ഇന്ത്യൻ സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതി അനീതിയാണെന്ന് ബഹ്റൈന്‍ പാര്‍ലമെന്റ്. മുസ്ലിങ്ങൾ ഒഴികെ മറ്റു സമുദായങ്ങളിലുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനം വിവേചനമാണെന്നും ഒരു വിഭാഗം ഇന്ത്യൻ പൗരന്മാരുടെ പൗരത്വം റദ്ദ് ചെയ്യാൻ പ്രസ്തുത നിയമം വഴി തുറക്കുമെന്നത് ആശങ്കയുളവാക്കുന്നതാണെന്നും പാർലമെന്റ് അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ വിവേചനപരമായ ഈ നിയമം പിൻവലിക്കണമെന്ന് ഇന്ത്യയോട് ബഹ്റൈന്‍ പാര്‍ലമെന്റ് അഭ്യര്‍ത്ഥിച്ചു.
പൗരന്മാര്‍ക്കിടയില്‍ വിവേചനം കല്‍പിക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പാര്‍ലമെന്റ് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയുടെ പൗരാണിക പാരമ്പര്യം സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റേതുമാണ്. മറ്റുള്ളവരെ തുറന്ന മനസ്സോടെ സ്വീകരിക്കുന്ന രീതിയാണ് ഇന്ത്യന്‍ സംസ്കാരമായി ലോകത്ത് പ്രചുരപ്രചാരം നേടിയിട്ടുള്ളത്. അതിനാല്‍ പ്രസ്തുത നിയമം പിന്‍വലിക്കണമെന്നും മുസ്ളിം പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ട് പോവണമെന്നും ഇന്ത്യയോട് പാര്‍ലമെന്റ് അഭ്യര്‍ത്ഥിച്ചു.
Read more
ഇന്ത്യയും അറബ് രാജ്യങ്ങളുമായി നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബഹ്റൈന്‍ പാര്‍ലമെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.