അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ എല്ലാ ജ്വല്ലറി ഷോറൂമുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

വമ്പന്‍ പരസ്യങ്ങളുമായി പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്തു തുടങ്ങിയ ജ്വല്ലറി ഗ്രൂപ്പിന്റെ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം ചെയ്തു വന്‍ നിക്ഷേപ തട്ടിപ്പ് നടത്തുന്നുവെന്ന് ആക്ഷേപം ഉയരുന്ന അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ ജ്വല്ലറി ഷോറൂമുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. അല്‍മുക്താദിറിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുകയാണ്. നേരത്തേയും അല്‍ മുക്താദിര്‍ ഗ്രൂപ്പില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും കേരളത്തിലെ അല്‍ മുക്താദിര്‍ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ഉണ്ടായിരുന്നു. ആദായനികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. വന്‍ നികുതി വെട്ടിക്കല്‍ കള്ളപ്പണ നിക്ഷേപം, പെട്ടന്നുള്ള വളര്‍ച്ച എന്നിവയാണ് അന്ന് റെയ്ഡില്‍ പ്രധാനമായും പരിശോധിച്ചത്.

സ്വര്‍ണ്ണാഭരണങ്ങളില്‍ അനധികൃത ഹാള്‍ മാര്‍ക്ക് മുദ്ര പതിപ്പിക്കുന്നതായി അല്‍ മുക്താദിറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവില്‍ നിക്ഷേപകര്‍ക്ക് സ്വര്‍ണവും പണവും തിരികെ കിട്ടാതെ ഷോറൂമുകളില്‍ ബഹളം ഉയര്‍ന്നതിന് വലിയ പരാതികള്‍ ഉയരുന്നതിന് ഇടയിലാണ് ആദായ നികുതി വകുപ്പ് ഷോറൂമുകളില്‍ റെയ്ഡ് നടത്തുന്നത്.

0% പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് പത്രമാധ്യമങ്ങളില്‍ മുന്‍പേജ് ജാക്കറ്റ് പരസ്യങ്ങള്‍ നല്‍കി മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് വന്‍തോതില്‍ പണം തട്ടിയെടുത്തെന്ന് വ്യാപക പരാതി അല്‍മുക്താദിര്‍ ഗ്രൂപ്പിനെതിരെ ഉയര്‍ന്നിരുന്നു. വിവാഹ ആവശ്യത്തിന് അടക്കം സ്വര്‍ണം നല്‍കുന്നതിന് വന്‍തോതില്‍ ഡിപ്പോസിറ്റ് വാങ്ങിച്ചിരുന്ന അല്‍മുക്താദിര്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം കിട്ടാത്തതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉപഭോക്താക്കളില്‍ നിന്ന് ഉയരുന്നത്. തൊഴിലാളികളെ ഉപയോഗിച്ച് നടത്തിയ വന്‍ ഡിപ്പോസിറ്റ് ശേഖരണത്തെ തുടര്‍ന്ന് ജീവനക്കാരും ഇപ്പോള്‍ ഉടമയ്ക്കെതിരെ തിരിഞ്ഞിരുന്നു.