പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍, കേരളത്തിലെ തങ്ങളുടെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് നവീനാനുഭവം ഉറപ്പു നല്‍കിക്കൊണ്ട് 1715 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ സജ്ജമാക്കിയിരിക്കുന്ന സ്റ്റോറില്‍ റിവറിന്റെ പുതിയ മോഡലായ ഇന്‍ഡീ, ആക്സസറികള്‍, എക്സ്‌ക്ലൂസിവ് മെര്‍ക്കന്റൈസ് ഉള്‍പ്പെടെയുള്ളവ ലഭ്യമാകും.

റിവറെന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം ഒഴുകുന്ന നദികളുടെ മനോഹരമായ അന്തരീക്ഷം പുനര്‍സൃഷ്ടിച്ചുകൊണ്ട് സൗന്ദര്യാത്മകമായ രീതിയില്‍ വളരെ ആകര്‍ഷകമായാണ് സ്റ്റോറിന്റെ അകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയിട്ടുള്ള ഓരോ വിഭാഗങ്ങളാണ് ഈ രൂപകല്‍പ്പനയുടെ കാതല്‍. ഓരോ ഉപഭോക്താവിന്റെയും നിത്യജീവിതവുമായി ഇന്‍ഡി എങ്ങനെ ചേര്‍ന്നിരിക്കുന്നുവെന്നാണ് ആദ്യത്തെതില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊച്ചിയുടെ പ്രാദേശികഭൂമികയില്‍ ഇന്‍ഡിയെ ഇല്യുസ്ട്രേഷനുകളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് രണ്ടാമത്തേതില്‍. ഓരോ വ്യക്തിയേയും അവരുള്ള ഇടത്തുനിന്നും അവര്‍ പോകുവാന്‍ ആഗ്രഹിക്കുന്ന ഇടത്തേക്ക് എത്തിക്കുക എന്ന റിവറിന്റെ മൂല്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന രീതിയിലാണ് ഈ രൂപകല്‍പ്പന.

കേരളത്തിലൂടനീളം തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നീ നഗരങ്ങളിലും വരും മാസങ്ങളില്‍ത്തന്നെ റിവര്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി, വിശാഖപട്ടണം എന്നിവിടങ്ങളിലായി 8 ഔട്ട്ലെറ്റുകളാണ് റിവറിനുള്ളത്. ആഴ്ചകള്‍ക്കുള്ളില്‍ മൈസൂര്‍, കോയമ്പത്തൂര്‍, വിജയവാഡ, ഗോവ, അഹമ്മദാബാദ്, മുംബൈ, പൂനൈ, നാഗ്പൂര്‍ എന്നിവിടങ്ങളിലും സ്റ്റോറുകള്‍ ലോഞ്ച് ചെയ്യുവാന്‍ റിവര്‍ തയ്യാറെടുക്കുകയാണ്. 2025 മാര്‍ച്ച് ആകുമ്പോഴേക്കും രാജ്യത്തുടനീളം 25 സ്റ്റോറുകള്‍ ആരംഭിക്കുവാനാണ് കമ്പനിയുടെ ലക്ഷ്യം.

തുടക്കകാലം മുതല്‍ത്തന്നെ കേരളത്തിലെ ജനങ്ങള്‍ ഞങ്ങളോട് ഏറെ സ്നേഹവും താത്പര്യവും കാണിച്ചിട്ടുണ്ട്. മള്‍ട്ടി യൂട്ടിലിറ്റിയും സ്‌റ്റൈലും ഒരുമിച്ച് ചേരുന്ന സവിശേഷമായ ഡിസൈനോടുകൂടിയെത്തുന്ന ഇന്‍ഡി ഓരോരുത്തര്‍ക്കും ഏറ്റവും അനുയോജ്യമായ ട്രാവല്‍ പാര്‍ട്ണറായിരിക്കും. കൊച്ചിയ്ക്ക് പുറമേ, വൈകാതെ തന്നെ കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലും സ്റ്റോറുകള്‍ ആരംഭിക്കാനാണ് ഞങ്ങളുടെ പദ്ധതി. കേരളത്തിലുടനീളം റിവറിന്റെ നവീനാനുഭവം കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷത്തിലാണ് – റിവര്‍ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് മണി പറഞ്ഞു.

1,42,999 രൂപയാണ് ഇന്‍ഡിയുടെ കൊച്ചി എക്സ് ഷോറും വില. സ്റ്റോര്‍ സന്ദര്‍ശിച്ച് ഇന്‍ഡി ടെസ്റ്റ് ഡ്രൈവ് ചെയ്യുവാനും ബുക്ക് ചെയ്യുവാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഒപ്പം മറ്റ് ആക്സസറികളും മെര്‍ക്കന്റൈസുകളും പരിചയപ്പെടുകയും വാങ്ങിക്കുകയും ചെയ്യാം.