കൂടുതല്‍ സ്റ്റൈലിഷായി പുതുതലമുറ സ്വിഫ്റ്റ്; നാലാം തലമുറ പതിപ്പുമായി മാരുതി സുസുക്കി !

ഇന്ത്യൻ വാഹന വിപണിയിൽ ഏറെ ജനപ്രിയമായ കാറുകളിലൊന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. വിപണിയിലെ എക്കാലത്തേയും പ്രിയ മോഡലുകളിൽ ഒന്നായ സ്വിഫ്റ്റിൻറെ നാലാം തലമുറ വാഹനം ജപ്പാനിൽ പുറത്തിറക്കി. നാലാം തലമുറ സ്വിഫ്റ്റിനെ ടോക്കിയോ മോട്ടോർ ഷോയിലാണ്​ സുസുക്കി അവതരിപ്പിച്ചത്​. ഇന്ത്യയിൽ പുതിയ മോഡൽ 2024ൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്​. മോട്ടോർ ഷോയിൽ പുതിയ സ്വിഫ്റ്റിന്റെ കൺസെപ്റ്റാണ് അവതരിപ്പിച്ചത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുതിയ സ്വിഫ്റ്റിന്റെ ചിത്രങ്ങൾ സുസുക്കി പുറത്തു വിട്ടിരുന്നു. കൺസെപ്റ്റ് എന്നാണ് വാഹനത്തെ സുസുക്കി ഇപ്പോഴും വിളിക്കുന്നത്. ഏതുനാഥ്‌ പുത്തൻ ലുക്കിലാണെങ്കിലും പ്രൊഡക്ഷൻ മോഡലിൽ ഇപ്പോഴുള്ളതിനേക്കാൾ​ വലിയ വ്യത്യാസം ഉണ്ടാകാനിടയില്ല. എന്നാൽ വളരെ ശ്രദ്ധിച്ചു നോക്കിയാൽ നിരവധി പരിഷ്കാരങ്ങൾ വാഹനത്തിൽ കാണാൻ സാധിക്കും.

രണ്ട് കോണുകളിലും കൂടുതൽ ഷാർപ്പ് ആൻഡ്​ അഗ്രസ്സീവ് ഹെഡ്‌ലാമ്പുകളാണ്​ നൽകിയിട്ടുണ്ട്​. അൽപം പരന്ന നോസ് ആണ് വാഹനത്തിനുള്ളത്. പ്രൊജക്ടർ സജ്ജീകരണമുള്ള പരിചിതമായ എൽഇഡി ഡിആർഎൽ ആണ്​ നൽകിയിരിക്കുന്നത്​. റീസ്റ്റൈൽ ചെയ്‌ത ഫ്രണ്ട് ഗ്രില്ല്​ വാഹനത്തിന് നൽകിയിട്ടുണ്ട്. അൽപം വലുതും അരികുകളിൽ വൃത്താകൃതിയിലുള്ളതുമാണ് ഇവ. ഗ്ലോസ് ബ്ലാക്ക്, ഡാർക്ക് ക്രോം ഫിനിഷും ഇതിന് ലഭിക്കുന്നുണ്ട്.

സുസുക്കിയുടെ ലോഗോ ഗ്രില്ലിനും ബോണറ്റിനും ഇടയിലാണ് സ്ഥാപിച്ചിരിക്കുന്നത്. പഴയ സ്വിഫ്റ്റിലേത് പോലെ തന്നെ നാലാം തലമുറ സ്വിഫ്റ്റിലും ഫ്‌ളോട്ടിംഗ് റൂഫ് ഡിസൈനാണ് ഉള്ളത്. പുതിയ അലോയ് വീലുകളും സ്വിഫ്റ്റിന്റെ ഭംഗി കൂട്ടുന്നുണ്ട്.  കറുപ്പ്, ചാര നിറങ്ങളിലുള്ള ഡാഷ്‌ബോർഡ് ഡിസൈനാണ് 2024 സ്വിഫ്റ്റിലും ഉള്ളത്.

ടോക്കിയോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്വിഫ്റ്റിന് വാഹനത്തിന്റെ സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഫീച്ചറായ അഡാസ് ​ സംവിധാനം ഉണ്ട്. എന്നാൽ ഇന്ത്യയിൽ ഈ ഫീച്ചർ ലഭിക്കുമോ എന്നത് വ്യക്തമല്ല. നിലവിൽ മാരുതി സുസുക്കിയുടെ ഇന്ത്യൻ മോഡലുകളിലൊന്നും ഈ സംവിധാനമില്ല. എക്സ്റ്റീരിയറിനേക്കാൾ വലിയ മാറ്റങ്ങളാണ് പുതിയ സ്വിഫ്റ്റിന്റെ ഇന്റീരിയറിന് ലഭിക്കുന്നത്.

കാറിന്റെ ഇന്റീരിയറിൽ ഫ്രീ സ്റ്റാൻഡിങ്​ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സ്റ്റിയറിങ്​ വീൽ ഡിസൈൻ, HVAC സ്വിച്ചുകൾ എന്നിവയുൾപ്പെടെ മിക്ക ഇന്റീരിയർ ബിറ്റുകളും കാണാനാവും.  ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ ഫീച്ചറുകൾ എന്നിവയുമായി പുതിയ സ്വിഫ്റ്റ് വരുമെന്നും പ്രതീക്ഷിക്കുന്നു. പവർട്രെയിനുകളും എഞ്ചിൻ അപ്പ്ഡേറ്റുകളും സംബന്ധിച്ച വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല.

Read more

ഏകദേശം 40 കിലോമീറ്റർ വരെ ഇന്ധനക്ഷമത ലഭിക്കുന്ന ഹൈബ്രിഡ് എൻജിൻ പുറത്തിറക്കാനും സാധ്യതയുണ്ട് എന്നാണ് കരുതുന്നത്. നിലവിൽ ഇന്ത്യൻ വിപണിയിലുള്ള സ്വിഫ്റ്റിൽ 90 എച്ച്പി കരുത്തും പരമാവധി 113 എൻഎം ടോർക്കും പുറത്തെടുക്കുന്ന 1. 2 ലിറ്റർ ഫോർ സിലിണ്ടർ എൻജിനാണുള്ളത്. പുത്തൻ മോഡലിൽ മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഡ്യുവൽ സെൻസർ ബ്രേക്ക് സപ്പോർട്ട്, കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിങ്, അഡാപ്റ്റീവ് ഹൈ ബീം സിസ്റ്റം, ഡ്രൈവ് മോണിറ്ററിങ് സിസ്റ്റം എന്നിവ പുതിയ സ്വിഫ്റ്റിലുണ്ടാവും.