ഇന്ത്യയിലെ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള സെഡാനുകൾ...

ഔദ്യോഗിക ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് പുത്തൻ മാരുതി ഡിസയർ. ഇതോടെ യാത്രാസുഖത്തിനൊപ്പം മികവുറ്റ സുരക്ഷയും വാഗ്ദാനം ചെയ്തു കൊണ്ട് ഡിസയർ മുന്നിലാണ്. ഡിസയർ മാത്രമല്ല വേറെയും ചില സെഡാനുകൾ കാർ വാങ്ങാൻ തയ്യാറായി നിൽക്കുന്നവരുടെ മനസിലുണ്ട്. ഇന്ത്യയിലെ ഫൈവ് -സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള സെഡാനുകൾ നോക്കാം…

5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിക്കൊണ്ട് വിപണിയിലടക്കം കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് നാലാം തലമുറ മാരുതി സുസുക്കി ഡിസയർ. 6.79 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് നവംബർ 11ന് വിപണിയിൽ എത്തിയ പുത്തൻ ഡിസയറിന് വിപണിയിൽ വൻ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ 34 പോയിൻ്റിൽ 31.24 പോയിൻ്റും നാലാം തലമുറ ഡിസയറിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ ആകെ 42 പോയിൻ്റിൽ 39.20 പോയിന്റുമാണ് വാഹനം നേടിയിരിക്കുന്നത്. ഗ്ലോബൽ NCAPൽ നിന്ന് ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിക്കുന്ന ആദ്യത്തെ മാരുതി സുസുക്കി മോഡലാണ് 2024 ഡിസയർ.
ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ABS വിത്ത് EBD, എല്ലാ യാത്രക്കാർക്കും ത്രീ പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, 360 ഡിഗ്രി ക്യാമറ എന്നിവ അടങ്ങുന്ന സുരക്ഷാ ഫീച്ചറുകളോടെയാണ് ഡിസയർ വിൽപ്പനയ്ക്ക് എത്തുന്നത്.

ഒരു 5-സ്റ്റാർ സേഫ്റ്റി റേറ്റഡ് സെഡാനാണ് നിലവിലെ തലമുറ ഹ്യുണ്ടായ് വെർണയും. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റുകളിൽ മൊത്തം 34 പോയിൻ്റിൽ 28.18 പോയിൻ്റും ഹ്യുണ്ടായ് വെർണ കരസ്ഥമാക്കിയിട്ടുണ്ട്. ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ 49 പോയിൻ്റിൽ 42 പോയിൻ്റും സെഡാന് നേടാനായി. തല, കഴുത്ത്, അബ്ഡോമൻ, ഇടുപ്പ് എന്നിവയ്ക്ക് ഹ്യുണ്ടായ് വെർണ മികവുറ്റ സംരക്ഷണമാണ് നൽകുന്നത്. ഇത് സ്റ്റേബിളായ ബോഡി ഷെല്ലും വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട്, സൈഡ്, കർട്ടൻ എന്നിങ്ങനെ എയർബാഗുകൾ, ESC, ISOFIX മൗണ്ടുകൾ എന്നിവ അടങ്ങുന്ന കിടിലൻ സേഫ്റ്റി പായ്ക്കേജോടെയാണ് സെഡാൻ വരുന്നത്. 11 ലക്ഷം മുതൽ 17.48 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായ് വെർണയുടെ എക്സ്ഷോറൂം വില.

MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ ഇന്ത്യയിലെ ആദ്യത്തെ സെഡാനുകളിൽ ഒന്നാണ് ഫോക്‌സ്‌വാഗൺ വിർട്ടസ്. അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ ആകെയുള്ള 34 പോയിൻ്റിൽ 29.71 പോയിൻ്റ് നേടാൻ ഈ ജർമ്മൻ സ്‌പോർട്ടി സെഡാന് സാധിച്ചു.
ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ, 49 പോയിന്റിൽ 42 പോയിന്റും വാഹനം നേടി. ഗ്ലോബൽ NCAP ന്റെ റിപ്പോർട്ടിൽ തല, കഴുത്ത്, നെഞ്ച് എന്നിവയ്ക്ക് വിർട്ടസ് നല്ല സംരക്ഷണമാണ് വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന് വളരെ സ്റ്റേബിളായിട്ടുള്ള ബോഡി ഷെല്ലും ഉണ്ടെന്ന് GNCAP കൂട്ടിച്ചേർത്തു. നിലവിൽ 11.56 ലക്ഷം രൂപയിൽ തുടങ്ങി 19.41 ലക്ഷം രൂപ വരെ വിലയ്ക്കാണ് വിർട്ടസ് വിൽപ്പനയ്ക്ക് എത്തുന്നത്.

വിർട്ടസിന്റെ അതേ MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള സ്‌കോഡ സ്ലാവിയയ്ക്കും ഗ്ലോബൽ NCAPൽ നിന്ന് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ ക്രാഷ് ടെസ്റ്റ് സ്‌കോറുകളും മുകളിൽ സൂചിപ്പിച്ച ഫോക്‌സ്‌വാഗൺ വിർട്ടസിന് സമാനമാണ്. ആറ് എയർബാഗുകൾ, ABS, EDS, ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, മറ്റ് അവശ്യ സുരക്ഷാ ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സേഫ്റ്റി ഫീച്ചറുകൾ സ്‌കോഡ സ്ലാവിയ സെഡാനിൽ വാഗ്ദാനം ചെയ്യുന്നു. 10.69 ലക്ഷം രൂപയിൽ തുടങ്ങി 18.69 ലക്ഷം രൂപ വരെയാണ് സ്ലാവിയയുടെ വില.

Read more