രാജേഷ് കെ.നാരായണന്‍/വേണു
“ന്യൂജനറേഷന്‍ എന്ന പേരില്‍ മലയാളത്തില്‍ ഇറങ്ങുന്ന ചിത്രങ്ങളില്‍ 99 ശതമാനവും വൃത്തികെട്ട സിനിമകളാണ്. പക്ഷേ, ബാക്കിയുള്ള ഒരു ശതമാനം മികച്ചവയാണ്. ടെക്‌നോളജിയെ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ മലയാള സിനിമയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.” പറയുന്നത് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു. തിയ്യറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ കാര്‍ബണ്‍ പുറത്തിറങ്ങിയ ശേഷം വേണു “സൗത്ത്‌ലൈവി”നോട് സംസാരിക്കുന്നു.
മലയാള സിനിമയുടെ ഇപ്പോഴത്തെ അവസ്ഥ ?
നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ അതേ സമയം തന്നെ വളരെ മോശം സിനിമകളും ഉണ്ടാകുന്നുണ്ട്. ജനങ്ങള്‍ സ്വീകരിക്കുന്ന സിനിമകള്‍ എല്ലാം നല്ലതാണെന്ന് പറയാന്‍ പറ്റില്ല.
ടെക്‌നോളജി ?
സിനിമയ്ക്ക് ടെക്‌നോളജിയുടെ വികാസം വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. കൂടുതല്‍ സിനിമകള്‍ കാണാനുള്ള അവസരം ഉണ്ടായി. പല പ്ലാറ്റ്‌ഫോമുകളിലേക്ക് സിനിമ വളരകയും ചെയ്തു. പണ്ട് നല്ല സിനിമകളിലേക്ക് എത്താന്‍ ഫിലിം സൊസൈറ്റികളായിരുന്നു നമ്മുക്ക് ആശ്രയം. ഇന്നിപ്പോള്‍ അതല്ലല്ലോ അവസ്ഥ. ഏത് സിനിമയും എവിടെ വെച്ചും കാണാമെന്ന സാഹചര്യം ഉണ്ടായികഴിഞ്ഞു. അത് ടെക്‌നോളജി നല്‍കിയ ഗുണമാണ്. പക്ഷേ മലയാള സിനിമ അതെത്രമാത്രം ഉപയോഗിച്ചു എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.
പുതിയ വിഷയങ്ങളോടുള്ള പ്രേക്ഷകരുടെ സമീപനം ?
വളരെ സെന്‍സിറ്റീവ് ആയ വിഷയങ്ങള്‍ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിട്ടുണ്ട്. പക്ഷേ ഇനിയും റിഫൈന്‍ ചെയ്താല്‍ മാത്രമേ മലയാള സിനിമ മുന്നോട്ടുള്ള വഴിയിലാണെന്ന് പറയാന്‍ കഴിയൂ. ഞാന്‍ പറയുന്നത്, 99 വൃത്തികെട്ട സിനിമകള്‍ ഉണ്ടായികൊള്ളട്ടെ, ബാക്കി ഒരു ശതമാനം നല്ല സിനിമയാണെങ്കില്‍ അത് മതി.
തമിഴും തെലുങ്കും ഒരുപാട് മുന്നോട്ട് പോയല്ലോ?
വാസ്തവമാണ്. ഒരു പതിനഞ്ച് വര്‍ഷം നമ്മുടെ സിനിമ കെട്ടികിടക്കുന്ന ചെളിവെള്ളം പോലെയായിരുന്നു. ഒരേ ആര്‍ട്ടിസ്റ്റുകള്‍, ഒരേ സംവിധായകര്‍, ഒരേ അച്ചില്‍ വാര്‍ത്ത സിനിമകള്‍. ഫ്രഷ് ബ്ലഡ് തീരെയുണ്ടായിരുന്നില്ല. ഡിജിറ്റലൈസേഷനു തൊട്ടുമുന്‍പുള്ള അവസ്ഥയാണിത്. മലയാള സിനിമയുടെ ഏറ്റവും മോശം കാലമായിരുന്നു അത്. പുതിയ സംവിധായകരോ ക്യാമറമാന്‍മാരോ ഉണ്ടായില്ല. ഒരു പുതിയ സംവിധായകന്‍ വന്നാല്‍ തന്നെ അയാള്‍ കുറേ വര്‍ഷങ്ങള്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച് പഴയ അഭിരുചികളും ശീലങ്ങളുമായി വരുന്നവരായിരിക്കും. മറ്റ് സിനിമകള്‍ മുന്നോട്ട് പോയപ്പോള്‍ നമ്മുടെ സിനിമ നിശ്ചലമായിരുന്നു. ആ അവസ്ഥ ഇപ്പോള്‍ മാറിയിട്ടുണ്ട്.
ന്യൂജനറേഷന്‍ ?
അങ്ങനെ ജനറേഷന്‍ പറയുന്നതിലൊന്നും കാര്യമില്ല. പ്രായമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ 19 വയസുള്ളപ്പോഴാണ് ഹരിപോത്തന്‍ നിര്‍മ്മാതാവാകുന്നത്. അതിലും വലുതൊന്നും ഇപ്പോള്‍ സംഭവിക്കുന്നില്ലല്ലോ.
ജനറേഷന്റെ വേര്‍ത്തിരിവല്ല, ആറ്റിറ്റ്യൂഡിലെ വ്യത്യാസം ഡിജിറ്റല്‍ മീഡിയ വന്നതോടെ മാറിയിട്ടുണ്ട്. കെട്ടികിടക്കുന്ന ചെളിവെള്ളം മാറിയതിന്റെ പ്രധാന കാരണം ഡിജിറ്റലൈസേഷനാണ്. ആര്‍ക്കും സിനിമ ചെയ്യാമെന്ന അവസ്ഥയുണ്ടായി. അതുകൊണ്ട് തന്നെ 99 വൃത്തികെട്ട സിനിമകള്‍ ഇവിടെ ഉണ്ടായി. അത് ഒരു തെറ്റല്ല. ചില മോശം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ തന്നെ നല്ല കാര്യങ്ങളും അതിനൊപ്പം ഉണ്ടാകും. അങ്ങനെ നോക്കുമ്പോള്‍ 99 മോശം സിനിമകളെ കാര്യമാക്കേണ്ടതില്ല. സിനിമയോടുള്ള ഭയം ആളുകളില്‍ നിന്നും മാറി. പുതിയവരുടെ പേരില്‍ പണം മുടക്കാന്‍ ആളുകളുണ്ടായി. അതിനര്‍ത്ഥം എല്ലാം മികച്ച സിനിമകള്‍ ആയിരിക്കമെന്നല്ല, ഒരുപാട് ചവറുകളും ഇതിനിടയില്‍ സ്ൃഷ്ടിക്കപ്പെട്ടേക്കാം. പക്ഷേ, ഇക്കൂട്ടത്തില്‍ നല്ല സിനിമകളും ഉണ്ടാകുന്നുണ്ട്.
മലയാള സിനിമയുടെ ഭാവി?
Read more
സിനിമ മികച്ച വഴികളിലൂടെ തന്നെ സഞ്ചരിക്കും എന്നാണ് എന്റെ തോന്നല്‍.