മാപ്പ് പറയണം അല്ലെങ്കില്‍ അഞ്ച് കോടി; സല്‍മാന്‍ ഖാന് വധഭീഷണിയെത്തിയത് മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമില്‍

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയുടെ സംഘത്തില്‍ നിന്നുള്ളവരെന്ന് പരിചയപ്പെടുത്തിയ ശേഷമായിരുന്നു വധഭീഷണി ഉയര്‍ത്തിയത്. മുംബൈ പൊലീസ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.

സന്ദേശത്തില്‍ ഭീഷണിയെ കൂടാതെ മോചന ദ്രവ്യത്തെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. സല്‍മാന്‍ ഖാന് ജീവന്‍ നഷ്ടമാകാതിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പ് പറയണം അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണം എന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍ എന്ന് പരിചയപ്പെടുത്തിയാണ് സന്ദേശം ആരംഭിക്കുന്നത്.

ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരനാണ് സംസാരിക്കുന്നത്. സല്‍മാന്‍ ഖാന്‍ ജീവനോടെ ഇരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണം. അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണം. തങ്ങള്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ അയാളെ കൊലപ്പെടുത്തും. തങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണെന്നും സന്ദേശത്തില്‍ പറയുന്നു.

Read more

തിങ്കളാഴ്ച രാത്രിയെത്തിയ സന്ദേശത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഒക്ടോബര്‍ 30നും ഇത്തരത്തില്‍ സല്‍മാന്‍ ഖാനെതിരെ ഭീഷണി സന്ദേശം എത്തിയിരുന്നു.