"IFFK യുടെ കോലാഹലം കഴിഞ്ഞ ശേഷം ചിലതൊക്കെ പറയാമെന്ന് കരുതി...": മേളയിലെ ചലച്ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതികരണവുമായി എഴുത്തുകാരൻ സേതു

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാള സിനിമകൾ തിരഞ്ഞെടുത്തതിൽ നിയമലംഘനവും ക്രമക്കേടും പക്ഷപാതിത്വവും ആരോപിച്ച്‌ ഒരുപറ്റം സതന്ത്ര സിനിമ പ്രവർത്തകർ ചലച്ചിത്ര അക്കാദമിക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയുടെ വാദം കേൾക്കൽ ചലച്ചിത്ര മേള കഴിഞ്ഞിട്ടും കോടതിയിൽ തുടരുകയാണ്. പ്രശസ്ത എഴുത്തുകാരൻ സേതു മാധവന്റെ രചനയെ ആസ്പതപാക്കി നിർമ്മിച്ച “ജലസമാധി” എന്ന മലയാള ചിത്രത്തിന്റെ സംവിധായകൻ വേണു നായരും ചലച്ചിത്ര അക്കാദമിക്കെതിരെ പരാതി നൽകിയവരിൽ ഉൾപ്പെടുന്നു. “ജലസമാധി” എന്ന ചിത്രത്തിന് ഐ.എഫ്.എഫ്.കെയിൽ നിന്നും നേരിട്ട തിരസ്ക്കാരവും തന്റെ തന്നെ നോവലായ പാണ്ഡവപുരത്തെ ആസ്പദമാക്കി ആശിഷ് അവികുന്തക് സംവിധാനം ചെയ്ത നിരാകർ ഛായ എന്ന ചിത്രം ഐ.എഫ്.എഫ്.കെയിൽ നിന്നും തിരസ്കരിക്കപ്പെട്ട ഓർമ്മയും ഫേസ്ബുക്ക് കുറിപ്പിൽ പങ്ക് വച്ചിരിക്കുകയാണ് സേതു മാധവൻ.

സേതു മാധവന്റെ ഫേസ്ബുക്ക് കുറിപ്പ്:

IFFK യുടെ കോലാഹലം കഴിഞ്ഞ ശേഷം ചിലതൊക്കെ പറയാമെന്ന് കരുതി… ജലസമാധി എന്ന ചിത്രം തെരഞ്ഞെടുക്കപ്പെടാത്തതിൽ എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഒരു സിനിമാ ക്കാരൻ അല്ലാത്തത് കൊണ്ട് ഇതിൽ തർക്കിക്കാനും താത്പര്യമില്ല. എന്തായാലും ഒരു മുൻകാല അനുഭവം വച്ച് ഇതിൽ യാതൊരു അതിശയവും തോന്നിയതുമില്ല.
കുറെ വർഷങ്ങൾക്ക് മുമ്പ് എന്റെ പാണ്ഡവപുരത്തെ ആസ്പദമാക്കി ആശിഷ് avikuntak ഒരു ബംഗാളി സിനിമ എടുത്തിരുന്നു. ആ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ വായിച്ചു തന്റെ ഉറക്കം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞു അത് സിനിമയാക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു വിളിച്ചപ്പോൾ അത് ഒഴിവാക്കാൻ ആവുന്നത്ര ശ്രമിച്ചു. കാരണം അത് മലയാളത്തിലാക്കിയപ്പോഴുള്ള അനുഭവം അങ്ങിനെയായിരുന്നു. പക്ഷെ നോവലിനെ ആസ്പദമാക്കി ഒരു സ്വതന്ത്ര ആവിഷ്കാരമായാലോ എന്ന് ചോദിച്ചപ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല… ഇതിനിടയിൽ ഒരാഴ്ചക്കുള്ളിൽ ഇതിന്റെ ഇംഗ്ലീഷിലുള്ള വൺ ലൈൻ രൂപം മെയിലിൽ വന്നപ്പോൾ ഞാൻ അന്തം വിട്ടു പോയി. അതിന്റെ പുറകിലുള്ള ആഷിഷിന്റെ അർപ്പണ ബോധം എന്നെ കീഴ്‌പ്പെടുത്തി. പിന്നെയാണ് ആ ചെറുപ്പക്കാരനെപ്പറ്റി കൂടുതൽ മനസ്സിലാക്കിയത്. കൽക്കത്തയിൽ അമിത് ഗംഗാറിന്റെ നേതൃത്യത്തിലുള്ള നവ സിനിമയുടെയൊരു സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. പിന്നീട് അമേരിക്കയിലെ സ്റ്റാൻഫോർഡിൽ പഠിച്ചു ഒരു കോളേജിൽ ആർട്ടും തീയേറ്ററും പഠിപ്പിക്കാൻ തുടങ്ങി… ഞാൻ മുഴുവൻ സമ്മതം മൂളുന്നതിന് മുമ്പേ ഇംഗ്ലീഷിലുള്ള പൂർണ്ണമായ തിരക്കഥ എത്തി. നോവലിന്റെ ചട്ടക്കൂട് ആകെയൊന്ന് ഉടച്ചു വാർത്ത ആ രൂപത്തിൽ ഞാൻ വലിയൊരു കലാകാരനെ കണ്ടു. എന്റെ നോവലിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെയുള്ള ഒരു ട്രീറ്റ്മെന്റ് ആകാം എന്ന് ഞാൻ മറുപടി കൊടുത്തപ്പോൾ വികാരഭരിതനായ അദ്ദേഹം പറഞ്ഞത് ലോകത്തെ ഒരു എഴുത്തുകാരനും അങ്ങനെ പറയില്ലെന്നാണ്.
അങ്ങിനെ ആശിഷിന്റെയും ഭാര്യയുടെയും സ്റ്റൈപെൻഡ് മാത്രം വച്ചു ഷൂട്ടിംഗ് തുടങ്ങി. അത് കാണാൻ ഒരു ദിവസം കൽക്കത്തയിൽ പോയിരുന്നു. സേതു പാണ്ഡെ എന്ന ഇന്നത്തെ പ്രശസ്ത ബോളിവുഡ് ക്യാമറാമാനാണ് ക്യാമറ ചലിപ്പിച്ചത് ( അമീർഖാന്റെ ഡങ്കൽ ചെയ്തത് അദ്ദേഹമാണ് ) bandit queen ന്റെ സഹ എഡിറ്ററായ പങ്കജ് ഋഷിധീർ എഡിറ്റിംഗും ഒരു വിദേശ സംഗീതജ്ഞ സംഗീതവും ചെയ്തു. ഡോക്യുമെന്ററിയിൽ പ്രസിദ്ധനായ ആശിഷിന്റെ ആദ്യ ഫീച്ചർ പടത്തോട് സുഹൃത്തുക്കൾ സഹകരിക്കുകയായിരുന്നു. ലോക സിനിമയെപ്പറ്റി അസാമാന്യമായ അറിവുള്ള ഒരാളുടെ ശരിക്കും ഒരു പേഴ്സണലായ സിനിമ.
ഇത് കഴിഞ്ഞു ഇത് പ്രശസ്തമായ ലോകാർണോവിൽ പ്രീമിയർ ചെയ്തുവെന്ന് മാത്രമല്ല ഒട്ടേറെ വിദേശ ഫെസ്റ്റിവലുകളിൽ കാണിക്കുകയും ചെയ്തു. പോരാതെ ന്യൂയോർക്കിലെ ഇന്തോ അമേരിക്കൻ ഫെസ്റ്റിവലിൽ സംവിധാനത്തിനുള്ള അവാർഡ് പങ്കിട്ടുവെന്നു മാത്രമല്ല അതിലെ പ്രധാന വേഷം ചെയ്ത അറിയപ്പെടാത്ത ടീ വി നടിയായ മന്ദിരക്ക് പ്രധാന നടിയുടെ സമ്മാനവും കിട്ടി. (സ്വാഭാവികമായും അവിടത്തെ ജൂറിയിൽ ഒരൊറ്റ ഇന്ത്യക്കാരനും ഇല്ലായിരുന്നു !)

ഇതെല്ലാം കഴിഞ്ഞു നമ്മുടെ IFFK ക്ക് അയക്കാൻ ഞാനാണ് പറഞ്ഞത്. അവർ തിരസ്കരിച്ചപ്പോൾ ഞെട്ടിപ്പോയത് അതിന്റെ പുറകിൽ പ്രവർത്തിച്ചവരായിരുന്നു. ഇത് കഴിഞ്ഞു അതിന്റെ തിരക്കഥ തയ്യാറാക്കിയ moloy mukherjee എന്റെ വീട്ടിലും വന്നിരുന്നു. അപമാനിതനായ പോലെ അദ്ദേഹം തെല്ലൊരു ക്ഷോഭത്തോടെ സംസാരിച്ചപ്പോൾ ലോകാർണോവിനേക്കാൾ എത്രയോ മുകളിലാണ് നമ്മുടേതെന്ന് പറയേണ്ടി വന്നു.

(ആരോടും പരിഭവമില്ലാതെ)

Read more

https://www.facebook.com/sethu.madhavan.9003/posts/10220050665034439