ആശാ സമരത്തിൽ ഓണറേറിയം വർധിപ്പിക്കാൻ സർക്കാരിന് കഴിയുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇതിന് കേന്ദ്രത്തിന്റെ അനുമതി വേണ്ടെന്നും, സമരം പൊളിക്കാനാണ് സർക്കാർ ശ്രമമെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. ഐഎൻടിയുസിയെ സർക്കാർ വിലാസം സംഘടനയാക്കാൻ അനുവദിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
ആശാ സമരത്തിനെതിരായ ഐഎൻടിയുസി നിലപാടിൽ കോൺഗ്രസ് തീരുമാനമെടുത്താൽ അതിനു മേലെ പറയാനുള്ള അധികാരം ഒരു പോഷക സംഘടനയ്ക്കും നൽകിയിട്ടില്ലെന്നും കെ മുരളീധരൻ കൂട്ടിചേർത്തു. കോൺഗ്രസ് അധ്യക്ഷൻ നിലപാടെടുത്താൽ അതാണ് പാർട്ടി നിലപാട്. ആശാ സമരത്തിൽ പ്രതിപക്ഷ നേതാവും, വർക്കിംഗ് കമ്മിറ്റി അംഗങ്ങളും അടക്കമുള്ള നേതാക്കൾ സമരപ്പന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ഐഎൻടിയുസിയെ സർക്കാർ വിലാസം സംഘടനയാക്കാൻ അനുവദിക്കില്ലെന്നും അതിൻ്റെ ഭാഗമായാണ് കെപിസിസി അധ്യക്ഷൻ താക്കീത് നൽകിയത് എന്നും കെ മുരളീധരൻ വ്യക്തമാക്കി. സിപിഐഎം സമര പാരമ്പര്യം തന്നെ മറന്നു പോയെന്നും കെ മുരളീധരൻ കൂട്ടി ചേർത്തു.