സ്വര്‍ണം വാങ്ങാനിത് നല്ല നേരം; രണ്ട് ദിവസത്തില്‍ പവന് കുറഞ്ഞത് 2,000 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില ഇടിയുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 8,310 രൂപയായി. പവന് 720 രൂപ കുറഞ്ഞ് 66,480 രൂപയായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കുമതി തീരുവ സംബന്ധിച്ച പ്രഖ്യാപനം നടത്തിയതിന് പിന്നാലെ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ആഗോളതലത്തില്‍ സ്വര്‍ണ വില ഇടിയുന്നത്.

കഴിഞ്ഞ ദിവസം പവന് 1,280 രൂപ കുറഞ്ഞിരുന്നു. രണ്ട് ദിവസങ്ങളിലായി 2,000 രൂപയുടെ കുറവാണ് സ്വര്‍ണത്തിനുണ്ടായത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 6,810 രൂപയിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന് വില ഉയര്‍ന്നപ്പോള്‍ 18 കാരറ്റ് സ്വര്‍ണത്തിനും ഡിമാന്റ് ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്ത് വിവാഹ സീസണ്‍ ആയതിനാല്‍ വില ഇടിഞ്ഞതോടെ വിവാഹ പര്‍ച്ചേസുകള്‍ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുകൂടാതെ വില കുറഞ്ഞതോടെ ബുക്കിംഗുകളും ആരംഭിച്ചിട്ടുണ്ട്.