സ്വര്‍ണം വാങ്ങാന്‍ ഇത് നല്ലകാലമോ? അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ദിവസങ്ങള്‍ക്ക് ശേഷം വര്‍ദ്ധനവ് രേഖപ്പെടുത്തിയപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്. സംസ്ഥാനത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഇന്ന് 10 രൂപ വര്‍ദ്ധിച്ച് ഗ്രാമിന് 7,365 രൂപയായി. ഇതോടെ പവന് 80രൂപ വര്‍ദ്ധിച്ച് 58,920 രൂപയിലെത്തി.

ഒക്ടോബര്‍ 31ന് ശേഷം സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയിരുന്നു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 5 രൂപ വര്‍ദ്ധിച്ച് ഗ്രാമിന് 6070 രൂപയായി. അതേസമയം അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് ഔണ്‍സ് വില 2750 ഡോളറായിരുന്നു. എന്നാല്‍ ഇന്ന് സ്വര്‍ണത്തിന് വില ഇടിയുകയായിരുന്നു. 54 ഡോളറിന്റെ കുറവാണ് വിലയിലുണ്ടായത്. ഇതോടെ ഔണ്‍സ് വില 2736 ഡോളറായി കുറഞ്ഞു. ഒക്ടോബര്‍ 31ന് 2790 ഡോളറെന്ന റെക്കോര്‍ഡ് വിലയിലായിരുന്നു അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണം.

അമേരിക്കന്‍ തിരഞ്ഞെടുപ്പാണ് വിപണിയില്‍ സ്വര്‍ണവിലയ്ക്ക് തിരിച്ചടിയുണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍. അതേസമയം ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേക്ക് വരുന്നതോടെ സ്വര്‍ണവില വീണ്ടും വര്‍ദ്ധിക്കുമെന്നാണ് നിക്ഷേപകരുടെ നിഗമനം.