ഫഹദ് ഫാസിലിനു നന്ദി, 'അതിരനെ' ഒരു സിനിമാ സംരംഭമാക്കി മാറ്റാന്‍ സഹായിച്ചത് അദ്ദേഹമാണ്: സംവിധായകന്‍ വിവേക്

സോക്രട്ടീസ് കെ. വാലത്ത്

ഫഹദ് ഫാസില്‍, അതുല്‍ കുല്‍ക്കര്‍ണ്ണി, പ്രകാശ് രാജ്, സുരഭി- നാല് ദേശീയ അവാര്‍ഡു ജേതാക്കള്‍ ഒന്നിക്കുന്ന “അതിരനെ” കുറിച്ച് സംവിധായകന്‍ വിവേക്  സൗത്ത് ലൈവുമായുള്ള അഭിമുഖത്തില്‍ പറയുന്നു:

“അതിരന്‍ ഒരു പ്രോജക്റ്റാവുന്നത് ഫഹദ് ഫാസില്‍ സാര്‍ ഒരു കണ്‍ഫേംഡ് ഡേറ്റു തരുമ്പോഴാണ്. അദ്ദേഹം വഴിയാണ് ഞാന്‍ സായ് പല്ലവിയിലേക്ക് എത്തുന്നത്. അതിനു മുമ്പ് എനിക്ക് അവരെ അറിയത്തേയില്ലായിരുന്നു. ഫഹദ് സാര്‍ കഥ കേട്ടപ്പോള്‍ നായികയായി സായ് പല്ലവി തന്നെയാണ് യോജിക്കുന്നതെന്നു പറയുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ സായ് പല്ലവിയെ കാണുന്നത്. അവര്‍ കഥ കേള്‍ക്കാതെ തന്നെ എനിക്കു ഡേറ്റു തന്നു. ഞാന്‍ കാണുന്ന സമയത്ത് ഫിദ എന്ന പടത്തിനും മറ്റു രണ്ടു പടങ്ങള്‍ക്കു ശേഷവും സായ് പല്ലവി ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു. മലയാളത്തില്‍ അഭിനയിച്ചിട്ട് രണ്ടു കൊല്ലമായി. ഞാനൊരു സ്്ക്രിപ്റ്റുമില്ലാതെയാണ് അവരെ സമീപിക്കുന്നത്. കഥ പറഞ്ഞു. കഥാപാത്രത്തെ കുറിച്ചും പറഞ്ഞു. അവര്‍ക്ക് അതു ബോധ്യപ്പെട്ടു. ഞാനൊരു ന്യൂ കമറാണ്, ചില പരസ്യങ്ങള്‍ എടുത്തിട്ടുണ്ടെന്നേയുള്ളു എന്നതൊന്നും അവര്‍ കണക്കിലെടുത്തതേയില്ല. ഒരുപക്ഷേ ഫഹദ് സാര്‍ കണ്‍ഫേം ചെയ്ത പ്രോജക്റ്റ് എന്നതു കൊണ്ടു കൂടിയാകാം. എന്നാല്‍ ഫഹദ് സാറും സായ് പല്ലവിയും അതു വരെ മീറ്റ് ചെയ്തി്ട്ടു പോലുമില്ലായിരുന്നു. ഞാനും ഒരുപാടു തരത്തിലുള്ള സിനിമകള്‍ കാണുന്നയാളാണ്. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഞാന്‍ ഫഹദ് ഫാസിലില്‍ നിന്നും സായ് പല്ലവിയില്‍ നിന്നുമൊക്കെ എന്താണോ എക്സ്പെക്റ്റ് ചെയ്യുന്നത് അത് ഈ ചിത്രത്തില്‍ വന്നി്ട്ടുണ്ട്.

തിരക്കഥയെ കുറിച്ച്?

ഫഹദ് സാര്‍ തന്നെയാണ് പ്രശസ്ത തിരക്കഥാകൃത്തായ പി.എഫ് മാത്യൂസിനെ സജസ്റ്റു ചെയ്യുന്നതും. കഥയുടെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട് തിരക്കഥയെഴുതാന്‍ അദ്ദേഹത്തിനു കഴിയും എന്നും പറഞ്ഞു. മാത്യൂസ് സാറിനെ എനിക്കതിനു മുന്‍പ് അറിയില്ല. കേട്ടിട്ടുണ്ടെന്നല്ലാതെ അദ്ദേഹത്തിന്റെ ഒരു കൃതിയും ഞാന്‍ വായിച്ചിട്ടില്ല. ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ ഞാനാ കാര്യം അദ്ദേഹത്തോടു പറയേം ചെയ്്തു. എങ്കിലും കഥയുടെ ചര്‍ചയുമായി മുന്നോട്ടു പോകുന്നതിനിടയില്‍ ഒരു വേവ് ലങ്്ത്ത് എനിക്കദ്ദേഹവുമായി കിട്ടി. അദ്ദേഹത്തേക്കാള്‍ ഞാന്‍ എത്രയോ ഇളയതാണ്. എങ്കിലും വളരെ സമഭാവനയോടെയാണ് അദ്ദേഹം ഇടപെട്ടത്. സാധാരണ അല്‍പ്പം സമയമെടുത്ത് തിരക്കഥയെഴുതുന്നയാളാണ് മാത്യൂസ് സാര്‍ എന്നാണ് കേട്ടിട്ടുള്ളത്. ഇത് അദ്ദേഹത്തിന്റെ കഥയുമല്ല. എന്നിട്ടും അദ്ദേഹം രണ്ടു മാസത്തിനുള്ളില്‍ തന്നെ സ്‌ക്രിപ്റ്റു പൂര്‍ത്തിയാക്കുകയും അത്് ഫഹദ്സാറിനെ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. എനിക്കു തോന്നിയത് മാത്യൂസ് സാറിന്റെ ശൈലിയില്‍ നിന്നു തീര്‍ത്തും മാറി അദ്ദേഹം എഴുതിയിരിക്കുന്ന ഒരു തിരക്കഥയാണ് അതിരന്റേത് എന്നാണ്. അദ്ദേഹത്തില്‍ ഞാന്‍ കണ്ട ഒരു വലിയ സവിശേഷത സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം എനിക്കു തന്ന സ്വാതന്ത്ര്യമാണ്. തിരക്കഥയെ ബേസ് ചെയ്ത് എന്റേതായ ഇംപ്രവൈസേഷനോടെ അത് വിഷ്വലൈസ് ചെയ്യാനുള്ള ഫ്രീഡം എനിക്കു തന്നു. ഹീ ഈസ് ഡിലൈറ്റ്ഫുള്‍ ഫോര്‍ എനി ഡയറക്റ്റേഴ്സ്. യങ്സ്റ്റേഴ്സിനെ ഇത്രേം സപ്പോര്‍ട്ടു ചെയ്യുന്നൊരു തിരക്കഥാകൃത്ത് ഉണ്ടോ എന്നത് സംശയമാണ്.

മറ്റ് അഭിനേതാക്കള്‍?

പലരുമുണ്ട്. രണ്‍ജി പണിക്കരുടെ കാര്യം പ്രത്യേകം പറയേണ്ടതാണ്. ഫഹദ്സാറിനെയും മാത്യൂസ് സാറിനെയും പോലെ എനിക്ക് രണ്‍ജി പണിക്കര്‍ സാറും വലിയൊരു സപ്പോര്‍ട്ടായിരുന്നു. ലെന, ശാന്തികൃഷ്ണ തുടങ്ങിയ മുതിര്‍ന്ന നടിമാരും നന്ദുവിനെപ്പോലുള്ള നടന്‍മാരും ഈ സംരംഭത്തെ അവരുടെ ആത്മാര്‍ഥമായ സഹകരണത്തിലൂടെ വലിയ അളവില്‍ സഹായിച്ചിട്ടുണ്ട്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ഹിന്ദി നടന്‍ അതുല്‍ കുല്‍ക്കര്‍ണിയുടേത്. ആംഗ്ളോ ഇന്ത്യന്‍ ഫീ്ച്ചേഴ്സുള്ള ഒരു കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. മറ്റൊരു സവിശേഷ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രകാശ് രാജാണ്. അതുല്‍ കുല്‍ക്കര്‍ണ്ണിയും പ്രകാശ് രാജും ഞാനാരാണ്, മലയാള സിനിമയില്‍ എത്ര സിനിമ എടുത്തിട്ടുണ്ട് എന്നൊന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ, കഥ കേട്ടതിന്റെ അടിസ്ഥാനത്തില്‍ മാത്രം ഡേറ്റു തരികയായിരുന്നു. ഒരു പരിചയവുമില്ലാതെ ഒരു ഫാന്‍ എന്ന നിലയ്ക്കാണ് ഞാന്‍ പ്രകാശ് സാറിനെ വിളിച്ചതും ഇതിലെ റോളിന്റെ കാര്യം പറഞ്ഞതും. അദ്ദേഹം ഊട്ടിക്കടുത്തു തന്നെ ഉണ്ടായിരുന്നതു കൊണ്ടു അടുത്ത ദിവസം തന്നെ വന്ന് കഥകേട്ട് ചിത്രത്തില്‍ ജോയ്്ന്‍ ചെയ്യുകയും ചെയ്തു. പ്രകാശ് രാജിനെ പോലെ ഒരു ആക്റ്ററിന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്നു പറഞ്ഞാല്‍ അതൊരു വലിയ അനുഭവമാണ്. എടുത്തു പറയേണ്ട മറ്റൊന്ന് സുദീപ് നായരെന്ന നടനെ കുറിച്ചാണ്. വളരെ സ്വഭാവികമായി അഭിനയിക്കുന്നയാളാണ്. കുറച്ചു റോളുകളേ സുദീപ് നായര്‍ ചെയ്തിട്ടുള്ളു. ഒരു കൗതുകത്തിന്റെ പുറത്തു മാത്രം ഞാന്‍ സമീപിച്ചയാളാണ് സുരഭി ചേച്ചി. പക്ഷേ അവരുള്‍പ്പെടെ എല്ലാവരും ഞാനൊരു യങ്സ്ററാണെന്ന ഒരു ഫീലും ഇല്ലാതെയാണ് ചിത്രത്തില്‍ സഹകരിച്ചത്.

പ്രൊഡ്യൂസര്‍…?

മലയാള സിനിമയില്‍ വളരെ നാളത്തെ എക്സ്പീരിയന്‍സ്ഡ് പ്രൊഡ്യൂസര്‍-ഡിസ്ട്രിബ്യൂട്ടേഴ്സായ സെഞ്ച്വറി ഫിലിംസാണ് അതിരന്റെ നിര്‍മാണം ഏറ്റെടുത്തത്. ശ്രീ. രാജുമാത്യു, സെഞ്ച്വറി കുഞ്ഞുമോന്‍- അദ്ദേഹം “തന്‍മാത്ര”യ്ക്കു ശേഷം ഒരു ബ്രേയ്ക്ക് എടുത്തിരിക്കുകയായിരുന്നു, അദ്ദേഹത്തെ പോയി കണ്ടു. കഥ കേട്ട് ഇഷ്ടപ്പെട്ട ശേഷം അദ്ദേഹം ഫഹദ് ഫാസില്‍ സാറുമായി സംസാരിച്ച് തീരുമാനത്തിലെത്തുകയായിരുന്നു. തുടക്കക്കാരന്‍ എന്ന നിലയില്‍ എനിക്ക് സ്വാഭാവികമായും ബജറ്റ് കണ്‍സ്ട്രെയ്ന്‍സ് ഉണ്ടായിരുന്നു. എങ്കിലും അതിനുള്ളില്‍ തന്നെ ചെലവൊക്കെ പ്ളാന്‍ ചെയ്ത് നിര്‍ത്താന്‍ ഞങ്ങള്‍ക്കു സാധിച്ചു. സെഞ്ച്വറിയുടെ നാല്‍പ്പതു വര്‍ഷത്തിനുള്ളിലെ നൂറ്റിയിരുപത്തിയഞ്ചാമത്തെ സിനിമ എന്ന ഒരു സവിശേഷത കൂടി അതിരനുണ്ട്. ആ നിലയില്‍ ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ ആയി എന്നതിലും എനിക്ക് സന്തോഷമുണ്ട്.

അതിരന്‍ വിഷു ചിത്രമായി തന്നെ പ്ലാന്‍ ചെയ്തതണോ?

അല്ലേയല്ല. ഫഹദ് സാറിന്റെ ഡേറ്റ് അനുസരിച്ച് ചെയ്തു വന്ന് പടം തീര്‍ന്നപ്പോള്‍ വിഷു വന്നു കയറിയതാണ്. എല്ലാവര്‍ക്കും അനുഭവവേദ്യമാകുന്ന തരത്തിലുളള ഒരു കുടുംബ ചിത്രം തന്നെയാണ് അതിരന്‍. പുതിയ കാലത്തിനു ചേര്‍ന്ന വിധത്തിലുള്ള ഒരു മെസ്സേജ് ഇതിനുള്ളില്‍ ഒട്ടും പ്രകടമല്ലാത്ത വിധത്തില്‍ എന്നാല്‍ ഉള്ളു കൊണ്ട് അറിയാനാവുന്ന വിധത്തില്‍ അടങ്ങിയിട്ടുമുണ്ട്.

നവാഗതരുടെ കൂട്ടായ്മയാണല്ലോ-

അതെ. ഈ സിനിമയില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ നാലുപേരും സിനിമയില്‍ ആദ്യമാണ്. ഛായാഗ്രാഹകനായ അനു മൂത്തേടത്ത്, സംഗീത സംവധായകനായ വി.എസ്. ജയഹരി, കലാസംവിധായകനായ വിനോദ് അരവിന്ദ് പിന്നെ ഞാനും .  വിനോദ് തമിഴ് നാട്ടില്‍ നിന്നും വന്ന് ചെന്നൈ കേന്ദ്രീകരിച്ചു സിനിമാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അനു മൂത്തേടത്ത് മൂംബൈയില്‍ നിന്നും ജയഹരി തിരുവനന്തപുരത്തു നിന്നും വരുന്നു. നല്ല സിനിമ സ്വപ്നം കണ്ട് ഈ മേഖലയിലേക്കു വന്നവരാണ് ഞങ്ങള്‍. എല്ലാവര്‍ക്കും ഓരോരോ സിനിമാസംരംഭങ്ങളുമായി കടന്നു വരാന്‍ അവസരങ്ങള്‍ ഒരുങ്ങിയിരുന്നുവെങ്കിലും അതൊന്നും നടന്നില്ല. ഇപ്പോള്‍ ഒരേ സിനിമയില്‍ ഒന്നിക്കാനായതില്‍ സന്തോഷമുണ്ട്.

എല്ലത്തിനുമുപരിയായി ഫഹദ് ഫാസിലിനു നന്ദി പറയുകയാണ് സംവിധായകന്‍ വിവേക്. അദ്ദേഹത്തിന്റെ സുഹൃത് വലയത്തില്‍ പെടുന്നവരും അല്ലാത്തവരുമായ ഒരുപാടുപേര്‍ കഥയുമായി നില്‍ക്കുമ്പോ്ഴും തന്നെപ്പോലെ ഒരു തുടക്കക്കാരന്റെ കഥ കേള്‍ക്കാനും അത് ഇഷ്ടപ്പെട്ടതു കൊണ്ടു മാത്രം ഈ ഒരു പ്രോജക്റ്റിനു മുന്നിട്ടിറങ്ങാനും മനസ്സു കാണിച്ചത് വലിയ കാര്യമായി തന്നെ കരുതുന്നു. -വിവേക് പറഞ്ഞു. വിഷു ചിത്രമായി ഏപ്രില്‍ 12ന് “അതിരന്‍” തിയേറ്ററുകളിലെത്തും.

Read more

https://www.facebook.com/Athiranthemovie/videos/531785830681278/