RR VS GT: സഞ്ജുവിന്റെ ബോളര്‍മാരെ തല്ലിച്ചതച്ച് സായി സുദര്‍ശന്‍, മിന്നല്‍ ബാറ്റിങ്ങില്‍ നേടിയത്, അവസാന ഓവറുകളില്‍ വെടിക്കെട്ടുമായി ജിടി താരങ്ങള്‍, ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മികച്ച സ്‌കോര്‍. സായി സുദര്‍ശന്റെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് ജിടി ആര്‍ആറിനെതിരെ 217 റണ്‍സ് എന്ന സ്‌കോറിലെത്തിയത്. 53 പന്തില്‍ മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെയാണ് സായി 82 റണ്‍സ് നേടിയത്. ശുഭ്മാന്‍ ഗില്‍ തുടക്കത്തിലേ പുറത്തായെങ്കിലും ജോസ് ബട്‌ലര്‍, ഷാരൂഖ് ഖാന്‍ എന്നിവരെ കൂട്ടുപിടിച്ച് സുദര്‍ശന്‍ ഗുജറാത്ത് സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. രാജസ്ഥാന്റെ മിക്ക ബോളര്‍മാരും ഇന്നത്തെ കളിയില്‍ സുദര്‍ശന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

ഇന്നത്തെ ഫിഫ്റ്റിയോടെ ഈ സീസണില്‍ നാല് അര്‍ധസെഞ്ച്വറികളാണ് താരം നേടിയത്. കൂടാതെ 250ലധികം റണ്‍സാണ് ഇന്നത്തെ ഇന്നിങ്‌സോടെ സായി അടിച്ചുകൂട്ടിയത്. അവസാന ഓവറുകളില്‍ റാഷിദ് ഖാന്‍(12), രാഹുല്‍ തെവാട്ടിയ(24) എന്നിവരാണ് ഗുജറാത്ത് സ്‌കോര്‍ 217ല്‍ എത്തിച്ചത്. രാജസ്ഥാനായി തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷ്ണ തുടങ്ങിയവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴത്തി.

വിക്കറ്റ് കീപ്പിങ്ങില്‍ സഞ്ജു സാംസണ്‍ തിളങ്ങിയ ദിവസം കൂടിയായിരുന്നു ഇന്ന്. രണ്ട് ക്യാച്ചും ഒരു സ്റ്റംപിങ്ങുമാണ് ഇന്നത്തെ കളിയില്‍ സഞ്ജുവില്‍ നിന്നുണ്ടായത്. ഗുജറാത്തിനെതിരെ ഇന്നത്തെ മത്സരം നിര്‍ണായകമാണ് രാജസ്ഥാന്. ഇന്ന് ജയിച്ചാല്‍ പോയിന്റ് ടേബിളില്‍ മുകളിലോട്ട് ഉയരാന്‍ ആര്‍ആറിന് സാധിക്കും. അതേസമയം രാജസ്ഥാനെ തോല്‍പ്പിച്ച് പോയിന്റ് ടേബിളില്‍ എറ്റവും മുകളില്‍ എത്താനാവും ഗുജറാത്ത് ടൈറ്റന്‍സിന്റെ ശ്രമം.