കണ്ണില്ലെങ്കിലും ഇന്‍ഷ ജയിച്ചു; തെറ്റിച്ചതു കണ്ണുള്ള ഉദ്യോഗസ്ഥര്‍

കശ്മീര്‍ പ്രക്ഷോഭകര്‍ക്കു നേരെ സുരക്ഷാസേന പ്രയോഗിച്ച പെല്ലറ്റ് ഏറ്റ് അന്ധയായ ഇന്‍ഷ മുഷ്താഖ് പത്താം ക്ലാസ് പരീക്ഷ ജയിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ പിഴവുമൂലം മാര്‍ക്ക് കുറഞ്ഞു. കണക്കു പരീക്ഷയ്ക്ക് ഇന്‍ഷയ്ക്കു പൂജ്യം മാര്‍ക്കാണു രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കാഴ്ച നഷ്ടമായതിനാല്‍ പത്താം ക്ലാസില്‍ കണക്കിനു പകരം സംഗീതമാണ് ഇന്‍ഷ പഠിച്ചത്. മാര്‍ക്ക് ലിസ്റ്റിലെ പിഴവു തിരുത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജമ്മു-കശ്മീലെ പത്താം ക്ലാസ് പരീക്ഷയില്‍ 62% വിദ്യാര്‍ഥികളാണു വിജയിച്ചത്. 2016 ജൂലൈയില്‍ ഷോപ്പിയാനില്‍ കല്ലേറു നടത്തിയ പ്രക്ഷോഭകരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചു പൊലീസ് നേരിടുന്നതിനിടെയാണു വീടിന്റെ ജനാലയ്ക്കല്‍ നിന്ന ഇന്‍ഷയുടെ കണ്ണില്‍ പെല്ലറ്റ് തറച്ചത്. പ്രക്ഷോഭകരെ നേരിടാന്‍ സൈനികര്‍ യഥാര്‍ഥ വെടിയുണ്ടയ്ക്കു പകരം ഉപയോഗിക്കുന്നവയാണു പെല്ലറ്റുകള്‍.