സ്വര്‍ണത്തില്‍ തൊട്ടാല്‍ കൈ പൊള്ളും; സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഇതോടെ കേരളത്തില്‍ സ്വര്‍ണത്തിന് റെക്കോര്‍ഡ് വില രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് 7,140 രൂപയും പവന് 360 രൂപ വര്‍ദ്ധിച്ച് 57,120 രൂപയായി ഉയര്‍ന്നു. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന വിലയാണ് ഇതോടെ രേഖപ്പെടുത്തിയത്. നേരത്തെ ഒക്ടോബര്‍ 4ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണ് ഇതോടെ മറികടന്നത്.

സ്വര്‍ണം 18 കാരറ്റിന് ഗ്രാമിന് 5,900 രൂപയായി ഉയര്‍ന്നിട്ടുണ്ട്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം കടന്നു. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഒക്ടോബര്‍ 4ന് ഗ്രാമിന് 7,120 രൂപയും പവന് 56,960 രൂപയുമായിരുന്നു വില.

അമേരിക്കന്‍ പലിശ നിരക്ക്, ഡോളര്‍ വിനിമയ നിരക്ക്, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന യുദ്ധ സമാനമായ അന്തരീക്ഷം തുടങ്ങി വിവിധ കാരണങ്ങളാണ് വില വര്‍ദ്ധനവിന് അടിസ്ഥാനം. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 2,665 ഡോളറിലെത്തിയിട്ടുണ്ട്.