'വര്‍ദ്ധിച്ചുവരുന്ന സ്വര്‍ണ കവര്‍ച്ച സ്വര്‍ണ വ്യാപാരികളില്‍ ആശങ്ക സൃഷ്ടിക്കുന്നു'; ജൂവലറികള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്ന് അഡ്വ.എസ് അബ്ദുല്‍ നാസര്‍

വര്‍ദ്ധിച്ചുവരുന്ന സ്വര്‍ണ കവര്‍ച്ച സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ ആശങ്ക ഉയര്‍ത്തുന്നതായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍. കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിലുണ്ടാകുന്ന സ്വര്‍ണ കവര്‍ച്ചകള്‍ സ്വര്‍ണ വ്യാപാരികളെ ഭയപ്പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് എകെജിഎസ്എംഎ ട്രഷറര്‍. പെരിന്തല്‍മണ്ണയിലും കൊടുവള്ളിയിലും ഒരാഴ്ചയ്ക്കിടെ രണ്ട് കവര്‍ച്ചയാണ് നടന്നത്. അഞ്ച് കിലോയില്‍ അധികം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.

ഈ സാഹചര്യത്തിലാണ് സ്വര്‍ണ വ്യാപാരികളുടെ ആശങ്ക ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പങ്കുവെയ്ക്കുന്നത്. ഇത്തരത്തില്‍ കവര്‍ച്ച ചെയ്ത് നഷ്ടപ്പെടുന്ന സ്വര്‍ണം പിന്നീട് ഉടമയ്ക്ക് തിരികെ കിട്ടിയാലും എടുക്കുന്ന കാലതാമസം വ്യാപാരത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും അബ്ദുള്‍ നാസര്‍ പറയുന്നു.

നഷ്ടപ്പെട്ട സ്വര്‍ണം പൂര്‍ണമായും തിരിച്ചു കിട്ടാറില്ല. പോലീസ് വീണ്ടെടുത്ത സ്വര്‍ണ്ണം ഉടമയ്ക്ക് തിരികെ നല്‍കാന്‍ വലിയ കാലതാമസം എടുക്കുന്നതിനാല്‍ കട തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. സംസ്ഥാനത്ത് സ്വര്‍ണ്ണ കള്ളക്കടത്ത് കുറഞ്ഞതോടെ ആ മേഖലയില്‍ കാരിയര്‍മാരായി പ്രവര്‍ത്തിച്ചവര്‍ സ്വര്‍ണ്ണ കവര്‍ച്ചാ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായിട്ടാണ് പോലീസ് തന്നെ പറയുന്നത്.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്വര്‍ണാഭരണശാലകള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യമാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ മുന്നോട്ട് വെക്കുന്നത്. രാത്രി സ്വര്‍ണ്ണം വീട്ടിലേക്ക് കൊണ്ടുപോകരുതെന്നും കടകളില്‍ തന്നെ സൂക്ഷിക്കാനുള്ള സുരക്ഷിത മാര്‍ഗ്ഗം ഒരുക്കണമെന്നും വ്യാപാരികളോടും എകെജിഎസ്എംഎ ട്രഷറര്‍ നിര്‍ദേശിക്കുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കണമെന്നും സ്വര്‍ണവ്യാപാരികളോട് അഡ്വ.എസ്.അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു.