കുറഞ്ഞ ചെലവിൽ വേനലവധിക്കാലം കുട്ടികളുമായി അടിച്ചുപൊളിക്കാം ; മികച്ച ഹോളിഡേ പാക്കേജുമായി കെ.ടി.ഡി.സി !

വേനലവധിക്കായി സ്കൂളുകൾ പൂട്ടിയതോടെ കുട്ടികളുമായി യാത്ര പോകാനും അവരുമായി ഒന്നിച്ച് സമയം ചിലവഴിക്കാനുമുള്ള തയ്യാറെടുപ്പിലാണ് പലരും. കുടുംബത്തോടൊപ്പം വേനലവധി ആഘോഷിക്കാൻ തയ്യാറെടുക്കുന്ന യാത്രാപ്രേമികൾക്ക് മികച്ച അവധിക്കാല പാക്കേജുകൾ ഒരുക്കിയിരിക്കുകയാണ് കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കെടിഡിസി (കേരള ടൂറിസം ഡെവലപ്‍മെൻറ് കോർപ്പറേഷൻ). കുട്ടികൾക്ക് പ്രാധാന്യം നൽകിയുള്ള ഹോളിഡേ പാക്കേജ് ആണ് ഇത്തവണ എടുത്തു പറയേണ്ട ഒരു കാര്യം. കെടിഡിസിയുടെ ഹോട്ടലുകളിൽ കുട്ടികളുമൊത്ത് എത്തുന്നവർക്കാണ് ഈ ഓഫർ ലഭ്യമാവുക. ഇതിലൂടെ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ കുടുംബവുമൊത്ത് താമസിക്കാനും അവധികാലം ആഘോഷിക്കാനും സാധിക്കും.

പ്രീമിയം ടൂറിസം കേന്ദ്രങ്ങളായ തേക്കടി, മൂന്നാർ, പൊന്മുടി, കുമരകം കൂടാതെ തിരുവനന്തപുരത്തെ കെടിഡിസി ഹോട്ടലുകളിലുമാണ് അവധിക്കാല പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്. കെടിഡിസിയുടെ പ്രീമിയം ഡെസ്റ്റിനേഷൻ റിസോർട്ടുകളായ തിരുവനന്തപുരത്തെ മാസ്‌കോട്ട്, കുമരകത്തെ വാട്ടർസ്കേപ്സ്, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി എന്നിവിടങ്ങളിൽ 12 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിന് 2 രാത്രിയും 3 പകലും ഉൾപ്പെടുന്ന താമസത്തിന് 11,999 /– രൂപ മാത്രമാണ് ഈടാക്കുന്നത്. പ്രഭാത ഭക്ഷണവും നികുതിയും ഉൾപ്പെടെയാണ് ഈ തുക.

ബഡ്ജറ്റ് ഡെസ്റ്റിനേഷൻ റിസോർട്ടുകളായി പൊന്മുടിയിലെ ഗോൾഡൻ പീക്ക്, തേക്കടിയിലെ പെരിയാർ ഹൗസ്, ആലപ്പുഴയിലെ സുവാസം കുമരകം ഗേറ്റ്‌വേ റിസോർട്ട്, വായനാടിലെ പെപ്പർ ഗ്രോവ്, മലമ്പുഴയിലെ ഗാർഡൻ ഹൗസ് എന്നിവയാണ് ഉള്ളത്. ഇവിടെ 2 രാത്രിയും 3 ഉൾപ്പെടുന്ന താമസത്തിന് 4,999 രൂപയാണ് ഈടാക്കുന്നത്. പ്രഭാത ഭക്ഷണം നികുതികൾ ഉൾപ്പെടെയാണിത്. ഇതു കൂടാതെ നിലമ്പൂരിലെ ടാമറിന്റ് ഈസി ഹോട്ടൽ, മണ്ണാർക്കാടിലെ ടാമറിന്റ് ഈസി ഹോട്ടൽ തുടങ്ങിയവയിൽ 2 രാത്രിയും 3 പകലും ഉൾപ്പെടുന്ന താമസത്തിന് പ്രഭാത ഭക്ഷണം നികുതിയും ഉൾപ്പെടെ 3,499 /– രൂപയാണ് ഈടാക്കുന്നത്.

Read more

ശ്രദ്ധിക്കേണ്ട ഒരു കാര്യം രണ്ട് മുതിർന്നവർക്കും 12 വയസ്സിന് താഴെയുള്ള പരമാവധി രണ്ട് സ്കൂൾ കുട്ടികൾക്കുമുള്ളതാണ് ഈ ഓഫർ. എന്നാൽ കുട്ടികളില്ലാത്ത ദമ്പതികൾക്കും ഇതേ പാക്കേജ് ലഭ്യമാകും. ദമ്പതികൾക്ക് പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല. 12 വയസ്സിന് മുകളിൽ ഒരു കുട്ടി മാത്രമുള്ള കുടുംബത്തിനോ അല്ലെങ്കിൽ കുട്ടികളിൽ ഒരാൾക്ക് 12 വയസ്സ് കഴിഞ്ഞാലോ പ്രത്യേക ഫാമിലി പാക്കേജ് ലഭ്യമാകും. വെള്ളി, ശനി മറ്റ് അവധി ദിവസങ്ങളിൽ ഈ പാക്കേജുകൾ ലഭ്യമായിരിക്കില്ല. ഏപ്രിൽ 1 മുതൽ മേയ് 31 വരെയായിരിക്കും പാക്കേജുകൾ ഉണ്ടായിരിക്കുക. കൂടുതൽ വിവരങ്ങൾക്കായി കെടിഡിസിയുടെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.