‍ വാഹനം തെന്നിയിട്ടിണ്ടാകുന്ന അപകടം ഒഴിവാക്കാം. വേഗത കുറയ്‌ക്കേണ്ട സാഹചര്യം വന്നാല്‍ ബ്രേക്ക് പെഡല്‍ അമര്‍ത്തി പിന്നില്‍ വരുന്ന വാഹനങ്ങള്‍ക്ക് സൂചനകള്‍ നല്കുന്നതും സഹായകമാണ്. എബിഎസ് ഉള്ള വാഹനമാണെങ്കില്‍ ഇത്തരത്തിലുള്ള പ്രശ്‌നമുദിക്കുന്നില്ല.
വെള്ളക്കെട്ടിലൂടെ പോകുമ്പോള്‍
റോഡിലുള്ള വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോള്‍ മിക്ക വണ്ടികളും ഓഫായി പോയിട്ടുള്ള സാഹചര്യങ്ങളുണ്ടായിരിക്കാം. റോഡില്‍ വെള്ളക്കെട്ട് കാണുകയാണെങ്കില്‍ ഏസി ഓഫ് ചെയ്ത് ഫസ്റ്റ് ഗിയറിലിട്ട് മറിക്കടക്കുക. ഈ അവസരത്തില്‍ വണ്ടി നില്‍ക്കുകയാണെങ്കില്‍ ഒരു കാരണവശാലും വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ വണ്ടിയില്‍ നിന്നും ഇറങ്ങി തള്ളി മാറ്റാന്‍ ശ്രമിക്കണം. സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ എക്‌സോസ്റ്റിലൂടെ വെള്ളം കടന്ന് ചിലവേറിയ മറ്റൊരു അറ്റക്കുറ്റ പണിക്ക് കാരണമായേക്കാം.
പിന്തുടരല്‍
ലോറി, ബസ് പോലുള്ള വാഹനങ്ങളെ പിന്‍തുടര്‍ന്നുള്ള യാത്ര മഴക്കാലത്ത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. പെട്ടെന്ന് ബ്രേക്കിടേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ എന്തോക്കെ അപകടങ്ങളാണുണ്ടാവുക എന്ന് പറയേണ്ടതില്ലല്ലോ.
വാഹനം പാര്‍ക്ക് ചെയ്യുക
കനത്ത മഴയുപ്പോള്‍ സ്വാഭാവികയും കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുന്നതിനാല്‍ മുന്നിലേക്കുള്ള യാത്ര ദുസഹമായിരിക്കും. വാഹനം ഇടതുവശത്തേക്ക് നീക്കി ഹസാഡ് ലൈറ്റ് പ്രവര്‍ത്തിപ്പിച്ച് മഴക്കുറയും വരെ കാത്തിരിക്കുന്നതായിരിക്കും ബുദ്ധി. ഹസാഡ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നത് വഴി പിന്നില്‍ വരുന്ന വാഹനങ്ങള്‍ക്ക് നിങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണെന്നുള്ള സൂചനയും ലഭിക്കും.
ലൈറ്റിടുക
കനത്ത മഴയുള്ളപ്പോള്‍ ഹോണ്‍ ശബ്ദം കേള്‍ക്കണമെന്നില്ല അതുകൊണ്ട് ലൈറ്റുപയോഗിച്ച് സൂചന നല്‍കാം. മഴ കനക്കുമ്പോള്‍ ഹെഡ് ലൈറ്റ് ഡിമ്മാക്കി ഹസാഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്യുക. മറ്റുള്ള വാഹനങ്ങളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഇതാണ് അഭികാമ്യം.
കാറിന്റെ സ്ഥിതി പരിശോധിക്കല്‍
Read more
റോഡില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര വാഹനങ്ങളേയും മഴക്കാലം സ്വീകരിക്കാനായി ഒരുക്കേണ്ടതുണ്ട്. ബ്രേക്കുകള്‍, സ്റ്റീയറിങ് സംവിധാനം, ടയര്‍ പ്രഷര്‍, ടയറുകളുടെ ട്രഡ് ആഴം, ഡീഫ്രോസ്റ്ററിന്റെ പ്രവര്‍ത്തനം തുടങ്ങിയവ ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. മഴക്കാലത്ത് ഇവയെല്ലാം തകരാറിലാവാനുള്ള സാധ്യത വളരെയധികമാണ്.