ഫോക്‌സ്‌കോണില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് വിവേചനം; ഫാക്ടറിയില്‍ 2520 ജീവനക്കാര്‍ വിവാഹിതര്‍; ആരോപണം തെറ്റെന്ന് ലേബര്‍ കമ്മീഷന്‍

ഫോക്‌സ്‌കോണില്‍ വിവാഹിതരായ സ്ത്രീകള്‍ വിവേചനം നേരിടുന്നില്ലെന്ന് തമിഴ്‌നാട് ലേബര്‍ കമ്മീഷന്‍. ആപ്പിള്‍ ഐ ഫോണുകള്‍ നിര്‍മ്മിക്കുന്ന കരാര്‍ കമ്പനിയാണ് ഫോക്‌സ്‌കോണ്‍. വിവാഹിതരായ സ്ത്രീകള്‍ക്ക് കമ്പനിയില്‍ വിവേചനം നേരിടുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ലേബര്‍ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കമ്പനിയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ട്.

ഫോക്‌സ്‌കോണ്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നില്ലെന്നും ഇക്കാര്യം പരസ്യങ്ങളില്‍ എവിടെയും കമ്പനി വ്യക്തമാക്കുന്നില്ലെന്നുമായിരുന്നു ആരോപണം. കമ്പനിയ്‌ക്കെതിരെയുള്ള ആരോപണം വിവാദമായതിന് പിന്നാലെ ആയിരുന്നു ലേബര്‍ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്. ആരോപണങ്ങളുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ഫോക്‌സ്‌കോണ്‍ ഇത് നിഷേധിച്ചിരുന്നു.

ചെന്നൈയിലെ ഒരു ഉദ്യോഗാര്‍ത്ഥിയും നിയമന ഏജന്‍സിയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നതിന് പിന്നാലെ എത്തിയ മാധ്യമ റിപ്പോര്‍ട്ടുകളാണ് സംഭവം വിവാദമാക്കിയത്. ഫോക്‌സ്‌കോണ്‍ വിവാഹിതരെ നിയമിക്കില്ലെന്നായിരുന്നു ഏജന്‍സി നല്‍കിയ മറുപടി. സംഭവത്തിന് പിന്നാലെ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു.

അതേസമയം ലിംഗം, മതം, വിവാഹം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ കമ്പനി കാണിക്കുന്നില്ലെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. 2520 വിവാഹിതരായ സ്ത്രീകള്‍ ചെന്നൈയിലെ ഫാക്ടറിയില്‍ ജോലി നോക്കുന്നതായും കമ്പനി വ്യക്തമാക്കി.