ഇന്ത്യൻ വിപണികളിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന ഗോമൂത്രത്തിന്റെ ഉപയോഗം മനുഷ്യശരീരത്തിന് അപകടകരമാണെന്ന് പഠനം കണ്ടെത്തി. ഗോമൂത്രത്തിൽ അപകടകാരികളായ ബാക്‌ടീരിയകൾ അടങ്ങിയിട്ടുണ്ട് എന്നും ഇവ മനുഷ്യന്‍ നേരിട്ട് കുടിച്ചാല്‍ ഉദരസംബന്ധമായ ഗുരുതര അസുഖങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഇന്ത്യയിലെ പ്രമുഖ മൃഗ ഗവേഷണ സ്ഥാപനമായ ഉത്തര്‍പ്രദേശിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐവിആർഐ) നടത്തിയ പഠനത്തിൽ പറയുന്നത്. ഐവിആർഐയിലെ എപിഡെമിയോളജി വിഭാഗം മേധാവിയായ ഭോജ് രാജ് സിംഗ് , മൂന്ന് പിഎച്ച്ഡി വിദ്യാർത്ഥികൾ ചേർന്നാണ് ഗോമൂത്രത്തിൽ ഗവേഷണം നടത്തിയത്. ഓൺലൈൻ റിസർച്ച് വെബ്സൈറ്റായ റിസർച്ച്ഗേറ്റിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആരോഗ്യമുള്ള പശുക്കളിൽ നിന്നും മൂത്രത്തിന്റെ സാമ്പിളുകൾ ശേഖരിച്ചാണ് ഗവേഷണം നടത്തിയത്. സഹിവാള്‍, തര്‍പാര്‍ക്കര്‍, വിന്ദവാനി എന്നീ ഇനത്തില്‍പ്പെട്ട പശുക്കളെയാണ് ഗവേഷണത്തിന് വിധേയമാക്കിയത്. 2022 ജൂൺ മൂതൽ നവംബർ വരെയുള്ള കാലയളവിലാണ് ഗവേഷണം നടത്തിയത്. ഇ-കോളി സാന്നിദ്ധ്യമുള്ള, അപകടകാരികളായ 14 തരം ബാക്ടീരിയകൾ ഇവയിൽ അടങ്ങിയിട്ടുണ്ടെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ് ഇ-കോളി ഉൾപ്പെടെയുള്ള ബാക്ടീരിയകൾ. ഇതോടെ ഗോമൂത്രം മനുഷ്യർ നേരിട്ട് ഉപയോഗിക്കുന്നത് അപകടകരമാണെന്നും ഉദരസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുമെന്നും പഠനം വ്യക്തമാക്കി കഴിഞ്ഞു. പശുക്കളുടേതിനൊപ്പം എരുമകളുടെയും മനുഷ്യരുടെയും അടക്കം 73 മൂത്ര സാമ്പിളുകളും ഗവേഷണത്തിനായി ഉപയോഗിച്ചിരുന്നു. ഇവയിൽ ചില ബാക്റ്റീരിയകൾക്കെതിരെ എരുമയുടെ മൂത്രം വളരെയധികം ഫലപ്രദമാണെന്നും ആരോഗ്യവാന്മാരായ വ്യക്തികളുടെ മൂത്രത്തിൽ രോഗകാരികളായ ബാക്ടീരിയകൾ കണ്ടെത്തിയെന്നും പഠനത്തിൽ പറയുന്നുണ്ട്.
എരുമയുടെ മൂത്രത്തിലെ ആന്റി-ബാക്ടീരിയൽ പ്രവർത്തനം പശുക്കളെക്കാൾ മികച്ചതാണ് എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഗോമൂത്രം ആന്റി-ബാക്ടീരിയല്‍ ആണെന്ന് പറയാന്‍ സാധിക്കില്ല. ‘ഗോമൂത്രം പരിശുദ്ധമാണെന്ന വിശ്വാസം അംഗീകരിക്കാൻ ആകില്ല. ഏത് സാഹചര്യത്തിലും ഗോമൂത്രം മനുഷ്യ ഉപഭോഗത്തിനായി ശിപാർശ ചെയ്യാനും സാധിക്കില്ല. ശുദ്ധീകരിച്ച ഗോമൂത്രത്തിൽ ബാക്ടീരിയ ഇല്ലെന്ന് ചിലർ വാദം ഉന്നയിക്കുന്നുണ്ട്. ഇതിൽ കൂടുതൽ പഠനം നടത്തുമെന്നും ഭോജ് രാജ് സിംഗ് അറിയിച്ചു. അതേസമയം, 25 വർഷത്തോളമായി ഗോമൂത്രത്തിൽ ഗവേഷണം നടത്തുകയാണ് താനെന്നും മനുഷ്യന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കാൻസറിനെയും കോവിഡിനെയും പ്രതിരോധിക്കാന്‍ ശുദ്ധീകരിച്ച ഗോമൂത്രം സഹായിക്കുമെന്നും അറിയിച്ച് ഐവിആർഐയുടെ മുൻ ഡയറക്ടർ ആർ.എസ്. ചൗഹാൻ രംഗത്തെത്തി.
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിർദേശങ്ങൾ ഒന്നും തന്നെ പാലിക്കാതെ രാജ്യത്ത് സജീവമായി വിറ്റഴിക്കപ്പെടുന്ന വസ്തുക്കളിൽ ഒന്നാണ് ഗോമൂത്രം. കോവിഡ് പകർച്ചവ്യാധി സമയത്ത് ഗോമൂത്രം അണുനാശിനിയായും മറ്റും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രചാരണങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് നിരവധി അവകാശവാദങ്ങളാണ് ഉയർന്നുവന്നത്. ഇവയ്‌ക്കെതിരെയുള്ള തിരിച്ചടി ആയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗവേഷക സ്ഥാപനത്തിന്റെ ഗവേഷണ റിപ്പോർട്ട് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗോമൂത്രം ഒരിക്കലും കുടിക്കരുത് എന്ന് തന്നെയാണ് പല പഠനങ്ങളും പറയുന്നത്. കുടിക്കുക എന്ന് മാത്രമല്ല, മറ്റ് വസ്തുക്കളിൽ ചേർത്ത് കുടിക്കുന്നതും നല്ലതല്ല. ഇത് വഴി പല മാരകമായ രോഗങ്ങളും മനുഷ്യരിലേക്ക് പകരാം എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
Read more
ഇന്ത്യൻ സംസ്കാരത്തിൽ പശുക്കൾക്കും ചാണകത്തിനും ഗോമൂത്രത്തിനുമൊക്കെ വലിയ രീതിയിലുള്ള പ്രാധാന്യമാണ് ഒരു കൂട്ടം ആളുകൾ നൽകി വരുന്നത്. കോവിഡ് പകർച്ചവ്യാധിയുടെ സമയത്താണ് കോവിഡിൽ നിന്നും രക്ഷ നേടാനെന്ന പേരിൽ ചിലർ ചാണകത്തിലും ഗോമൂത്രത്തിലും കുളിച്ച വാർത്ത നമ്മൾ കണ്ടത്. വൈറസിനെതിരായ പ്രതിരോധശേഷി വർദ്ധിപ്പിക്കും അല്ലെങ്കിൽ കോവിഡിൽ നിന്നും മുക്തി നേടും എന്ന പ്രതീക്ഷയിൽ ഗുജറാത്തിലെ ചില വിശ്വാസികൾ പശുസംരക്ഷണ കേന്ദ്രങ്ങളിൽ പോയി ചാണകവും മൂത്രവും കൊണ്ട് ശരീരം മറയ്ക്കുകയും കുളിക്കുകയും ചെയ്തിരുന്നു. ശേഷം, ഇത് നിരവധി അസുഖങ്ങൾക്ക് കാരണമാകുമെന്നും ചാണകത്തിൽ കുളിച്ചാൽ കോവിഡിൽ നിന്നും രക്ഷ നേടാമെന്നതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ലെന്നും അറിയിച്ച് ആരോഗ്യ വിദഗ്ധർ രംഗത്ത് വന്നിരുന്നു. എന്തായാലൂം ഈയൊരു പഠനം വന്നതോടുകൂടി സോഷ്യൽ മീഡിയയിൽ അടക്കം വീണ്ടും ചർച്ചയായിരിക്കുകയാണ് ഗോമാതാവും ഗോമൂത്രവും ചാണകവുമൊക്കെ !