തുണിത്തരങ്ങൾക്കും ചെരിപ്പിനും അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ചരക്ക് സേവന നികുതി (ജിഎസ്ടി) വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിച്ച് കേന്ദ്രം. സംസ്ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിർപ്പ് പരിഗണിച്ചാണിത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ചേർന്ന ചരക്ക് സേവന നികുതി കൗൺസിൽ യോഗത്തിലാണ് തീരുമാനം.
ടെക്സ്റ്റൈൽ ഉൽപന്നങ്ങളുടെ ഉയർന്ന നികുതി നിരക്കിൽ പല സംസ്ഥാനങ്ങളും എതിർപ്പ് പ്രകടിപ്പിക്കുകയും നിരക്ക് വർദ്ധന നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഡൽഹി, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വിഷയം ഉന്നയിച്ചത്. ടെക്സ്റ്റൈൽസിന്റെ ജിഎസ്ടി നിരക്ക് നിലവിൽ ഉള്ള അഞ്ച് ശതമാനത്തിൽ നിന്ന് 2022 ജനുവരി 1 മുതൽ 12 ശതമാനമായി ഉയർത്തുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് സംസ്ഥാനങ്ങൾ അറിയിച്ചിരുന്നു.
ധനമന്ത്രി നിർമ്മല സീതാരാമൻ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി നടത്തിയ പ്രീ-ബജറ്റ് കൂടിയാലോചനയിലാണ് വിഷയം ചർച്ചയായത്. ഒരു ലക്ഷത്തോളം ടെക്സ്റ്റൈൽ യൂണിറ്റുകൾ അടച്ചുപൂട്ടാനും 15 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടാനും ഇടയാക്കുമെന്ന് പറഞ്ഞ പശ്ചിമ ബംഗാളിലെ മുൻ ധനമന്ത്രി അമിത് മിത്ര, ടെക്സ്റ്റൈൽ വർധന പിൻവലിക്കാൻ കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
അസംഘടിത മേഖലയ്ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) ഉണ്ടാകുന്ന അധിക ചെലവും, പാവപ്പെട്ടവന്റെ വസ്ത്രങ്ങൾ വില കൂടുന്നതും ചൂണ്ടിക്കാട്ടി നികുതി അഞ്ച് ശതമാനത്തിൽ നിന്ന് വർധിപ്പിക്കുന്നതിനെ വ്യവസായ സ്ഥാപനങ്ങളും എതിർത്തിരുന്നു.
ജിഎസ്ടി കൗൺസിലിന്റെ ശിപാർശ പ്രകാരം, വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, പാദരക്ഷകൾ എന്നിവയുടെ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനത്തിൽ നിന്ന് 2022 ജനുവരി 1 മുതൽ 12 ശതമാനമായി ഉയർത്തുമെന്ന് ഈ വർഷം ആദ്യം സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) പ്രഖ്യാപിച്ചിരുന്നു.
ജിഎസ്ടി കൗൺസിലിന്റെ 46-ാമത് യോഗം ഇന്ന് ഡൽഹിയിൽ നടക്കുകയാണ്, യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
Read more
കേന്ദ്ര ധനമന്ത്രാലയത്തിലെ സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഭഗവത് കിഷൻറാവു കരാദ് എന്നിവരും ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 2022 ഫെബ്രുവരി 1 ന് പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന 2022-23 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്.