യുപിഐ അധിഷ്ഠിത ആപ്പുകളിലൂടെ പണം കൈമാറ്റം ചെയ്യുന്നതും, പേയ്മെന്റുകള്‍ നടത്തുന്നതും ആളുകള്‍ക്ക് ഇപ്പോള്‍ എളുപ്പമായിരിക്കുകയാണ്. വാട്‌സ്ആപ്പ് പോലെയുള്ള സന്ദേശമയക്കുന്ന ആപ്പുകളിലും നിലവില്‍ പണം അയക്കാനും സ്വീകരിക്കാനുമുള്ള ഓപ്ഷന്‍ ലഭ്യമാണ്. ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക അതില്‍ തുക എത്രയെന്ന് നല്‍കി അത് അയയ്ക്കുക. ഇത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പേയ്മെന്റുകള്‍ നടത്തുന്നത് വളരെ എളുപ്പമാക്കിയിട്ടുണ്ട്. ഇടപാടിന് വാട്‌സ്ആപ്പ് പ്രത്യേകം നിരക്കും ഈടാക്കുന്നില്ല.
ഓണ്‍ലൈനായി എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താനുള്ള സൗകര്യമുണ്ടെങ്കില്‍ തന്നെ ഇതിനിടെ മറഞ്ഞിരിക്കുന്ന തട്ടിപ്പുകള്‍ പലപ്പോളും ആളുകള്‍ ശ്രദ്ധിക്കാതെ പോകുന്നുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കൂടിവരികയാണ്. ആളുകള്‍ ഡിജിറ്റലായതോടെ പണം സമ്പാദിക്കാന്‍ തട്ടിപ്പുകാര്‍ അവരുടേതായ പുതിയ വഴികളും കണ്ടെത്തി.
ആളുകളെ കബളിപ്പിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ മാര്‍ഗങ്ങളില്‍ ഒന്നാണ് ക്യുആര്‍ കോഡുകള്‍. ഒരു കടയുടമയ്ക്കോ സുഹൃത്തുക്കള്‍ക്കോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സേവനത്തിനോ ആയി പണമടയ്ക്കേണ്ടി വരുമ്പോള്‍ മാത്രമേ ക്യൂആര്‍ കോഡ് ഉപയോഗിക്കൂ. പണം സ്വീകരിക്കുന്നതിന് നിങ്ങള്‍ ഒരിക്കലും ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടതില്ല. എന്നാല്‍ ഇക്കാര്യം ചില ഉപയോക്താക്കള്‍ക്ക് ഇപ്പോഴും അറിയില്ല. ഇതാണ് തട്ടിപ്പുകാര്‍ മുതലാക്കുന്നത്.
ഉദാഹരണത്തിന് ഓണ്‍ലൈന്‍ വെബ്സൈറ്റുകളിലൂടെ ഒരു ഇനം വില്‍ക്കേണ്ടതുണ്ട്. അതിനായി നിങ്ങള്‍ വിവരങ്ങള്‍ പങ്ക് വയ്ക്കുമ്പോള്‍ സ്‌കാമര്‍മാര്‍ അതില്‍ താല്‍പര്യമുണ്ടെന്ന വ്യാജേന വാങ്ങുന്നയാളായി അഭിനയിക്കും. തുടര്‍ന്ന് ബാങ്ക് അക്കൗണ്ടില്‍ പണം ലഭിക്കുന്നതിന് ഗൂഗിള്‍ പേയോ മറ്റേതെങ്കിലും യുപിഐ അടിസ്ഥാനമാക്കിയുള്ള സേവനമോ ഉപയോഗിച്ച് കോഡ് സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് സ്‌കാമര്‍മാര്‍ വാട്‌സ്ആപ്പില്‍ ഒരു ക്യുആര്‍ കോഡ് നിങ്ങളുമായി പങ്കിട്ടേക്കാം. എന്നാല്‍ ഇവിടെയാണ് ചതി ഒളിഞ്ഞിരിക്കുന്നത്. നിങ്ങള്‍ പണം സ്വീകരിക്കുന്നതിന് പകരം സ്‌കാമര്‍ക്ക് നല്‍കേണ്ടിവരും.
അല്ലെങ്കില്‍ അവര്‍ നിങ്ങളുടെ സുഹൃത്തോ കുടുംബാംഗമോ ആണെന്ന വ്യാജേന പണം അയയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചേക്കാം. ഈ സാഹചര്യത്തില്‍, വാട്‌സ്ആപ്പില്‍ ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തതിന് ശേഷം നിങ്ങള്‍ ആദ്യം യുപിഐ ഐഡി പരിശോധിക്കുകയും പേയ്മെന്റ് നടത്തുന്നതിന് മുമ്പ് നിങ്ങളുടെ സുഹൃത്തുക്കളെ വിളിച്ച് സ്ഥിരീകരിക്കുകയും വേണം.
ഓണ്‍ലൈന്‍ പേയ്മെന്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാത്തവര്‍ ഇത്തരം കെണികളില്‍ വീഴുകയും പണം നഷ്ടപ്പെടുകയും ചെയ്യും. ആര്‍ക്കെങ്കിലും പണം നല്‍കേണ്ടിവരുമ്പോള്‍, വാട്‌സ്ആപ്പില്‍ ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തതിന് ശേഷം എല്ലായ്‌പ്പോഴും പേര് അല്ലെങ്കില്‍ യുപിഐ ഐഡി രണ്ടുതവണ പരിശോധിച്ച ശേഷം മാത്രം പണമടയ്ക്കണം.
തട്ടിപ്പുകാര്‍ക്ക് വാട്‌സ്ആപ്പിലൂടെ നിങ്ങള്‍ക്ക് ഒരു ക്യുആര്‍ കോഡ് അയക്കുകയും, യുപിഐ ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്യാനും എംപിഐഎന്‍ നല്‍കാനും ആവശ്യപ്പെടാം. അടിസ്ഥാനപരമായി നിങ്ങളുടെ ബാങ്കിങ്് ആപ്പിനായി നിങ്ങള്‍ സജ്ജമാക്കിയ മൊബൈല്‍ പിന്‍ ഇതാണ്.
കൂടാതെ ഒരു ക്യൂ കോഡ് ഉപയോഗിച്ച് ഏത് കോണ്‍ടാക്റ്റും സേവ് ചെയ്യാന്‍ വാട്‌സആപ്പ് അനുവദിക്കുന്നുണ്ട്. അതിനാല്‍ ക്യൂ ആര്‍ കോഡ് വിശ്വസിക്കുന്നവരുമായി മാത്രം പങ്കിടുക. അല്ലെങ്കില്‍ നിങ്ങളുടെ ക്യൂആര്‍ കോഡ് മറ്റുള്ളവരുമായി പങ്ക് വയ്ക്കപ്പെടുകയും, അവര്‍ക്ക് നിങ്ങളെ അവരുടെ കോണ്‍ഡാക്ടായി ചേര്‍ക്കാനും സാധിക്കും.
Read more
ആളുകളെ കബളിപ്പിക്കാന്‍ തട്ടിപ്പുകാര്‍ വ്യത്യസ്ത വഴികളിലൂടെയാണ് എത്തുന്നത് എന്ന് ഓര്‍മ്മിക്കുക. ഓണ്‍ലൈന്‍ പേയ്മെന്റുകളെക്കുറിച്ച് കൃത്യമായി അറിഞ്ഞ ശേഷം മാത്രം പണം ഇടപാട് നടത്തുക. തട്ടിപ്പുകാരുടെ കെണിയില്‍ വീഴാതിരിക്കാന്‍ ഇടപാട് നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.