'കുറച്ച് ബോധം വേണം; കാള പെറ്റത് വരെ സുരേന്ദ്രന്‍ പോസ്റ്റിടണമെന്നില്ല'; ബി.ജെ.പി അദ്ധ്യക്ഷന് എതിരെ പ്രവര്‍ത്തകര്‍

സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയമല്ലാത്ത പോസ്റ്റുകള്‍ ചെയ്യുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പ്രവര്‍ത്തകര്‍. അടുത്തിടെ നടന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റും കാന്താര സിനിമയെ പറ്റിയുള്ള റിവ്യൂവാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. ശരത്ത് ഇടത്തിലെന്ന പ്രവര്‍ത്തകനാണ് സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കോലി സിക്‌സടിച്ചതു മുതല്‍ അങ്ങോട്ട് കാള പെറ്റത് വരെ സുരേന്ദ്രന്‍ പോസ്റ്റിടണമെന്നില്ല. അതൊക്കെ ഞങ്ങള്‍ സാധാരണ പ്രവര്‍ത്തകര്‍ ചെയ്‌തോളാമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കഴിഞ്ഞപ്പോള്‍ കോലിയെയും ടീമിനെയും അഭിനന്ദിച്ച് ബിജെപി അധ്യക്ഷന്‍ ഫേസ്ബുക്കില്‍ എത്തിയിരുന്നു.

”സാഹചര്യം പ്രതികൂലമായിരുന്നു… എതിരാളികള്‍ കരുത്തരായിരുന്നു…. അയാള്‍ ഒറ്റക്കായിരുന്നു…. പക്ഷെ, ദൃഢനിശ്ചയവും ആത്മവിശ്വാസവും കൈമുതലാക്കി 90,000 കാണികളെ സാക്ഷിയാക്കി 140 കോടി ജനങ്ങളുള്ള രാജ്യത്തിന് വേണ്ടി അയാള്‍ പൊരുതി വിജയം നേടി.

വിരാട്, താങ്കള്‍ ക്രിക്കറ്റിലെ രാജാവ് തന്നെ. ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു ഇത്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന വിജയം നേടി തുടങ്ങിയ ടീം ഇന്ത്യയ്ക്കും, വിജയശില്‍പ്പി വിരാട് കോലിക്കും അഭിനന്ദനങ്ങള്‍…” എന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

തുടര്‍ന്ന് ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റായി ഓടുന്ന കാന്താര സിനിമ കണ്ടും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിരുന്നു. ”തുളുനാടിന്റെ സാംസ്‌കാരികത്തനിമ ഒപ്പിയെടുത്ത ഭക്തിയും വിശ്വാസവും ആചാരവും ഒപ്പം കമേഴ്‌സ്യല്‍ ചേരുവകളും. തെയ്യങ്ങള്‍, കോലങ്ങളുടേയും നേമങ്ങളുടേയും നാട്ടാചാരങ്ങളുടേയും വികാരതീവ്രത ഒട്ടും ചോരാതെ വര്‍ണ്ണങ്ങളില്‍ ചാലിച്ചെടുത്ത ഒന്നാന്തരം മൂവിയാണ് കാന്താര”- എന്നാസ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇതിനെതിരെയാണ് ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ ശരത്ത് രംഗത്തെത്തിയത്. അദേഹം ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട കെ. സുരേന്ദ്രാ ..

കോലി സിക്‌സടിച്ചതു മുതല്‍ അങ്ങോട്ട് കാള പെറ്റത് വരെ സുരേന്ദ്രന്‍ പോസ്റ്റിടണമെന്നില്ല. അതൊക്കെ ഞങ്ങള്‍ സാധാരണ പ്രവര്‍ത്തകര്‍ ചെയ്‌തോളാം.
ലഹരിക്കെതിരെ സമരവും, കഞ്ചാവടിച്ച് ഫൈറ്റ് ചെയ്യുന്ന സിനിമക്ക് വേണ്ടി പോസ്റ്റും.
കുറച്ച് ബോധം വേണം.

Read more

കാന്താര സിനിമയല്ല വിഷയം. അരിവിലയെക്കുറിച്ച്, വിഴിഞ്ഞം വിദേശ സഹായത്തെക്കുറിച്ച് സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചടക്കം പറയേണ്ടവര്‍ ലഹരിക്കെതിരെ കാട്ടി കൂട്ടല്‍ സമരവും പ്രഖ്യാപിച്ച് ഇത് പറയുന്നതാണ് അനൗചിത്യം.