ധോണി- കോഹ്‌ലി, ഈ രണ്ട് ക്രിക്കറ്റ് ഇതിഹാസങ്ങളും പരസ്പരം ബഹുമാനിക്കുന്നവരും വലിയ രീതിയിൽ ഉള്ള സൗഹൃദം പങ്കിടുന്നവരുമാണ്. എംഎസ്ഡിയുടെ നേതൃത്വത്തിലാണ് കോഹ്‌ലി വളർന്നതും ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നർമാരിൽ ഒരാളായി മാറിയതും എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ധോണി തീരുമാനിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പിൻഗാമിയായി വന്നത് കോഹ്‌ലിയായിരുന്നു.
2014-15ലെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയാണ് ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 2017-ൻ്റെ തുടക്കത്തിൽ അദ്ദേഹം പരിമിത ഓവർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു, 2019 ഏകദിന ലോകകപ്പിനായി ഒരു ടീമിനെ നിർമ്മിക്കാൻ കോഹ്‌ലിക്ക് മതിയായ സമയം നൽകാനാണ് രണ്ട് വർഷങ്ങൾക്ക് മുമ്പുതന്നെ ധോണി നായകസ്ഥാനം ഒഴിഞ്ഞത്. 2021 ജൂണിൽ bcci.tv-യിലെ ഒരു ആശയവിനിമയത്തിൽ, ഇന്ത്യയുടെ വൈറ്റ്-ബോൾ ക്യാപ്റ്റനായി ചുമതലയേറ്റതിന് ശേഷം ധോണി നൽകിയ സമ്മാനത്തെക്കുറിച്ച് കോഹ്‌ലി ചില കാര്യങ്ങൾ ഇപ്പോൾ പറഞ്ഞിരിക്കുകയാണ്.
2017-ൽ ഇംഗ്ലണ്ടിനെതിരെ ഒരു ഏകദിന പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി നിൽക്കുക ആയിരുന്നു. കോഹ്‌ലിയുടെ മുഴുവൻ സമയ ക്യാപ്റ്റനെന്ന നിലയിൽ ആദ്യ ഏകദിന പരമ്പരയായിരുന്നു അത്. രണ്ടാമത്തെ മത്സരം കട്ടക്കിൽ ആയിരുന്നു നടന്നത്. യുവരാജ് സിങ്ങിൻ്റെ 150-ൻ്റെയും ധോണിയുടെ 134-ൻ്റെയും പിൻബലത്തിൽ ഇന്ത്യ 15 റൺസിന് വിജയിച്ചു. കളിക്ക് ശേഷം ധോണി പറഞ്ഞതായി കോഹ്‌ലി ഇങ്ങനെ പറഞ്ഞു:
“രണ്ടാം മത്സരത്തിന് ശേഷം എംഎസ് എനിക്ക് മാച്ച് ബോൾ തന്നു, കാരണം അന്ന് സ്റ്റമ്പ് എടുത്തുകൊണ്ട് പോകാൻ അനുവാദം ഇല്ലായിരുന്നു. അതിന്റെ വില തന്നെയായിരുന്നു കാരണം. ടെസ്റ്റ് സീരീസിൽ ചെയ്യുന്ന പോലെ വൈറ്റ് ബോൾ ഫോർമാറ്റിൽ പറ്റില്ലല്ലോ. സ്റ്റമ്പിന്റെ വില അതിനൊരു കാരണമായിരുന്നു . ഇത് നിങ്ങളുടെ ആദ്യ പരമ്പരയാണെന്ന് പറഞ്ഞ് എംഎസ് എനിക്ക് മാച്ച് ബോൾ തന്നു. അദ്ദേഹത്തിന്റെ ഒപ്പുമേടിച്ച് ഞാൻ അത് സൂക്ഷിച്ച് വെച്ചിട്ടുണ്ട്.”
എന്തായാലും കോഹ്‌ലി നായകനായ ആ പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 2 – 1 ജയമാണ് സ്വന്തമാക്കിയത്.