കുട്ടിയാനയുടെയും അമ്മയുടെയും പകലുറക്കം; കാവലായി ഇരുപതോളം കാട്ടാനകള്‍

കുട്ടിയാനയും അമ്മയും കിടന്നുറങ്ങുമ്പോള്‍ ഇരുപതോളം കാട്ടാനകള്‍ അവര്‍ക്ക് കാവല്‍ നില്‍ക്കുന്ന വളരെ വ്യത്യസ്തമായ കാഴ്ചയ്ക്കാണ് അടിമാലിയിലെ ജനങ്ങള്‍ വെള്ളിയാഴ്ച രാവിലെ സാക്ഷ്യം വഹിച്ചത്. അടിമാലി മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്താണ് സംഭവം.

ആനക്കൂട്ടങ്ങളുടെ വിഹാര കേന്ദ്രമാണ് ഇവിടം. സാധാരണയായി വൈകുന്നേരങ്ങളിലാണ് ഇവിടെ ആനകളുടെ കൂട്ടത്തെ കാണാറുള്ളത്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി വെള്ളിയാഴ്ച രാവിലെ ഇവിടെ ആനകള്‍ എത്തി. പതിവില്‍ വിപരീതമായി ആനക്കൂട്ടത്തെ കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ശ്രദ്ധിച്ചപ്പോഴാണ് പുല്‍പ്പരപ്പില്‍ മുട്ടിയുരുമ്മി കിടന്ന ഉറങ്ങുന്ന് അമ്മയാനയെയും കുട്ടിയാനയെയും കണ്ടത്.

കൂട്ടത്തിലുണ്ടായ കുട്ടിയാനയാണ് ആദ്യം കിടന്നത്. പിന്നാലെ അമ്മയും കിടന്നു. പരിസരം പോലും മറന്ന് ഒരു മണിക്കൂറോളം നേരമാണ് ആനകള്‍ കിടന്നുറങ്ങിയത്. ഇവര്‍ ഉറങ്ങി എഴുന്നേല്‍ക്കുന്നത് വരെ കൂടെ ഉണ്ടായിരുന്ന ഇരുപതോളം കാട്ടാനകള്‍ ഒരിഞ്ച് സ്ഥലം മാറാതെ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് കാവലായി നില്‍ക്കുകയായിരുന്നു. പിന്നീട് ഈ ആനകള്‍ കുട്ടിയാനയ്ക്കും അമ്മയ്ക്കും ചുറ്റും വട്ടമിട്ട് നടക്കാനും തുടങ്ങി. ഇതാണ് കാഴ്ചക്കാരെ അതിശയിപ്പിച്ചത്.

വേനല്‍ക്കാലമായതിനാല്‍ വെള്ളം കുടിക്കാനായി ഈ പ്രദേശത്തേക്ക് ആനകള്‍ വരുന്നത് കൂടിയിട്ടുണ്ട്. ഓരിലെ വെള്ളം കുടിച്ചതിനെ തുടര്‍ന്ന മത്ത് പിടിച്ച് ആനകള്‍ക്ക് മയക്കം വന്നതാകും എന്നാണ് നാട്ടുകാര്‍ കരുതുന്നത്. ഒരു മണിക്കൂര്‍ നീണ്ട പകലുറക്കത്തിന് ശേഷം ഉണര്‍ന്ന അമ്മയും കുട്ടിയാനയും ആനക്കൂട്ടത്തോടൊപ്പം നിമിഷങ്ങല്‍ക്കുളഅലില്‍ കാട്ടിലേക്ക് മടങ്ങി.