മെട്രോ നഗരത്തിന്റെ മാറ്റ് കൂട്ടാനായി പുതുക്കി നിര്‍മിച്ച എറണാകുളം മാര്‍ക്കറ്റ് ഇന്ന് നാടിന് തുറന്ന് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് മാര്‍ക്കറ്റ് കോപ്ലക്‌സ് നാടിന് സമര്‍പ്പിക്കും. മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങിന്റെ നിര്‍മാണ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. 20 കാറുകളും 100 ബൈക്കുകളും പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പാര്‍ക്കിംഗ് സമുച്ചയം 24.65 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്.
കൊച്ചി കോര്‍പറേഷന്റെ സഹകരണത്തോടെ കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് (സിഎസ്എംഎല്‍) നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 72 കോടി രൂപ ചെലവഴിച്ച് 1.63 ഏക്കറില്‍ 19,990 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ നാല് നിലകളിലായാണ് നിര്‍മിച്ചത്. 275 കടമുറികള്‍, അത്യാധുനിക മാലിന്യ സംസ്‌കരണ സംവിധാനം, പാര്‍ക്കിങ് സൗകര്യം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. താല്‍ക്കാലിക മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിത്തുടങ്ങി.
ലോകോത്തര മാര്‍ക്കറ്റിനു ഉതകുന്ന രീതിയില്‍, സാധനങ്ങള്‍ കയറ്റുന്നതിനും ഇറക്കുന്നതിനു വേണ്ടി പ്രത്യേക ഏരിയ, ശൗച്യാലയങ്ങള്‍, സോളാര്‍ ലൈറ്റുകള്‍, അഗ്‌നിസുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍, സുരക്ഷാ ക്യാമറകള്‍, മഴവെള്ള സംഭരണി, ജല വിതരണത്തിനു വേണ്ടി 30000 ലിറ്റര്‍ ശേഷിയുള്ള ജല ടാങ്ക്,, കാര്‍ പാര്‍ക്കിംഗ്, റാംപ് സൗകര്യം, മാലിന്യ സംസ്‌കരണ സംവിധാനം, കൃത്യതയോടെ രൂപം നല്‍കിയ ഡ്രയിനേജ് സിസ്റ്റം, ലിഫ്റ്റുകള്‍ തുടങ്ങിയവയെല്ലാം ഒരുക്കിക്കൊണ്ടാണ് പുതിയ എറണാകുളം മാര്‍ക്കറ്റ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.
കച്ചവടക്കാര്‍ ഉള്‍പ്പടെ മാര്‍ക്കറ്റില്‍ എത്തുന്ന എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ വിവിധ നിലകളിലായി 82 ശൗച്യാലയങ്ങളും ഒരുക്കി. 1070 കോടിയുടെ കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡില്‍ 500 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെയും 70 കോടി രൂപ കോര്‍പറേഷന്റെയും വിഹിതമാണ്. ശേഷിക്കുന്ന 500 കോടി രൂപയാണ് കേന്ദ്രവിഹിതം. കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന 750 കോടി രൂപയുടെ പദ്ധതികള്‍ സിഎസ്എംഎല്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. ശേഷിക്കുന്നവ അടുത്ത മാര്‍ച്ചിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്
ആകെ 275 കട മുറികള്‍ ആണ് മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ തയാറാക്കിയിരിക്കുന്നത്. ഇതില്‍ 130 എണ്ണം പച്ചക്കറി ഷോപ്പുകളും, 52 എണ്ണം സ്റ്റേഷനറി കടകളും, 28 എണ്ണം ഇറച്ചി – മത്സ്യ ഷോപ്പുകളുമാണ്. നേന്ത്രക്കായ ഉള്‍പ്പടെയുള്ളവയുടെ കച്ചവടത്തിനായി 34 ഷോപ്പുകള്‍, ഏഴ് പഴക്കടകള്‍, മുട്ട വില്‍പ്പനയ്ക്കായി മൂന്ന് ഷോപ്പുകള്‍ എന്നിവയും പുതിയ മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ ഉണ്ട്.
Read more
ഗ്രൗണ്ട് ഫ്‌ലോറില്‍ മാത്രം 183 ഷോപ്പുകള്‍ ഉണ്ടാവും. ഭാവിയില്‍ ആവശ്യമെങ്കില്‍ രണ്ടും മൂന്നും നിലകളില്‍ കൂടുതല്‍ ഷോപ്പുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ഇതിനു പുറമെ ഏറ്റവും മുകളിലത്തെ നിലയില്‍ ഫുഡ് കോര്‍ട്ടിനുള്ള സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്. ഇറച്ചി മല്‍സ്യ കച്ചവടക്കാര്‍ക്ക് ഉള്ള സ്ഥലം ഒന്നാം നിലയില്‍ ആണ് ഒരുക്കിയിരിക്കുന്നത് .