രാജവെമ്പാലയെ കുളിപ്പിച്ച് ഒരാൾ ; വൈറലായി വീഡിയോ

വളർത്തു മൃഗങ്ങളുടെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് പതിവാണ്. സാധാരണ വിഡിയോകളിൽ നിന്ന് വളരെ വ്യത്യസ്തമായി ഒരു വളർത്തു മൃഗത്തെ കുളിപ്പിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ കീഴടക്കിയത്. ആരും കണ്ടാൽ പേടിച്ചു വിറയ്ക്കുന്ന വിഷപാമ്പുകളിലൊന്നായ രാജവെമ്പാലയെ സോപ്പും വെള്ളവും ഉപയോഗിച്ച് ഒരാൾ കുളിപ്പിക്കുന്ന വീഡിയോ ആണ് നിമിഷങ്ങൾക്കുള്ളിൽ വൈറലായത്. കുപ്പിയിൽ നിന്ന് സോപ്പ് ലായനി കയ്യിലൊഴിച്ച് പതപ്പിച്ച് പാമ്പിന്റെ ശരീരമൊട്ടാകെ പുരട്ടുന്നതും പിന്നീട് വെള്ളം ഉപയോഗിച്ച് കുളിപ്പിക്കുന്നതുമാണ് വിഡിയോയിൽ ഉള്ളത്.മറ്റൊരു ശ്രദ്ധേയമായ കാര്യം മലയാള സിനിമയിലെ ‘ഓലത്തുമ്പത്തിരുന്നൂയാലാടും ചെല്ല പൈങ്കിളി’ എന്ന ഗാനത്തിലെ വെള്ളം കോരി കുളിപ്പിച്ച് കിന്നരിച്ചോമനിച്ച് എന്ന് തുടങ്ങുന്ന വരികളാണ് വീഡിയോയിൽ കൊടുത്തിരിക്കുന്നത്.

ഒരു മിനിറ്റോളം നീണ്ടു നിൽക്കുന്ന വിഡിയോയിൽ ഒരിക്കൽ പോലും പാമ്പ് യാതൊരു തരത്തിലുള്ള അസ്വസ്ഥതയും കാണിച്ചില്ല എന്നതാണ് ശ്രദ്ധേയം. ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. അബ്ദുൾ ഖ്വായം ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇത് തമാശയല്ലെന്നും ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ് ഇതെന്നും അദ്ദേഹം അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ വന്യജീവി സങ്കേതത്തിൽ നിന്ന് പിടികൂടിയ കുരങ്ങിനെ കൈവശം വച്ചതിന് ചണ്ഡീഗഢിൽ നിന്നും ഒരാളെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിന്റെ ജുഡീഷ്യൽ വിചാരണകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്രയൂം അപകടകാരിയായ പാമ്പിനെ ലാഘവത്തോടെ കുളിപ്പിക്കുന്നതിന്റെ ഞെട്ടലിലാണ് കാഴ്ചക്കാർ.

Read more

ഇന്ത്യയുടെ ദേശീയ ഉരഗമാണ് രാജവെമ്പാല. ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവയെ പിടികൂടുന്നതും കൈവശം വയ്ക്കുന്നതും ജാമ്യമില്ലാ കുറ്റമാണ്. ലോകത്തിലെ എറ്റവും നീളമേറിയ വിഷപ്പാമ്പാണ് രാജവെമ്പാല. തെക്കു കിഴക്കൻ ഏഷ്യയിലെയും ഇന്ത്യയിലെയും കാടുകളിൽ കാണപ്പെടുന്ന ഇവ പ്രധാനമായും പാമ്പുകളെയും ഉടുമ്പുകളെയുമാണ് ഭക്ഷിക്കുന്നത്. ചേരയാണ് ഇഷ്ടഭക്ഷണം. മൂർഖൻ, വെള്ളിക്കെട്ടൻ തുടങ്ങിയ പാമ്പുകളെയും രാജവെമ്പാല ഭക്ഷിക്കാറുണ്ട്. ചില സമയത്ത് മറ്റു രാജവെമ്പാലകളെയും ഭക്ഷണമാക്കും. നാഡികളെ ബാധിക്കുന്ന ന്യൂറോ ടോക്സിനുകളാണ് രാജവെമ്പാലയുടെ വിഷം. 20 – 40 മനുഷ്യരെയോ ഒരാനയെയോ കൊല്ലാനുള്ള വിഷം ഒരേ സമയം പുറപ്പെടുവിക്കാൻ ഇവയ്ക്കാകും.