സേഫ്റ്റി മുഖ്യം ! 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകൾ...

ഒരു വാഹനം വാങ്ങുമ്പോൾ മൈലേജ് പോലെ തന്നെ നോക്കുന്ന മറ്റൊരു കാര്യമാണ് സേഫ്റ്റി. ടാറ്റ, ഫോക്‌സ്‌വാഗൺ, സ്‌കോഡ, ഹ്യുണ്ടായി, മഹീന്ദ്ര തുടങ്ങിയ കാർ നിർമ്മാതാക്കൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്കിടയിൽ സേഫ്റ്റിയ്ക്ക് മുൻഗണന നല്കാൻ ശ്രദ്ധിക്കാറുണ്ട്. ടാറ്റയുടെ 2023 ഹാരിയർ, സഫാരി മോഡലുകളാണ് ലിസ്റ്റിൽ ഏറ്റവും പുതിയത്. ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന മികച്ച സേഫ്റ്റി റേറ്റിംഗുകൾ നേടിയ കാറുകൾ ഏതൊക്കെയെന്ന് നോക്കാം.

2023 ടാറ്റ ഹാരിയർ/ സഫാരി: GNCAP പ്രകാരം ഇപ്പോൾ ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും സുരക്ഷിതമായ മോഡലുകളാണ് 2023 ടാറ്റ ഹാരിയർ, ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾ. അഡൽറ്റ് പ്രൊട്ടക്ഷൻ ഒക്യുപന്റ്, ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ എന്നിവയിൽ ഇവയ്ക്ക് ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗുകൾ ആണ് ലഭിച്ചിരിക്കുന്നത്. ഈ ടാറ്റ എസ്‌യുവികൾ ലിസ്റ്റിലെ മറ്റെല്ലാ മോഡലുകളുമായും താരതമ്യപ്പെടുത്തുമ്പോൾ രണ്ട് ടെസ്റ്റുകളിലും ഉയർന്ന സ്‌കോറുകളും നേടിയിട്ടുണ്ട്. സ്റ്റേബിളും, ഹെവി ലോഡുകൾ വഹിക്കാൻ കഴിവുള്ളവയാണ് ഇവയുടെ ബോഡി ഷെല്ലുകൾ.

രണ്ട് എസ്‌യുവികളിലെയും പൊതുവായ സേഫ്റ്റി ഫീച്ചറുകളിൽ സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവയും ഉൾപ്പെടുന്നു. ഹിൽ അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം എന്നിവയും ടോപ്പ് എൻഡ് വേരിയന്റുകളിൽ ഇതിന് ലഭിക്കുന്നുണ്ട്.

ഫോക്‌സ്‌വാഗൺ വിർട്ടസ്/ സ്‌കോഡ സ്ലാവിയ: ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും സുരക്ഷിതമായ സെഡാനുകളായി കണക്കാക്കാവുന്ന കാറുകളാണ് ഫോക്‌സ്‌വാഗൺ വിർട്ടസും സ്‌കോഡ സ്ലാവിയയും. ഇവ രണ്ടും മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തിൽ പൂർണ്ണമായ ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗുകൾ കരസ്ഥമാക്കി. ഇവയുടെ ബോഡി ഷെല്ലുകൾക്ക് മികച്ച സ്റ്റേബിൾ റേറ്റിംഗും ലഭിച്ചിട്ടുണ്ട്. അധിക ലോഡിംഗും ഇവയ്ക്ക് നേരിടാൻ കഴിയും.

രണ്ട് സെഡാനുകളിലും ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയും നിർമ്മാതാക്കൾ സജ്ജീകരിച്ചിട്ടുണ്ട്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ വിർട്ടസ് സേഫ്റ്റി നിലവാരം തെളിയിച്ചത് കൂടാതെ ലാറ്റിൻ NCAP ക്രാഷ് ടെസ്റ്റിലും ഈ മെയ്ഡ് ഇൻ ഇന്ത്യ സെഡാൻ ഫുൾ ഫൈവ് സ്റ്റാർ റേറ്റിംഗും കരസ്ഥമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഭാരത് NCAP ടെസ്റ്റിൽ സെഡാൻ മികച്ച റിസൾട്ട് കൈവരിക്കും എന്നാണ് പ്രതീക്ഷ.

ഫോക്‌സ്‌വാഗൺ ടൈഗൂൺ/ സ്‌കോഡ കുഷാഖ്: ഗ്ലോബൽ NCAP യുടെ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ ഫോക്‌സ്‌വാഗൺ-സ്കോഡ എസ്‌യുവി ജോഡിയും ഫുൾ ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗും നേടി. എന്നാൽ ഇവയുടെ അഡൽറ്റ് ഒക്യുപന്റ് പ്രൊട്ടക്ഷൻ സ്കോർ സെഡാൻ സഹോദരങ്ങളേക്കാൾ അൽപം കുറവാണ്. ഇരു മോഡലുകളുടേയും സ്റ്റാൻഡേർഡ് സുരക്ഷാ കിറ്റിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ABS + EBD, ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയും ഉൾപ്പെടുന്നു.

ഹ്യുണ്ടായി വെർണ: ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് പ്രകാരം കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയിൽ ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗുകൾ നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ഹ്യുണ്ടായി മോഡലാണ് വെർണ. എന്നാൽ വാഹനത്തിന്റെ ബോഡിഷെല്ലും ഫുട്‌വെൽ ഏരിയയും അൺസ്റ്റേബിളായിട്ടാണ് റേറ്റ് ചെയ്‌തിരിക്കുന്നത്. കൂടുതൽ ലോഡിംഗ് വഹിക്കാൻ വാഹനത്തിന് കഴിയില്ല എന്ന് സാരം.

ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ABS + EBD, എല്ലാ യാത്രക്കാർക്കും ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവയാണ് സെഡാന്റെ സേഫ്റ്റി കിറ്റിൽ സ്റ്റാൻഡേർഡ് ആയി ലഭിക്കുന്നത്. ഫോർവേഡ് കൊളീഷൻ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് അലേർട്ട്, ലെയിൻ അസിസ്റ്റ് എന്നിങ്ങനെയുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകളും വെർണയുടെ ടോപ്പ്-സ്പെക് വേരിയന്റിൽ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ട്.

മഹീന്ദ്ര സ്കോർപിയോ N: ഗ്ലോബൽ NCAP നടത്തിയ ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സംരക്ഷണത്തിൽ മഹീന്ദ്ര സ്കോർപിയോ N ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടി. അതേസമയം ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ സ്‌കോർ ഈ എസ്‌യുവിക്ക് കുറവാണ്. കുട്ടികളുടെ സുരക്ഷയ്ക്ക് ത്രീ സ്റ്റാർ റേറ്റിംഗാണ് ഇതിനുള്ളത്. വാഹനത്തിന്റെ ബോഡി ഷെല്ലിന്റെ ഇന്റഗ്രിറ്റിയും ഫുട്‌വെൽ ഏരിയയും സ്റ്റേബിളാണ്.

എക്സ്ട്ര ലോഡിംഗ് വഹിക്കാനുള്ള കഴിവ് വാഹനത്തിനുണ്ട് എന്നാണ് ടെസ്റ്റ് റേറ്റ് ചെയ്യുന്നത്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഹിൽ അസിസ്റ്റോടുകൂടിയ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ABS + EBD, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ് എന്നിവയാണ് സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളായി എസ്‌യുവിക്ക് ലഭിക്കുന്നത്.