പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

പുനഃസംഘടനയ്ക്ക് സമയ പരിധി നിശ്ചയിക്കാന്‍ അടക്കം നിരവധി കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ നാളെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരും. കര്‍ണ്ണാടകയിലെ ബെലഗാവിയില്‍ ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും നേരിട്ട തോല്‍വിയടക്കം ചര്‍ച്ചയാകും. നിര്‍ണ്ണായക വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്ക് അപ്പുറം കടുത്ത തീരുമാനങ്ങള്‍ കൂടി കൈക്കൊള്ളാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. പുനഃസംഘടനക്ക് സമയ പരിധി നിശ്ചയിക്കുക എന്ന പ്രധാന അജണ്ടയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. 2025 അഴിച്ചുപണി വര്‍ഷമെന്ന് പ്രഖ്യാപിച്ചതോടെ പുനഃസംഘടനയില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കൂടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലടക്കം നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് കാലതാമസം ഇല്ലെന്നിരിക്കെ സംസ്ഥാനങ്ങളില്‍ പുനഃസംഘടന നടപടികള്‍ വേഗത്തില്‍ തീര്‍ക്കേണ്ടി വരുമെന്ന് കണ്ടാണ് പ്രവര്‍ത്തക സമിതി നിര്‍ണായക നിലപാടുകളെടുക്കുക.

മഹാരാഷ്ട്ര, ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷനെ വൈകാതെ നിയോഗിക്കാനുള്ള തീരുമാനവും പ്രവര്‍ത്തക സമിതിയില്‍ ഉണ്ടാകും. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വെറുതെയാവില്ലെന്നും, കര്‍ശന നടപടിയുണ്ടാകുമെന്നുമുള്ള സൂചന നേരത്തത്തെ പ്രവര്‍ത്തക സമിതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നല്‍കിയിരുന്നു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാടും യോഗ ചര്‍ച്ചയിലുണ്ട്. അമിത്ഷായുടെ മാപ്പും, രാജിയും ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നതിലും രൂപരേഖ പ്രവര്‍ത്തക സമിതിയിലുണ്ടാകും. അംബേദ്കര്‍ വിവാദത്തിലെ തുടര്‍ നടപടികളും യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഭരണഘടനക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ ചെറുക്കാന്‍ കൂടുതല്‍ പ്രചാരണ, പ്രക്ഷോഭ പരിപാടികള്‍ പാര്‍ട്ടി തീരുമാനിക്കുമെന്ന കാര്യവും അജണ്ടയിലുണ്ട്. ഗാന്ധിജി പങ്കെടുത്ത ബെലഗാവി കോണ്‍ഗ്രസ് സമ്മേളനത്തിന്റെ നൂറാം വാര്‍ഷിക സ്മരണ പുതുക്കിയാകും ബെലഗാവിയില്‍ പ്രവര്‍ത്തക സമിതി ചേരുക. ബലെഗാവിയില്‍ ഗാന്ധി സ്മരണയിലാകും 150 ലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രവര്‍ത്തക സമിതി ചേരുക.

പുനഃസംഘടനയുടെ കാര്യത്തില്‍ കേരളത്തിലുണ്ടായ മുറുമുറുപ്പുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കലഹം ഒഴിവാക്കാന്‍ എല്ലാവരേയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുന്നതിനുള്ള നടപടിയാകും എ ഐ സി സി ഭാഗത്ത് നിന്നുണ്ടാവുക. 2025 അവസാനത്തോടെ എ ഐ സി സി തലത്തിലടക്കം പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് നീക്കം.