ആളെ വിളിച്ച് ഇന്ത്യന്‍ ആര്‍മി, കേരളത്തില്‍ മെഗാ റിക്രൂട്ട്മെന്റ് റാലി; ആയിരക്കണക്കിന് പേര്‍ക്ക് യൂണിഫോം അണിയാം; വിശദവിവരങ്ങള്‍ പുറത്തുവിട്ട് സൈന്യം

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ അഗ്നിപഥിന്റെ ഭാഗമായി ആര്‍മി റിക്രൂട്ട്മെന്റ് റാലി കൊച്ചിയില്‍ നടക്കും. നവംബര്‍ 16 മുതല്‍ 25 വരെയാണ് റിക്രൂട്ട്മെന്റ് റാലി. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് റാലി നടക്കുക. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികളാണ് റാലിയില്‍ പങ്കെടുക്കുക. പ്രാഥമിക എഴുത്തു പരീക്ഷയില്‍ വിജയിച്ച ആറായിരം പേര്‍ റാലിക്കെത്തുമെന്നാണ് പ്രതീക്ഷ.

പ്രതിദിനം ആയിരം പേരായിരിക്കും എത്തുക. രാവിലെ 3 ന് റാലിയുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കും. രജിസ്ട്രേഷനു ശേഷം രാവിലെ ആറു മുതല്‍ 9.30 വരെയായിരിക്കും ശാരീരിക പരിശോധന നടക്കുക. വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ടെസ്റ്റുകള്‍ നടത്തുന്നത്. ശാരീരിക പരിശോധനയ്ക്ക് ശേഷം ശാരീരിക അളവ് പരിശോധന നടക്കും. തുടര്‍ന്ന് രേഖകളുടെ പരിശോധന നടക്കും. വിദ്യാഭ്യാസ യോഗ്യതയും കായികക്ഷമതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു ശേഷം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി സമ്പൂര്‍ണ്ണ വൈദ്യ പരിശോധന നടത്തും.

പൂര്‍ണ്ണമായും മെറിറിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ആര്‍മി റിക്രൂട്ട്മെന്റ് നടക്കുകയെന്നും പണം നല്‍കിയുള്ള ജോലി വാഗ്ദാന തട്ടിപ്പിന് ആരും ഇരയാകരുതെന്നും കേണല്‍ കെ. വിശ്വനാഥം അറിയിച്ചു.

ഉദ്യോഗാര്‍ഥികള്‍ക്കും ആര്‍മി ഓഫീസര്‍മാര്‍ക്കും ആവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ഉറപ്പാക്കും. ഇതിനായി വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തി. റാലിയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ഉറപ്പാക്കും. റാലി നടക്കുന്ന സ്ഥലത്ത് രണ്ട് ആംബുലന്‍സുകളും ഒരു മെഡിക്കല്‍ ഓഫീസറുടെ സേവനവും ലഭ്യമാകും. ഏതെങ്കിലും രീതിയിലുള്ള അപകടങ്ങളുണ്ടായാല്‍ എത്രയും വേഗം ആശുപത്രിയിലെത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് സൈന്യം അറിയിച്ചു.